14 December Saturday
ഐടി പ്രശ്‌നങ്ങളുടെ സമ്പൂർണ പരിഹാര ഏജൻസിയായി നിയമിച്ചതും ഉമ്മൻചാണ്ടി

ഊരാളുങ്കൽ : ഉമ്മൻചാണ്ടി നൽകിയത്‌ 1050 കോടിയുടെ പദ്ധതി

വിജേഷ്‌ ചൂടൽUpdated: Wednesday Nov 13, 2019


പ്രതിപക്ഷം ആരോപണമുനയിൽ നിർത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്‌ കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ നൽകിയത്‌ 1050 കോടി രൂപയുടെ പദ്ധതികൾ. ഏറ്റെടുത്ത പദ്ധതികളെല്ലാം കൃത്യമായി നടപ്പാക്കാനും ഊരാളുങ്കലിനായി. സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ സമ്പൂർണ പരിഹാര ഏജൻസിയായി (ടോട്ടൽ സൊല്യൂഷൻ പ്രെൈവഡർ) ഊരാളുങ്കൽ സൊസൈറ്റിയെ നിയമിച്ചതും ഉമ്മൻചാണ്ടി സർക്കാരാണ്‌. ഇക്കാര്യങ്ങളെല്ലാം വിസ്‌മരിച്ചാണ്‌ ഊരാളുങ്കലിനെ മറയാക്കി സർക്കാരിനെ അടിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത്‌.


 

150 കോടി രൂപയുടെ കോഴിക്കോട്‌ ബൈപാസ്‌ പദ്ധതി 18 മാസം കൊണ്ടാണ്‌ ഊരാളുങ്കൽ പൂർത്തിയാക്കി ഉദ്‌ഘാടനംചെയ്‌തത്‌. രാമനാട്ടുകര, തൊണ്ടയാട്‌ ഫ്‌ളൈഓവറുകളും പൂർത്തിയാക്കി. വലിയഴിക്കൽ പാലം, നാടുകാണി–-പരപ്പനങ്ങാടി റോഡ്‌, കണ്ണൂർ ഹിൽ ഹൈവേ പദ്ധതികളുടെ നിർമാണപ്രവൃത്തി അന്തിമഘട്ടത്തിലാണ്‌. 

2016 ജനുവരി 18ന്‌ ഉമ്മൻചാണ്ടി സർക്കാരിലെ ഐടി വകുപ്പ്‌ അഡീഷണൽ സെക്രട്ടറി സുഭാഷ്‌ ജോൺ മാത്യു ഇറക്കിയ ഉത്തരവിൽ പറയുന്നത്‌ വിവരസാങ്കേതികവിദ്യാരംഗത്ത്‌ എല്ലാ ആവശ്യങ്ങൾക്കും ആശ്രയിക്കാവുന്ന വിശ്വസ്‌തതയുള്ള സംഘമാണ്‌ ഊരാളുങ്കലെന്നാണ്‌. ഐടി, ഐടിഇഎസ്‌ (ഇൻഫർമേഷൻ ടെക്‌നോളജി എനേബിൾഡ്‌ സർവീസ്‌) മേഖലയിലെ എല്ലാ ആവശ്യങ്ങൾക്കും ആശ്രയിക്കാവുന്ന സംഘമാണിതെന്ന്‌ ഉത്തരവിലുണ്ട്‌.

ടെൻഡർ ഇല്ലാതെ തന്നെ നേരിട്ട്‌ പ്രവൃത്തികൾ ഏറ്റെടുക്കാൻ അർഹത, അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ രൂപകൽപ്പനയിലും ആസൂത്രണത്തിലുമുള്ള  വൈദഗ്ധ്യം, ഇ–-ഗവേണൻസ്‌, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലയിൽ പ്രശ്‌നപരിഹാരത്തിനുള്ള ശക്തമായ ഐടി വിഭാഗം, സഹകരണ മേഖലയിൽ ആദ്യ ഐടി പാർക്ക്‌ സ്ഥാപിച്ച സ്ഥാപനം തുടങ്ങിയ വസ്‌തുതകളെല്ലാം ശരിയാണെന്ന്‌ അന്നത്തെ ഉത്തരവിൽ പറയുന്നു.


പ്രധാന വാർത്തകൾ
 Top