23 November Monday

വിധി വിനയായി ; ഐ ഫോണ്‍ സമ്മാനവും സിബിഐക്ക്‌ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020


ലൈഫ് മിഷൻ കേസിലെ ഹൈക്കോടതിയുടെ ഇടക്കാല വിധിയോടെ സിബിഐക്ക് ഇനി അന്വേഷിക്കാൻ കഴിയുക പ്രതിപക്ഷനേതാവ്‌ ചെന്നിത്തലയ്‌ക്കായി  ഐ ഫോൺ വാങ്ങിനൽകിയതടക്കമുള്ള കാര്യങ്ങൾ. രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ സമ്മാനിക്കാൻ  ഐ ഫോൺ വാങ്ങി നൽകിയിരുന്നുവെന്ന്‌‌ യൂണിടാക്‌ ഉടമ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
ഇതടക്കം യൂണിടാക് ഉടമ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഉന്നയിച്ച ആരോപണങ്ങൾ സിബിഐക്ക് അന്വേഷിക്കാം എന്നാണ്‌ ജസ്റ്റിസ് വി ജി അരുണിന്റെ ഇടക്കാല വിധിയിൽ പറയുന്നത്.

ലൈഫ്മിഷനും കരാറുകാരും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കി സിബിഐ അന്വേഷണം സ്റ്റേ ചെയ്ത വിധിയിൽ സന്തോഷ്‌ ഈപ്പനെതിരായ അന്വേഷണം കോടതി വിലക്കുന്നില്ല. കരാറുകാരായ യൂണിടാക്കിന്റെ മാനേജിങ്‌ ഡയറക്ടർ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കും മറ്റ് ചിലർക്കും പണം നൽകിയതായി കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. പണം നൽകിയത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ നിരോധനമുള്ള ഗണത്തിൽപ്പെട്ട രാഷ്ട്രീയ പാർടികൾക്കോ സർക്കാർ ഉദ്യോഗസ്ഥർക്കോ ആണെങ്കിൽ അന്വേഷിക്കേണ്ടതുണ്ട്. വിദേശത്തുനിന്ന്‌ ലഭിക്കുന്ന പണം നിരോധിത പട്ടികയിലുള്ളവർക്ക് നൽകുന്നത് കുറ്റകൃത്യമാണ്–- വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

കോൺസുലേറ്റിൽനിന്ന് തുടർന്നും കരാറുകൾ കിട്ടാനായി കോൺസുലേറ്റ് ജനറലിന് നൽകാനെന്ന പേരിൽ സ്വപ്ന സുരേഷ് ആവശ്യപ്പെട്ടപ്രകാരം  20 ലക്ഷം രൂപ നൽകിയെന്നും സന്തോഷ്‌ ഈപ്പൻ  സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. പിന്നീട് മൂന്നുകോടി 80 ലക്ഷം രൂപ അമേരിക്കൻ ഡോളർ ആക്കി കോൺസുലേറ്റിൽ ജോലി ചെയ്യുന്ന ഈജിപ്ത് പൗരനായ ഖാലിദിന് കൈമാറിയതായും  പറയുന്നുണ്ട്‌. സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഇസോമോ എന്ന കമ്പനിയുടെ പേരിൽ  68 ലക്ഷം രൂപ മാറ്റിയതായും പറയുന്നുണ്ട്. ഇവിടെത്തന്നെയാണ് രമേശ്‌ ചെന്നിത്തലയ്ക്ക് കൊടുത്തതടക്കം അഞ്ച് ഐ ഫോൺ വാങ്ങിയതായി സന്തോഷ് ഈപ്പൻ  പറഞ്ഞത്.പദ്ധതി മുന്നോട്ടുപോകുന്നത് തടയാൻ കേസുമായിറങ്ങിയ പ്രതിപക്ഷത്തിനുകൂടി വിനയാകുംവിധമാണ് ഇടക്കാല ഉത്തരവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top