13 August Thursday

കേന്ദ്ര സർവകലാശാലയിൽ ദളിത് പഠനത്തിന് വിലക്ക് ; തടയിട്ടത്‌ സർവകലാശാലയിലെ സവർണ ലോബി

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019


കാസർകോട്
കേന്ദ്ര കേരള സർവകലാശാലയിൽ ദളിത് ചിന്തകളുടെ പഠനം  വിലക്കിയതായി പരാതി. ബി ആർ  അംബേദ്‌കർ ഉൾപ്പെടെയുള്ളവരുടെ ലേഖനങ്ങൾ  പഠിക്കുന്നതിനാണ്‌ ഗവേഷക വിദ്യാർഥികൾക്ക്‌ സർവകലാശാലയിലെ സവർണ ലോബി തടയിട്ടത്‌.

സിലബസിനുപുറമേ ഇലക്ടീവ്‌  കോഴ്‌സായി ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കാനുള്ള അവകാശം വിദ്യാർഥികൾക്കുണ്ട്‌. സർവകലാശാലയിലെ ആറംഗ ഫാക്കൽറ്റിയാണ്  പഠനവിഷയങ്ങൾ വിഭാവനംചെയ്യേണ്ടത്.   അതനുസരിച്ച്‌ പ്രൊഫ. എം ദാസൻ  ഇംഗ്ലീഷ് ആൻഡ്‌ കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗം തലവനായിരുന്ന ഘട്ടത്തിലുണ്ടായിരുന്ന  ദളിത്‌ സ്‌റ്റഡീസിന്റെ പുതുക്കിയ സിലബസ്‌ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രസാദ് പന്ന്യൻ മുന്നോട്ടുവച്ചു. കഴിഞ്ഞ ജൂലൈയിൽ  ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ ഈ സിലബസ്‌ അംഗീകരിച്ചതുമാണ്‌. ഡിസംബർ 16വരെ കുട്ടികൾക്ക്‌ ദളിത്‌ പഠനത്തിന്‌ ചേരാൻ അവസരമുണ്ടായിരുന്നു. എന്നാൽ, താൽക്കാലികമായി വകുപ്പ് മേധാവിയുടെ ചുമതല വഹിക്കുന്നയാളുടെ നേതൃത്വത്തിൽ അവസാന നിമിഷം  ദളിത് പഠനം ഒഴിവാക്കി മറ്റു വിഷയങ്ങൾ തിരുകിക്കയറ്റിയെന്നാണ്‌ ആരോപണം.

ഇതിനെതിരെ പ്രസാദ് പന്ന്യൻ പരാതിപ്പെട്ടപ്പോൾ സർവകലാശാലാ അധികൃതർ ഒഴിഞ്ഞുമാറി. തുടർന്ന്‌ വൈസ് ചാൻസലർക്ക് പരാതി നൽകിയിരിക്കുകയാണ്‌. ദളിത് പ്രക്ഷോഭങ്ങൾ പഠിക്കുന്നത് കേന്ദ്ര സർക്കാരിനെതിരെയുള്ള ആശ പ്രചാരണമായി മാറുമെന്ന്‌ സംഘപരിവാർ അനുഭാവമുള്ള ഉന്നതരുടെ ഭീതിയാണ്‌  വിലക്കിനുപിന്നിലെന്നാണ്‌ വിദ്യാർഥികൾ പറയുന്നത്. പഠന വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ജനാധിപത്യം വേണമെന്ന സർവകലാശാലാ നിയമത്തിന്‌  വിരുദ്ധമാണിത്‌.

ബി ആർ അംബേദ്കറുടെ ‘ജാതി നിർമാർജനം’, റാവത്ത് ആൻഡ് സത്യനാരായണയുടെ ‘ദളിത് പഠനത്തിന് ആമുഖം’, ടി എം യേശുദാസന്റെ  ‘ദളിത് പഠനത്തെക്കുറിച്ച്’, ഗോപാൽ ഗുരുവും സുന്ദർ സരൂക്കായും ചേർന്നെഴുതിയ ‘ക്രാക്ക്ഡ്  മിറർ’ എന്ന പുസ്തകത്തിലെ അധ്യായങ്ങൾ, ഡി ആർ നാഗരാജിന്റെ ദളിത് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ, ശർമിള റഗേയുടെ ലേഖനങ്ങൾ, കാഞ്ച എലയ്യയുടെ ‘എന്റെ അസത്യാന്വേഷണ പരീക്ഷണങ്ങൾ’,  ആനന്ദ് തെൽതുംദെയുടെ ‘ജാതി: ചരിത്രപരമായ രൂപരേഖ’ തുടങ്ങിയവയും കേരളത്തിൽനിന്നുള്ള  കെ കെ കൊച്ച്, കെ കെ ബാബുരാജ്, സണ്ണി കപിക്കാട്, രേഖ രാജ്, സനൽ മോഹൻ എന്നിവരുടെ ലേഖനങ്ങളുമടക്കം  പഠിക്കാനുള്ള അവസരമാണ്‌  സവർണലോബി നിഷേധിച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top