22 August Thursday

കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച‌് 4 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019


കൊടുങ്ങല്ലൂർ
ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ‌് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച‌് രണ്ട‌് പിഞ്ചുകുട്ടികളടക്കം നാല‌് പേർ മരിച്ചു. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത 66ൽ പെരിഞ്ഞനം പഞ്ചായത്ത‌് ഓഫീസിന‌് തെക്ക‌് തിങ്കളാഴ‌്ച പകൽ 3.10നായിരുന്നു അപകടം.

കിഴക്കമ്പലം പള്ളിക്കര എരുമേലി ചിറ്റനാട് രാമകൃഷ്ണൻ (68), മകൾ കോട്ടയം ചങ്ങനാശേരി ഇത്തിത്താനം കല്ലുകടവ‌് പ്രശാന്ത‌് ഭവനിൽ പ്രമോദിന്റെ ഭാര്യ നിഷ(33), നിഷയുടെ മകൾ ദേവനന്ദ(മൂന്നര), നിഷയുടെ സഹോദരി ഷീനയുടേയും തൊടുപുഴ വഴിത്തല മാളിയേക്കൽ നിഷാന്തിന്റേയും മകൾ നിവേദിത(രണ്ട‌്) എന്നിവരാണ‌് മരിച്ചത‌്. നിഷയുടെ മകൻ അഭിദേവ‌്, ഭർത്താവ‌് പൊലീസ‌് ഉദ്യോഗസ്ഥനായ പ്രമോദ‌് എന്നിവർക്കാണ‌് പരിക്കേറ്റത‌്.  പ്രമോദിനെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലും അഭിദേവിനെ തൃശൂർ എലൈറ്റ‌് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കപ്പൽശാല മുൻ ജീവനക്കാരനാണ് രാമകൃഷ്ണൻ. ഭാര്യ നിർമല. മറ്റൊരു മകൾ: നിവ്യ. നിഷാന്തിന‌് ദുബായിലാണ‌് ജോലി. ഷീനയും ദുബായിലായിരുന്നു. ഇവർ പ്രസവത്തിനായി നാട്ടിലെത്തിയതാണ‌്. നാലുമാസം പ്രായമുള്ള ഇളയകുഞ്ഞുണ്ട്. ദുബായിലേക്ക‌് കുട്ടികളുമായി ഉടനെ മടങ്ങാനിരിക്കെയാണ് മൂത്ത കുഞ്ഞിന്റെ ദാരുണ മരണം.

ഞായറാഴ്ച നിഷയുടെ ഇളയ സഹോദരി നിവ്യയുടെ വിവാഹ നിശ്ചയമായിരുന്നു. ഇതിനുശേഷം തിങ്കളാഴ‌്ച പുലർച്ചെയാണ‌് ഗുരുവായൂർ ദർശനത്തിനായി മാരുതി ആൾട്ടോ കാറിൽ രാമകൃഷ‌്ണന്റെ വീട്ടിൽനിന്ന‌് കുടുംബാംഗങ്ങൾ പുറപ്പെട്ടത‌്. കാറുമായി കൂട്ടിയിടിച്ച ടാങ്കർ ലോറി ദേശീയപാതയോരത്തെ മതിൽ തകർത്താണ‌് നിന്നത‌്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്ന‌് കാർ വെട്ടിപ്പൊളിച്ചാണ‌് യാത്രക്കാരെ പുറത്തെടുത്തത‌്. പെരിഞ്ഞനം ലൈഫ‌്ഗാർഡും എടതിരിഞ്ഞി ലൈഫ‌് ഗാർഡും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

രാമകൃഷ‌്ണൻ, നിഷ, ദേവനന്ദ എന്നിവരുടെ മൃതദേഹം കൊടുങ്ങല്ലൂർ മേഡേൺ ആശുപത്രിയിലും നിവേദിതയുടെ മൃതദേഹം തൃശൂർ എലൈറ്റ‌് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിട്ടുണ്ട‌്. സംസ‌്കാരം പിന്നീട‌്. കോട്ടയം എസ‌്‌പി ഓഫീസിലെ സിവിൽ പൊലീസ് ഓഫീസറായ പ്രമോദ‌് ആണ‌് കാർ ഓടിച്ചിരുന്നത‌്. കയ‌്പമംഗലം മതിലകം പൊലീസും സന്നദ്ധ പ്രവർത്തകരും ആശുപത്രിയിലെത്തി. അപകടവിവരമറിഞ്ഞ‌് നൂറുകണക്കിന‌്പേർ മോഡേൺ ആശുപത്രിയിലെത്തി.


പ്രധാന വാർത്തകൾ
 Top