24 February Monday

തസ്‌തിക അംഗീകരിക്കൽ : കെഇആർ ഭേദഗതി നടപടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020


സ്വന്തം ലേഖകൻ
അധ്യാപകതസ്‌തിക അംഗീകാരത്തിനുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിനായി കേരള വിദ്യഭ്യാസ ചട്ടങ്ങൾ (കെഇആർ) ഭേദഗതി ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചു. ബജറ്റ്‌ പ്രസംഗത്തിലെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ധനവകുപ്പിൽനിന്നാണ്‌ നടപടി തുടങ്ങിയത്‌. അധ്യാപക തസ്‌തിക അനുവദിക്കുന്നതിനുള്ള അധികാരം നിലവിൽ ഉപജില്ലാ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കാണ്‌. ഇത്‌ സെക്രട്ടറിതലത്തിലേക്ക്‌ ഉയർത്തും.  ഇതിനുള്ള  നിർദേശങ്ങൾ വിദ്യാഭ്യാസവകുപ്പ്‌  സമർപ്പിക്കും.  തുടർന്ന്‌ നിയമ ഭേദഗതി നിർദേശങ്ങൾ മന്ത്രിസഭയുടെ പരിഗണനയ്‌ക്കായി സമർപ്പിക്കും.

സർക്കാരിന്റെ അറിവോ പരിശോധനയോ ഇല്ലാതെ അധ്യാപകതസ്‌തിക സൃഷ്ടിക്കുന്നത്‌ തുടരാനാകില്ലെന്ന്‌ ധനമന്ത്രി ബജറ്റ്‌ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ 18,119 തസ്‌തിക സൃഷ്ടിച്ചതായാണ്‌ കണക്ക്‌. 13,255 പേർ സംരക്ഷിത അധ്യാപകരായും  (പ്രൊട്ടക്‌ടഡ്‌ ടീച്ചേഴ്‌സ്‌) തുടരുന്നു. 

വിദ്യാഭ്യാസവകാശ നിയമത്തെ തുടർന്ന്‌ അധ്യാപക–-വിദ്യാഭ്യാസ അനുപാതം ലോവർ പ്രൈമറി സ്‌കൂളിൽ ഒരു അധ്യാപകന്‌ 45 കുട്ടികളിൽനിന്ന്‌ 30 കുട്ടികളായി കുറച്ചു. അപ്പർ പ്രൈമറിയിൽ ഇത്‌ 35 ആക്കി. ഈ അനുപാതത്തേക്കാൾ ഒരു കൂട്ടി കൂടുതലുണ്ടെങ്കിൽ പുതിയ തസ്‌തിക സൃഷ്ടിക്കാമെന്ന വ്യാഖ്യാനവുമുണ്ടായി.  ഉപജില്ലാതലത്തിൽ എഇഒ അംഗീകരിച്ചാൽ തസ്‌തികയായി. ഇതുസംബന്ധിച്ച അനേകം പരാതികളും സർക്കാരിന്‌ ലഭിച്ചു. തുടർന്നാണ്‌ സർക്കാർ അറിഞ്ഞേ തസ്‌തിക സൃഷ്ടിക്കാവൂവെന്ന വ്യവസ്ഥ കൊണ്ടുവരാൻ തീരുമാനിച്ചത്‌.  അതേസമയം പുതിയ തസ്‌തികനിർണയത്തിന്‌ കുട്ടികളുടെ എണ്ണം നിജപ്പെടുത്തി ധനവകുപ്പ്‌ നിർദേശം നൽകിയെന്ന വാർത്ത വിദ്യാഭ്യാസവകുപ്പ്‌ നിഷേധിച്ചു.


പ്രധാന വാർത്തകൾ
 Top