30 September Wednesday

ജനറൽ ആശുപത്രി ഉടൻ ‘സൂൂൂ...പ്പറാകും’

ആർ ഹേമലതUpdated: Friday Feb 14, 2020



കൊച്ചി
സ്വകാര്യ ആശുപത്രികളോട്‌ കിടപിടിക്കുന്ന ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാരിലേക്ക്‌ എത്തിക്കാൻ തയ്യാറെടുത്ത്‌ എറണാകുളം ജനറൽ ആശുപത്രി. കിഫ്‌ബിവഴി ലഭിച്ച 76 കോടി രൂപ ചെലവിൽ ജൂലൈയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിങ് പൂർത്തിയാകുന്നതോടെ നഗരഹൃദയത്തിൽ കുറഞ്ഞചെലവിൽ വിദഗ്‌ധ ചികിത്സ ലഭ്യമാകും. സംസ്ഥാനത്തെ ജനറൽ ആശുപത്രികളിൽ ആദ്യത്തെ സൂപ്പർ സ്‌പെഷ്യാലിറ്റി വിങ്ങാണ്‌ പൂർത്തിയാകുന്നത്‌.

ന്യൂറോ മെഡിസിൻ–- സർജറി, കാർഡിയോളജി, ഓങ്കോ മെഡിസിൻ–- സർജറി, നെഫ്രോളജി, യൂറോളജി, പ്ലാസ്‌റ്റിക്‌ സർജറി എന്നീ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ഇപ്പോഴുണ്ട്‌. സ്ഥലപരിമിതിക്ക്‌ പരിഹാരമാണ്‌ സൂപ്പർ സ്‌പെഷ്യാലിറ്റി വിങ്ങെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. എ അനിത പറഞ്ഞു. ഏഴുനിലകളുള്ള സമുച്ചയം പണിയുന്നതും ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതും ഇൻകെലാണ്‌. ഒരുനില മുഴുവനായും ഓപ്പറേഷൻ തിയറ്ററുകളായിരിക്കും. ആധുനിക സംവിധാനങ്ങളോടുകൂടിയ അഞ്ച്‌ ഓപ്പറേഷൻ തിയറ്ററുകളാണ്‌ പ്രവർത്തനസജ്ജമാകുന്നത്‌. ഒരുനില തീവ്രപരിചരണ വിഭാഗത്തിനായിരിക്കും. മറ്റൊരു നിലയിൽ വിവിധ ഒപി വിഭാഗം. പേ വാർഡ്‌, വാർഡുകൾ എന്നിവയും അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കും.

നൂറ്‌ കോടിയിലധികം രൂപ ചെലവിൽ സ്‌മാർട്ട്‌ ആശുപത്രി പദ്ധതി പ്രവർത്തനങ്ങളും ത്വരിതഗതിയിൽ നടക്കുന്നു. കൊച്ചി സ്‌മാർട്ട്‌ മിഷൻ ലിമിറ്റഡ്‌ ആശുപത്രിക്കായി ചെലവഴിക്കുന്നത്‌ 30 കോടി രൂപയാണ്‌. 25 കോടി രൂപ ചെലവഴിച്ച്‌ പൂർത്തിയാക്കുന്ന ക്യാൻസർ അനക്‌സാണ്‌ ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്‌. ഇ–-ഹെൽത്ത്‌ പ്രോജക്‌ടിനായി ചെലവഴിക്കുന്നത്‌ 3.76 കോടി രൂപയാണ്‌.  കെൽട്രോണാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിനായി കേബിളുകൾ സ്ഥാപിച്ചു. ഹൈസ്‌പീഡ്‌ ഇന്റർനെറ്റ്‌ സംവിധാനവും എല്ലാ വാർഡുകളിലും വൈഫൈയും ഉണ്ടാകും. ഇതോടെ ആശുപത്രി റെക്കോഡുകൾ പൂർണമായും ഡിജിറ്റലൈസ്‌ ചെയ്യും. 40 ലക്ഷം രൂപ ചെലവഴിച്ച്‌ നിർമിക്കുന്ന സോളാർ പദ്ധതിയും അവസാനഘട്ടത്തിലാണ്‌. അത്യാഹിത വിഭാഗത്തിനു മുകളിൽ സ്ഥാപിച്ച സോളാർ പാനലുകളിൽനിന്ന്‌ അധികം വൈകാതെ വൈദ്യുതി ഉൽപ്പാദിപ്പിച്ചുതുടങ്ങും. 70 കിലോവാട്ട്‌ വൈദ്യുതിയാണ്‌ ലക്ഷ്യം.

2.5 കോടി രൂപ ചെലവഴിച്ച്‌ ബേൺ യൂണിറ്റും ബിപിസിഎലിന്റെ സിഎസ്‌ആർ ഫണ്ടായ 50 ലക്ഷം രൂപ ഉപയോഗിച്ച്‌ ട്രോമാ കെയറും സജ്ജമാകുന്നു. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ സിഎസ്‌ആർ ഫണ്ടായ 85 ലക്ഷം രൂപ ഉപയോഗിച്ച്‌ സർജറി, ഓർത്തോ, ഇഎൻടി വിഭാഗങ്ങളിൽ നവീകരണം നടക്കുന്നു. ജോൺ ഫെർണാണ്ടസ്‌ എംഎൽഎയുടെ ഫണ്ടിൽനിന്ന്‌ 31 ലക്ഷം രൂപ ഉപകരണങ്ങൾക്കായി നൽകി. ബിപിസിഎൽ, കനിവ്‌ പാലിയേറ്റീവ്‌ ക്ലിനിക്‌ എന്നിവയുടെ രണ്ട്‌ ആംബുലൻസുകളുണ്ട്‌. രണ്ട്‌ ബോട്ട്‌ ആംബുലൻസുകൾ തയ്യാറായിവരുന്നു.  മുതിർന്ന പൗരന്മാർക്കായി 1.98 കോടി രൂപ ചെലവഴിച്ച്‌  ‘എൽഡർലി ബ്ലോക്കും’ നിർമിക്കുന്നുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top