29 February Saturday

വിമാനത്താവള യാത്രികനെ തട്ടിക്കൊണ്ടുപോയി മർദിച്ച്‌ പണം കവർന്നു; സംഘാംഗം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020


കൊണ്ടോട്ടി
കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങി മറ്റൊരു യാത്രക്കാരനൊപ്പം ഓട്ടോയിൽ കോഴിക്കോട്ടേക്ക്‌ യാത്രചെയ്യുകയായിരുന്ന കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദിച്ച്‌ പണം കവർന്ന കേസിൽ ഒരാൾ പിടിയിൽ.  ഒമ്പതംഗ കവർച്ചാ സംഘത്തിലെ പരപ്പനങ്ങാടി നെടുവ ചെറമംഗലം മുസ്ലിയാർ വീട്ടിൽ റഷീദാണ്‌ (33)  പ്രത്യേക അന്വേഷകസംഘത്തിന്റെ വലയിലായത്. കവർച്ചക്ക് ഉപയോഗിച്ച റഷീദിന്റെ ക്രൂയിസർ വാഹനവും പിടിച്ചെടുത്തു. 

കഴിഞ്ഞ എട്ടിനായിരുന്നു കേസിനാസ്‌പദമായ  സംഭവം. പുലർച്ചെ 4.30നാണ്‌ കർണാടക സ്വദേശി വിമാനമിറങ്ങിയത്‌. പുറത്തിറങ്ങി മറ്റൊരു യാത്രക്കാരനെയും കൂട്ടി ഓട്ടോയിൽ ഫറോക്ക്‌ റെയിൽവേ സ്റ്റേഷനിലേക്ക് യാത്രതിരിച്ചു.  കൊട്ടപ്പുറത്തിനുസമീപം ബൈക്കിലും ക്രൂയിസർ വാഹനത്തിലും എത്തിയ കവർച്ചസംഘം ഓട്ടോ തടഞ്ഞു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവർ മുളകുപൊടി സ്പ്രേ ചെയ്ത് പരാതിക്കാരനെ തട്ടിക്കൊണ്ടുപോയി. തുടർന്ന്‌ ഇയാളുടെ എടിഎം കാർഡ് ഉപയോഗിച്ച് 30,000 രൂപ കൈക്കലാക്കി. വിദേശ കറൻസികളും എടുത്തു. കടലുണ്ടി പാലത്തിനുസമീപം കൊണ്ടുപോയി മർദിച്ച് പീഡനത്തിന് ഇരയാക്കിയശേഷം തേഞ്ഞിപ്പലം ഹൈവേയിൽ ഉപേക്ഷിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. 

ജില്ലാ പോലീസ് മേധാവിയാണ്‌ പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചത്‌. അന്വേഷണത്തിൽ 40–-ഓളം സിസിടിവി ക്യാമറകൾ നിരീക്ഷിച്ചു. ഇതോടെയാണ്‌ ഹൈവേ കവർച്ചസംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. വ്യാഴാഴ്‌ച രാത്രി പരപ്പനങ്ങാടിയിലാണ്‌ പ്രതി വലയിലായത്‌. കൂട്ടുപ്രതികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top