കൊച്ചി
പ്രഥമ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡിന് കെനിയയിൽനിന്നുള്ള അന്ന ഖബാലെ ദുബ അർഹയായി. ദുബായിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പനാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്. 2,50,000 യുഎസ് ഡോളറാണ് (1.94 കോടിയോളം രൂപ) സമ്മാനത്തുക. ദുബായ് എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം അവാർഡ് സമ്മാനിച്ചു. മറ്റ് ഒമ്പത് ഫൈനലിസ്റ്റുകൾക്കുള്ള സമ്മാനത്തുകയും ചടങ്ങിൽ കൈമാറി.
184 രാജ്യങ്ങളിൽനിന്നായി 24,000 പേർ പങ്കെടുത്ത മത്സരത്തിൽ ഫൈനലിലെത്തിയ പത്തിൽ നാല് പേർ മലയാളികളാണ്. ഇരിങ്ങാലക്കുട സർക്കാർ ജനറൽ ആശുപത്രിയിലെ ലിൻസി പടിക്കാല ജോസഫാണ് ഒരാൾ. അമേരിക്കയിലുള്ള റേച്ചൽ എബ്രഹാം ജോസഫ്, യുഎഇയിലുള്ള ജാസ്മിൻ ഷറഫ്, ചണ്ഡീഗഡിലുള്ള മഞ്ചു ദണ്ഡപാണി എന്നിവരാണ് മറ്റ് മലയാളികൾ.
അവാർഡുദാനച്ചടങ്ങിൽ യുഎഇ ആരോഗ്യമന്ത്രിയും ഫെഡറൽ നാഷണൽ കൗൺസിൽ അഫേഴ്സ് മന്ത്രിയുമായ അബ്ദുൾറഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്, ഡോ. അമിൻ അൽ അമീരി, അവാദ് സഗീർ അൽ കെത്ബി, ഡോ. അമർ അഹമ്മദ് ഷെരീഫ്, ഖലീഫ ബിൻ ദ്രായി, ഡോ. താരിഖ് അൽ ഗുർഗ് തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..