14 December Saturday

കൊച്ചി കോർപറേഷൻ : ആരു വാണാലും മേയർ വീഴും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019


കൊച്ചി
ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണ്‌ ബുധനാഴ്‌ച കോർപറേഷൻ കൗൺസിലിൽ നടക്കുന്നതെങ്കിലും ചർച്ചകൾ മുഴുവൻ സൗമിനി ജെയിനിനെ മേയർസ്ഥാനത്തുനിന്ന്‌ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ്‌. വിഷയത്തിൽ യുഡിഎഫ്‌ കൗൺസിലർമാർക്കിടയിൽ ഭിന്നതയുണ്ടെങ്കിലും  ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ സൗമിനി ജെയിൻ മേയർസ്ഥാനത്തുണ്ടാകില്ലെന്ന സൂചനയാണ്‌ കോൺഗ്രസ്‌ നേതൃത്വം നൽകിയിട്ടുള്ളത്‌. സാങ്കേതികമായി യുഡിഎഫിന്‌ ഭൂരിപക്ഷമില്ലാത്ത കൗൺസിലിൽ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്‌ എങ്ങനെ കലാശിച്ചാലും സൗമിനി ജെയിൻ മേയർക്കസേര ഒഴിയേണ്ടിവരുമെന്നു ചുരുക്കം.

എറണാകുളം ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞ ഉടൻ മേയറെ നീക്കാനുള്ള അരങ്ങൊരുങ്ങിയതാണ്‌. മണ്ഡലത്തിൽ ചരിത്രത്തിലെ ഏറ്റവും ദയനീയ പ്രകടനമാണ്‌ കോൺഗ്രസ്‌ നടത്തിയത്‌. കോർപറേഷനിലെ ഭരണപരാജയമാണ്‌ അതിനു കാരണമായതെന്ന്‌ നേതാക്കൾ പരസ്യമായി പറഞ്ഞു. ഹൈബി ഈഡൻ എംപിയുമായി മേയർ പരസ്യമായി കൊമ്പുകോർത്തപ്പോൾ, യുഡിഎഫ്‌ കൺവീനർ ബെന്നി ബഹനാനും വി ഡി സതീശൻ എംഎൽഎയും മുൻമന്ത്രി കെ ബാബുവും മേയർക്കെതിരെ രംഗത്തുവന്നു. മേയറെ നീക്കാൻ കെപിസിസി അംഗീകാരംകൂടി കിട്ടിയാൽ മതിയെന്നിരിക്കെയാണ്‌ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന്‌ തീയതി പ്രഖ്യാപിച്ചത്‌.

13നുമുമ്പ്‌ മേയറെ നീക്കിയാൽ തെരഞ്ഞെടുപ്പിൽ ഗുരുതര അടിയൊഴുക്കുണ്ടാകുമെന്ന്‌ നേതൃത്വം കണക്കുകൂട്ടി. അതുവരെ ക്ഷമിക്കാനും ജില്ലാ നേതൃത്വത്തോട്‌ ആവശ്യപ്പെട്ടു. ഇതിനിടെ തന്നെ അനുകൂലിക്കുന്ന സ്വതന്ത്ര അംഗത്തെക്കൊണ്ട്‌ യുഡിഎഫിനുള്ള പിന്തുണ പിൻവലിപ്പിച്ച്‌ നേതൃത്വത്തെ സമ്മർദത്തിലാക്കാൻ മേയർ ശ്രമിച്ചു. അതോടെ സാങ്കേതികമായി കൗൺസിലിൽ യുഡിഎഫിന്‌ ഭൂരിപക്ഷം നഷ്‌ടമായി. രണ്ട്‌ ബിജെപി അംഗങ്ങളെക്കൂടി ചേർത്താൽ പ്രതിപക്ഷത്ത്‌ നിലവിൽ ഒരംഗം കൂടുതലാണ്‌. നേരത്തെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്ന ബിജെപി ബുധനാഴ്‌ച എന്തു നിലപാടെടുക്കുമെന്നത്‌ പ്രധാനമാണ്‌. അവർ വോട്ട്‌ ചെയ്‌തില്ലെങ്കിൽ സ്വതന്ത്ര അംഗത്തിന്റെ പിന്തുണയില്ലാതെയും രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്‌ ജയിക്കാം. അല്ലാത്തപക്ഷം പിന്തുണ പിൻവലിച്ച അംഗത്തിന്റെ നിലപാട്‌ പ്രധാനമാകും.  

നഗരഭരണം ഒരുവർഷം മാത്രം ശേഷിക്കെ മേയറെ മാറ്റേണ്ടതില്ലെന്ന്‌ കെപിസിസിയിൽ അഭിപ്രായപ്പെട്ട കെ വി തോമസ്‌ മാത്രമാണ്‌ നിലവിൽ സൗമിനിക്കൊപ്പമുള്ളത്‌. നേരത്തെ പിന്തുണയറിയിച്ച വനിതാ കൗൺസിലർമാർ ആ നിലപാട്‌ തിരുത്തി. രഹസ്യമായി മേയർക്കൊപ്പംനിന്ന എ ഗ്രൂപ്പ്‌ നേതാക്കളിൽ ചിലരും അവസാനനിമിഷം ചുവടുമാറ്റി.  ഉപതെരഞ്ഞെടുപ്പിനുശേഷം ചേർന്ന രണ്ട്‌ കൗൺസിലിലും മേയർ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. പ്രതിപക്ഷത്തിന്റെ കടന്നാക്രമണത്തിൽ മേയറെ പിന്തുണച്ച്‌ ഭരണപക്ഷത്തെ കൗൺസിലർമാർ ആരും രംഗത്തുവന്നില്ല. സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റാണ്‌ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതെന്ന്‌ സാന്ദർഭികമായി സൗമിനി ജെയിൻ ഓർമിപ്പിക്കുകയും ചെയ്‌തു.


പ്രധാന വാർത്തകൾ
 Top