30 September Wednesday

യാത്രകളുടെ അത്ഭുതലോകം കൺമുന്നിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020


കൊച്ചി
‘യാത്ര; എഴുത്തിന്റെ പുതുസാധ്യതകൾ’ എന്ന വിഷയത്തിൽ കൃതി പുസ്‌തകോത്സവത്തിൽ നടന്ന ചർച്ച യാത്രാവിവരണമെന്ന സാഹിത്യ മേഖലയെക്കുറിച്ചുള്ള പങ്കുവയ്ക്കലിന്റെ വേദിയായി. സഞ്ചാരസാഹിത്യ രംഗത്ത് നിരവധി സംഭാവനകൾ നൽകിയ കെ ബി പ്രസന്നകുമാർ, സി വി ബാലകൃഷ്ണൻ, വി മുസഫർ അഹമ്മദ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

തന്റെ ആത്മീയ യാത്രകൾ ഹിമാലയത്തിലേക്കോ ജറുസലേമിലേക്കോ അല്ല, തിരക്കൊഴിയാത്ത നഗരങ്ങളിലേക്കുള്ളതാണെന്ന്‌ സി വി ബാലകൃഷ്ണൻ പറഞ്ഞു. ഏതു കണ്ണോടുകൂടി യാത്രചെയ്യുന്നു എന്നതാണ് മുഖ്യം. സാന്ദ്രവും ആസ്വാദ്യകരമായതുമായ ഭാഷയിൽ എങ്ങനെ എഴുതാമെന്നതു തന്നെയാണ് യാത്രാ എഴുത്തിലെ വെല്ലുവിളിയെന്നും സി വി ബാലകൃഷ്ണൻ പറഞ്ഞു.

സ്ത്രീകളുടെയും ട്രാൻസ്ജെൻഡേഴ്‌സിന്റെയും യാത്രകൾ പുരുഷന്മാരിൽനിന്നു വ്യത്യസ്തമാണെന്ന്‌ എഴുത്തുകാരൻ മുസഫർ അഹമ്മദ് പറഞ്ഞു. ആണുങ്ങൾക്കുള്ള സംഗതി എന്ന രീതിയിലാണ് യാത്രാവിവരങ്ങളെക്കുറിച്ചുള്ള സങ്കൽപ്പം. എന്നാൽ, സങ്കൽപ്പങ്ങളെയും ലിംഗപരമായ ധാരണകളെയും മാറ്റി എഴുതുന്നതാണ് പുതിയ യാത്ര. സ്ത്രീകൾ ധാരാളമായി യാത്രചെയ്യുന്നു, അതിനെക്കുറിച്ച് എഴുതുന്നു. സാഹിത്യത്തിൽ സംഭവിച്ചതുപോലെതന്നെ പുരുഷന്‌ മനസ്സിലാക്കാനാകാത്ത ഒരു ലോകം അവർ കണ്ടെത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

90 വർഷംമുമ്പ്‌ ഇറങ്ങിയ ഹിമഗിരിവിഹാരത്തെ അതിശയിക്കുന്ന യാത്രാവിവരണങ്ങൾ മലയാളത്തിൽ അപൂർവമായേ സംഭവിച്ചിട്ടുള്ളൂവെന്ന് ചർച്ചയിൽ മോഡറേറ്ററായ കെ ബി പ്രസന്നകുമാർ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top