12 November Tuesday

കോൺഗ്രസും ബിജെപിയും ഇരട്ടകൾ: കോടിയേരി ബാലക‌ൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019


സ്വന്തം ലേഖകൻ
ബിജെപിയുടെ തീവ്രവർഗീയതയും കോൺഗ്രസിന്റെ മൃദുഹിന്ദുത്വവും ഒന്നായി മാറിയ കാലമാണിതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‌ൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവരെ പരസ്‌പരം തിരിച്ചറിയാൻ പോലും പറ്റാതായി. ബിജെപിയുടെ വർഗീയ നയങ്ങളെ കോൺഗ്രസ‌് എതിർക്കുന്നില്ലെന്ന്‌ മാത്രമല്ല, അവയ്‌ക്ക്‌  പിന്തുണയും നൽകുന്നു.

ഉപതെരഞ്ഞെടുപ്പിൽ വർഗീയതയും മതേതരത്വവും തമ്മിലുള്ള പോരാട്ടമാണ‌് നടക്കുന്നത്‌. ഒരുവശത്ത‌് യുഡിഎഫിന്റെയും ബിജെപിയുടെയും വർഗീയ പ്രചാരണം. മറുവശത്ത‌് ആർഎസ‌്എസ‌് നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന‌് ഏക ബദലായ കേരളത്തിലെ ഇടതുപക്ഷം. അയോധ്യയിൽ രാമക്ഷേത്രം പണിയണമെന്ന‌് പ്രഖ്യാപിച്ചത‌് തിരുവനന്തപുരത്തെ കോൺഗ്രസ‌് എംപി ശശി തരൂരാണ‌്. കശ്‌മീരിന‌് പ്രത്യേകപദവി വേണ്ടെന്നും അദ്ദേഹം പറഞ്ഞു. വഖഫ‌് ബോർഡിനുള്ള സംസ്ഥാന സർക്കാരിന്റെ സഹായം നിർത്തണണമെന്നും ക്രൈസ്‌തവ സ്ഥാപനങ്ങളെ സഹായിക്കരുതെന്നും തരൂർ ആവശ്യപ്പെട്ടു.

ഈ വർഗീയ നിലപാടുകൾക്കെതിരെ കോൺഗ്രസ‌് ചെറുവിരൽ പോലും അനക്കിയില്ല. എതിർത്തു സംസാരിച്ച കെ മുരളീധരനെ പന്നി എന്നാണ‌് തരൂർ വിളിച്ചത‌്. എന്നിട്ടും പ്രതികരിക്കാൻ കോൺഗ്രസ‌് നേത‌ൃത്വം തയ്യാറായില്ല. പാർലമെന്റിൽ ബിജെപിയുടെ നയങ്ങളെ അവർ എതിർക്കുന്നില്ല. കേരളത്തിൽ നിന്ന‌് ജയിച്ചുപോയ രാഹുൽ ഗാന്ധി പാർലമെന്റിൽ നിഷ്‌ക്രിയമാണ‌്. പാർലമെന്റിൽ നടന്ന 21 വൊട്ടെടുപ്പുകളിൽ ഒന്നിൽ മാത്രമാണ‌് രാഹുൽ സർക്കാരിനെതിരെ വോട്ടുചെയ്‌തത‌്.

കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ നോക്കിയപ്പോൾ പിഎസ‌്സി പരീക്ഷയ്‌ക്ക്‌ മലയാളം ചോദ്യപേപ്പർ നൽകാൻ തീരുമാനിച്ചാണ‌് കേരള സർക്കാർ പ്രതികരിച്ചത‌്.  ജനാധിപത്യവും മതനിരപേക്ഷതയും വ്യക്തി സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന ഇടതുപക്ഷ സർക്കാർ  ശക്തിപ്പെടേണ്ടതുണ്ടെന്ന‌് കേരളം തിരിച്ചറിഞ്ഞിട്ടുണ്ട‌്. ഇതിന്റെ ഉദാഹരണമാണ‌് പാലയിൽ എൽഡിഎഫ‌് നേടിയ ഉജ്വല വിജയമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top