13 December Friday

കിഫ്ബി സിഎജി പരിശോധനയ്‌ക്കു വിധേയം ; രണ്ടു തവണ ഓഡിറ്റ് നടന്നു : ധനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019



സ്വന്തം ലേഖകൻ
കിഫ്ബിയുടെ പ്രവർത്തനങ്ങളെല്ലാം കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിന്റെ (സി ആൻഡ്‌ എജി) ഓഡിറ്റിനു വിധേയമാണെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ വ്യക്തമാക്കി.  ഇതിനകം രണ്ടു തവണ കിഫ്‌ബി കണക്കുകൾ  സിഎജി ഓഡിറ്റ് ചെയ്‌തുകഴിഞ്ഞു.  ഓഡിറ്റ് സമ്പൂർണവും സമഗ്രവുമാണ്. ഇത്‌ സിഎജി  വ്യക്തമാക്കിയിട്ടുണ്ടെന്ന്‌ വാർത്താസമ്മേളനത്തിൽ ധനമന്ത്രി പറഞ്ഞു.

വകുപ്പ് 14(1) പ്രകാരമുള്ള ഓഡിറ്റ് മൂന്ന് വ്യവസ്ഥകൾക്കു വിധേയമാണ്. ഓഡിറ്റിന് തടസ്സമാകുന്ന ഒരു വ്യവസ്ഥയും കിഫ്ബി നിയമത്തിലോ മറ്റു നിയമങ്ങളിലോ ഇല്ല.    കിഫ്ബി നിയമപ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് സിഎജിയുടെ വകുപ്പ് 14(1) പ്രകാരമുള്ള ഓഡിറ്റിന് വിഘാതമല്ല. ഇക്കാര്യം സിഎജിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രതികരണത്തിൽത്തന്നെ വ്യക്തമാക്കുന്നു. സ്ഥാപനത്തിന്‌ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ഉണ്ടെങ്കിലും വകുപ്പ്‌ 14(1) പ്രകാരമുള്ള സിഎജി ഓഡിറ്റ് പരമോന്നതവും സമ്പൂർണവുമാണെന്ന് വ്യക്തം.

കിഫ്ബിക്ക് ലഭിക്കുന്ന സർക്കാർ ഗ്രാന്റ് അതിന്റെ ആകെ ചെലവിന്റെ 75 ശതമാനത്തേക്കാൾ ഏറെ താഴെയായാൽ 14(1)ന്റെ ഓഡിറ്റിന്റെ പരിധിയിൽനിന്നും പുറത്തുപോകില്ലേ എന്ന പ്രതിപക്ഷ വാദം നിലനിൽക്കില്ല.   വരുന്ന രണ്ടു വർഷം 14(1) പ്രകാരമുള്ള ഓഡിറ്റ് തടസ്സപ്പെടില്ല. രണ്ടു വർഷം കഴിഞ്ഞാൽ വകുപ്പ് 14(2) പ്രകാരം സർക്കാരിന്റെ അനുമതിയോടെ ഓഡിറ്റ്‌ നടത്താൻ സിഎജിയെ അധികാരപ്പെടുത്തുന്നുണ്ട്‌.

ഏതെങ്കിലും നിയമവ്യവസ്ഥ പ്രകാരം സിഎജി ഓഡിറ്റ് ബാധകമല്ലാത്ത സ്ഥാപനങ്ങളുടെ ഓഡിറ്റിനുവേണ്ടി സർക്കാരിനെ സമീപിക്കുന്നതിനുള്ള വകുപ്പാണ് 20(2).  കിഫ്ബിയുടെ കാര്യത്തിൽ 14(1) വകുപ്പ് പ്രകാരം സകല വരവു-ചെലവു കണക്കും സിഎജി ഓഡിറ്റിനു വിധേയമാണ്. അവർ അത് ചെയ്യുന്നുമുണ്ട്. 20(2) കിഫ്ബിക്കു ബാധകമേയല്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

നാഷണൽ ഡെയ്‌റി ഡെവലപ്‌മെന്റ് ബോർഡിന്റെ ഓഡിറ്റുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതി വകുപ്പ്14(1) പ്രകാരമുള്ള ഓഡിറ്റിന്റെ സമഗ്രതയും സമ്പൂർണതയും വ്യക്തമാക്കിയിട്ടുണ്ട്. വകുപ്പ് 14 പ്രകാരമുള്ള ഓഡിറ്റ്, 20 പ്രകാരമുള്ള ഓഡിറ്റിനേക്കാൾ വിപുലവും സമഗ്രവുമാണെന്നാണ് കോടതിയുടെ വിലയിരുത്തൽ. 

ഓഡിറ്റുമായി ബന്ധപ്പെടുത്തി സിഎജി സർക്കാരിന് എഴുതിയ കത്തിന്‌ നിയമവ്യവസ്ഥകളും ചൂണ്ടിക്കാട്ടി മറുപടി നൽകിയിട്ടുണ്ട്. സിഎജി ഓഡിറ്റിന് പരിധിയോ പരിമിതിയോ ഇല്ലെന്നും ഒരു തടസ്സവുമില്ലെന്നും സർക്കാർ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

കിയാലിന്‌ സിഎജി ഓഡിറ്റ്‌ ബാധകമല്ല
തിരുവനന്തപുരം
പുതിയ കേന്ദ്ര കമ്പനി നിയമപ്രകാരം കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലിന്‌ (കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്‌ ലിമിറ്റഡ്‌) സിഎജി ഓഡിറ്റ് ബാധകമല്ലെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു.

1956ലെ കമ്പനി നിയമത്തിലെ 619 (ബി) വ്യവസ്ഥ പ്രകാരം, സർക്കാർ നിയന്ത്രണത്തിലുള്ള കോർപറേഷനുകളുടെ ഓഹരിനിക്ഷേപം കണക്കാക്കിയാണ് ഒരു കമ്പനി സർക്കാർ കമ്പനിയാണോയെന്ന്‌ നിശ്ചയിച്ചിരുന്നത്. 2017ലെ പുതിയ കമ്പനി നിയമത്തിൽഇതിന്‌ സമാനമായ വകുപ്പ് ചേർത്തിട്ടില്ല. ഇതുമൂലം സർക്കാരിന്റെ നേരിട്ടുള്ള ഓഹരിവിഹിതം 50 ശതമാനം ഉണ്ടെങ്കിൽ മാത്രമേ സർക്കാർ കമ്പനിയെന്ന ഗണത്തിൽ ഒരു കമ്പനി പെടുകയുള്ളൂ. കിയാൽ ആ ഗണത്തിൽ വരുന്നില്ല.

പുതിയ കമ്പനി നിയമത്തിലെ 139 (5) വകുപ്പ് പ്രകാരം സർക്കാരിനു നിയന്ത്രണമുള്ള കമ്പനികളിലും സിഎജി ഓഡിറ്റ് ബാധകമാണ്. കമ്പനിയിൽ നയപരമായ തീരുമാനം എടുക്കാനുള്ള അധികാരം സർക്കാരിന്‌ ലഭ്യമാകുമ്പോഴാണ് സർക്കാർ നിയന്ത്രണമെന്നത് കൈവരുന്നത്. കിയാലിൽ ഇത്‌ സാധുവല്ല–-ധനമന്ത്രി വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top