അഭിമാനനേട്ടവുമായി അത്യാഹിത വിഭാഗം ; തിരുവനന്തപുരം മെഡിക്കൽ കോളേജിന് കേന്ദ്ര പുരസ്‌കാരം
തിരുവനന്തപുരം
രാജ്യത്തെ എണ്ണംപറഞ്ഞ ആശുപത്രികൾക്കൊപ്പം അഭിമാനനേട്ടം സ്വന്തമാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. അത്യാഹിത വിഭാഗങ്ങളിലെ മികവിന്റെ കേന്ദ്രത്തെ കണ്ടെത്താനുള്ള നിതി ആയോഗ് -–-ഐസിഎംആർ പഠനം തെരഞ്ഞെടുത്ത അഞ്ച് മെഡിക്കൽ കോളേജിൽ ഒന്നായി തിരുവനന്തപുരം. നേട്ടത്തിന്റെ അടിസ്ഥാനത്തിൽ ഓരോ വർഷവും രണ്ടുകോടി രൂപ വീതം ലഭിക്കും. ആദ്യമായാണ് കേരളത്തിൽ നിന്നൊരു മെഡിക്കൽ കോളേജ് ഈ നേട്ടം കൈവരിക്കുന്നത്. എസ്എടി ആശുപത്രിയെ അപൂർവ രോഗങ്ങളുടെ മികവിന്റെ കേന്ദ്രമായി നേരത്തെ കേന്ദ്രസർക്കാർ ഉയർത്തിയിരുന്നു.
അത്യാധുനിക സൗകര്യമായ ട്രയാജ് സംവിധാനത്തോടെ പുതിയ അത്യാഹിത വിഭാഗം 2021ലാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്. ചെസ്റ്റ് പെയിൻ ക്ലിനിക്, സ്‌ട്രോക്ക് ഹോട്ട്‌ലൈൻ, പരിശോധനാ സംവിധാനം, രോഗീ സൗഹൃദ അന്തരീക്ഷം എന്നിവ ഉറപ്പാക്കി. സീനിയർ ഡോക്‌ടർമാരുടെ സേവനവും എപ്പോഴുമുണ്ട്. എയിംസ്, ലോകാരോഗ്യ സംഘടനാ പ്രതിനിധികളും ഇവിടം സന്ദർശിച്ച് അഭിനന്ദനമറിയിച്ചിരുന്നു. മാസ്റ്റർപ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 717 കോടിയുടെ വികസന പ്രവർത്തനം നടക്കുന്നുമുണ്ട്.
0 comments