25 June Tuesday

കലയും രാഷ്ട്രീയവും വിരുദ്ധ ലോകങ്ങളാണെന്ന ചിന്ത ശരിയല്ല: സുനിൽ പി ഇളയിടം

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019


കൊച്ചി
കലയും രാഷ്ട്രീയവും വിരുദ്ധ ലോകങ്ങളാണെന്ന ചിന്ത ശരിയല്ലെന്ന് സുനിൽ പി ഇളയിടം. നവോത്ഥാന സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച  എബ്രഹാം മാടമക്കൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യകാലത്ത് രാഷ്ട്രീയവും കലയും ഒരുമിച്ച് കൊണ്ടുപോകുന്ന വ്യക്തികളുണ്ടായിരുന്നു. എന്നാലിപ്പോൾ കലയും രാഷ്ട്രീയവും വിരുദ്ധ ലോകങ്ങളാണെന്ന ചിന്ത വേരുപിടിക്കുകയാണ്. ഈ ചിന്ത സാമൂഹിക ജീർണതയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേസരി ബാലകൃഷ്ണപിള്ള തിരുവിതാംകൂർ യൂത്ത് ലീഗിൽ നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ, സൗന്ദര്യാത്മക ബോധം ആർജിക്കാത്തയാൾക്ക് രാഷ്ട്രീയമായി ആധുനികനാകാൻ കഴിയില്ലെന്ന് പറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കലയും രാഷ്ട്രീയവും ആത്മീയ ബോധവും നീതി എന്ന ഒറ്റ ബിന്ദു ലക്ഷ്യമാക്കിയുള്ളതാണ്. അപരത്വത്തിലേക്കുള്ള കരുതലാണ് നീതി. നാം അല്ലാത്തതിലേക്കുള്ള വിനിമയമാണ് കലയെന്നും അദ്ദേഹം പറഞ്ഞു. നൈതികമാനം നഷ്ടപ്പെട്ടാൽ രാഷ്ട്രീയം സാങ്കേതികവും ഔപചാരികവും ആയി മാറും. തന്റെ കാലത്തിന്റെ വൈരുദ്ധ്യങ്ങളുടെ നടുവിൽനിന്ന് വൈരുദ്ധ്യങ്ങളെ എഴുത്തിലൂടെ തുറന്നുവിടുകയാണ് മികച്ച കല ചെയ്യുന്നത്. അത്തരത്തിൽ കല കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ് എബ്രഹാം മടമാക്കലെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാന സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ എബ്രഹാം മാടമാക്കൽ പുരസ്കാരം പ്രഭാവർമയ്ക്ക് മുതിർന്ന സിപിഐ എം നേതാവ് എം എം ലോറൻസ് സമ്മാനിച്ചു.   കവിതയുടെ ഒറ്റക്കണ്ണിലൂടെ മാത്രം സമൂഹത്തെ നോക്കിക്കാണാൻ കഴിയില്ലയെന്നത് കൊണ്ടാകാം എബ്രഹാം മാടമാക്കൽ കവിതയിൽനിന്ന് അകന്നതെന്ന‌്  പ്രഭാവർമ പറഞ്ഞു. മുഴക്കോൽ കൊണ്ട് ഗുണഗണങ്ങൾ അളന്നു തീർക്കാനാകാത്ത വ്യക്തിത്വങ്ങളുണ്ട്. അത്തരത്തിലൊരാളാണ് എബ്രഹാം മാടമാക്കലെന്നും അദ്ദേഹം പറഞ്ഞു.

എബ്രഹാം മാടമാക്കലിന്റെ സഹോദരനും സിപിഐ എം മുതിർന്ന നേതാവുമായ എം എം ലോറൻസായിരുന്നു ചടങ്ങിലെ അധ്യക്ഷൻ. എബ്രഹാം മാടമാക്കൽ അനുസ്മരണ പ്രഭാഷണവും അദ്ദേഹം നടത്തി. മുതിർന്ന കോൺഗ്രസ് നേതാവ് കെ എം ഐ മേത്തർ, കലാഭവൻ ഡയറക്ടർ അലി അക്ബർ, അഡ്വ. മജ്‌നു കോമത്ത്, നവോത്ഥാന സാംസ്കാരിക കേന്ദ്രം സെക്രട്ടറി കെ എം ശരത്ചന്ദ്രൻ , ട്രഷറർ ഹെൻട്രി ഷാജൻ, തെന്നൽ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top