08 December Sunday

ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്‌ ഇന്ന്‌ : പ്രതിപക്ഷത്ത്‌ ഒരംഗം കൂടി; ചങ്കിടിച്ച്‌ യുഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019


കൊച്ചി
കൊച്ചി കോർപറേഷനിൽ യുഡിഎഫ്‌ ഭരണസമിതിയുടെ ചങ്കിടിപ്പേറ്റി ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്‌ ബുധനാഴ്‌ച പകൽ 11ന്‌ നടക്കും. മേയർ സൗമിനി ജെയിനെ നീക്കുന്നതുമായി ബന്ധപ്പെട്ട്‌ ഭരണപക്ഷത്ത്‌ ഭിന്നത രൂക്ഷമായിരിക്കെ രണ്ടുപേരുടെ മാത്രം ഭൂരിപക്ഷമുള്ള കൗൺസിലിൽ  ഡെപ്യുട്ടി മേയർ സ്ഥാനം നിലനിർത്താനാകുമോ എന്ന ആശങ്കയിലാണ്‌ യുഡിഎഫ്‌ നേതൃത്വം. കോണം ഡിവിഷനിലെ ഐ വിഭാഗം കൗൺസിലർ കെ ആർ പ്രേമകുമാറാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. പ്രതിപക്ഷനേതാവ്‌ കെ ജെ ആന്റണിയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി.

എൽഡിഎഫും ബിജെപിയും അടക്കം പ്രതിപക്ഷത്ത്‌ ഭരണപക്ഷത്തേക്കാൾ ഒരംഗം കൂടുതലുണ്ട്‌. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണ ഇല്ലാതായതോടെയാണ്‌ യുഡിഎഫ്‌ ഭരണസമിതിക്ക്‌ ഭൂരിപക്ഷം നഷ്‌ടമായത്‌.  ടി ജെ വിനോദ്‌ ഉപതെരഞ്ഞെടുപ്പിൽ നിയമസഭാംഗമായതോടെയാണ്‌ ഡെപ്യൂട്ടി മേയർസ്ഥാനത്ത്‌ ഒഴിവുണ്ടായത്‌. വിനോദ്‌ രാജിവച്ചതോടെ കൗൺസിലിൽ 73 അംഗങ്ങളാണുള്ളത്‌. സ്വതന്ത്ര അംഗം ഗീതാ പ്രഭാകരന്റേതുൾപ്പെടെ യുഡിഎഫിന്‌  37 അംഗങ്ങളുടെ പിന്തുണയാണുണ്ടായിരുന്നത്‌. മേയറെ മാറ്റുന്ന പ്രശ്‌നത്തിൽ ഗീതാ പ്രഭാകരൻ യുഡിഎഫിനുള്ള പിന്തുണ പിൻവലിച്ചു. ഇതോടെ അംഗബലം 36 ആയി കുറഞ്ഞു. കോൺഗ്രസിന്‌ 33 കൗൺസിലർമാരും മുസ്ലിംലീഗിന്‌ രണ്ടും കേരള കോൺഗ്രസ്‌ എമ്മിന്‌ ഒന്നും അംഗങ്ങളാണുള്ളത്‌.

എൽഡിഎഫിന്‌ 34 അംഗങ്ങളുടെ പിന്തുണയുണ്ട്‌. സിപിഐ എമ്മിന്‌ 28ഉം സിപിഐക്ക്‌ രണ്ടും ജനതാദൾ, കോൺഗ്രസ്‌ എസ്‌, റെഡ്‌ ഫ്ലാഗ്‌, എൻസിപി എന്നിവർക്ക്‌ ഓരോ അംഗങ്ങളുമുണ്ട്‌. ബിജെപിക്ക്‌ രണ്ട്‌ അംഗങ്ങളാണുള്ളത്‌. യുഡിഎഫും എൽഡിഎഫുമായി നിലവിൽ രണ്ട്‌ അംഗങ്ങളുടെ വ്യത്യാസമാണുള്ളതെങ്കിലും ബിജെപിയുടെ പിന്തുണയില്ലാത്തതിനാൽ സാങ്കേതികമായി യുഡിഎഫിന്‌ കൗൺസിലിൽ ഭൂരിപക്ഷമില്ല.

കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾക്ക്‌ തുല്യഅംഗബലമാണുള്ളതെങ്കിലും മേയർ സ്ഥാനം എ ഗ്രൂപ്പിനും ഡെപ്യൂട്ടി മേയർ സ്ഥാനം ഐ ഗ്രുപ്പിനുമാണ്‌ പങ്കുവച്ചിട്ടുള്ളത്‌. മേയറെ മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ എ ഗ്രൂപ്പിലെ ഒരു വിഭാഗം സൗമിനി ജെയിനൊപ്പമാണ്‌. എന്നാൽ ഐ ഗ്രൂപ്പ്‌ പരസ്യമായി തന്നെ സൗമിനി വിരുദ്ധപക്ഷത്താണ്‌. സൗമിനിയെ മേയർസ്ഥാനത്തുനിന്നു നീക്കുന്ന കാര്യത്തിൽ നേതൃത്വത്തിൽനിന്ന്‌ വ്യക്തമായ ഉറപ്പൊന്നും കിട്ടാത്ത സാഹചര്യത്തിൽ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ എന്തു സംഭവിക്കുമെന്നത്‌ പ്രവചനാതീതമാണ്‌. കലക്ടർ എസ്‌ സുഹാസാണ്‌ വരണാധികാരി.

കെ ജെ ആന്റണി എൽഡിഎഫ്‌ സ്ഥാനാർഥി
കൊച്ചി

കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി പ്രതിപക്ഷനേതാവ്‌ കെ ജെ ആന്റണി മത്സരിക്കും. ചൊവ്വാഴ്‌ച ചേർന്ന പാർലന്റെറി പാർടി യോഗത്തിലാണ്‌ സ്ഥാനാർഥിയെ തീരുമാനിച്ചത്‌. 

പശ്‌ചിമകൊച്ചിയിലെ നസ്രത്ത്‌ ഡിവിഷൻ കൗൺസിലറാണ്‌ കെ ജെ ആന്റണി. സിപിഐ എം കൊച്ചി ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ്‌ പ്രസിഡന്റുമാണ്‌.


പ്രധാന വാർത്തകൾ
 Top