24 February Monday

ആ സ്‌നേഹത്തിനും സർക്കാരിന്റെ കരുതൽ ; സാമൂഹ്യനീതി വകുപ്പിന്റെ സ്‌നേഹ സമ്മാനം പരിണയം പദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020


സ്വന്തം ലേഖകൻ
ഭിന്നശേഷി കുറവായി കാണാതെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നവർക്ക്‌ സർക്കാരിന്റെ സ്‌നേഹ സമ്മാനം.  സാമൂഹ്യനീതി വകുപ്പിന്റെ പരിണയം പദ്ധതിപ്രകാരമാണ്‌ ഇത്‌. നിശ്ചിത തുക ഇൻസെന്റീവായി നൽകും.

കുടുംബത്തിന്‌ സർക്കാരിന്റെ കരുതൽ എന്നതിനൊപ്പം ഇത്തരം വിവാഹം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഈ ഉദ്യമം. വിവാഹം കഴിഞ്ഞ്‌ നിശ്ചിത കാലയളവ്‌ ഒരുമിച്ച്‌ കഴിഞ്ഞവർക്കാകും അപേക്ഷിക്കാൻ അർഹത. വരുമാനപരിധിയുമുണ്ടാകും. നിലവിൽ ‘പരിണയം’ പദ്ധതിയിലൂടെ ഭിന്നശേഷിക്കാരായ വനിതകൾക്കും ശാരീരിക പരിമിതിയുള്ളവരുടെ പെൺമക്കൾക്കും 30,000 രൂപയാണ്‌ സാമ്പത്തികസഹായം നൽകുന്നത്‌. കുറഞ്ഞത്‌ ഇതേ തുകയെങ്കിലും ഇവരെ വിവാഹം ചെയ്‌തവർക്കും ലഭ്യമാക്കും.  ആദ്യഘട്ടം ഒരു ജില്ലയിൽ 20 പേർ എന്ന ക്രമത്തിൽ സംസ്ഥാനത്താകെ 280 പേർക്ക്‌ ഇൻസെന്റീവ്‌ നൽകാനാണ്‌ ഉദ്ദേശിക്കുന്നത്‌.

ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക്‌ അന്തിമരൂപം ആകുന്നതോടെ മാത്രമേ ഇതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാകൂ. ഇതിനുപുറമെ ഭിന്നശേഷിക്കാരായ സ്‌ത്രീകളുടെ പുനർവിവാഹത്തിനും പരിണയം പദ്ധതിയിലൂടെ സഹായം നൽകാൻ ആലോചനയുണ്ട്‌. 2018–-19ൽ  736 പേർക്ക്‌ സഹായം ലഭിച്ചു. 19–-20ൽ 1.80 കോടി രൂപ നീക്കിവച്ചതിൽ ഭൂരിഭാഗവും ചെലവഴിച്ചു. ശേഷിക്കുന്നവർക്ക്‌ ഉടൻ നൽകും. 10,000 രൂപയുണ്ടായിരുന്ന ആനുകൂല്യം എൽഡിഎഫ്‌ സർക്കാരാണ്‌ 30,000 രൂപയായി ഉയർത്തിയത്‌.


പ്രധാന വാർത്തകൾ
 Top