15 October Tuesday

പ്രവർത്തനലാഭത്തിൽ കൊച്ചി മെട്രോ മുന്നിൽ ; യാത്രികരുടെ എണ്ണത്തിലും വരുമാനത്തിലും വർധന

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019


കൊച്ചി
സർവീസ്‌ ആരംഭിച്ച്‌ കുറഞ്ഞ കാലത്തിനുള്ളിൽ പ്രവർത്തന ലാഭത്തിലെത്തുന്ന ആദ്യ മെട്രോ എന്ന റെക്കോഡ്‌ കൊച്ചിക്ക്‌ സ്വന്തം. യാത്രക്കാരുടെ എണ്ണത്തിലും മറ്റു വരുമാനത്തിലും വർധനയുണ്ടാക്കിയാണ്‌ കൊച്ചി മെട്രോ പ്രവർത്തനലാഭം നേടുന്നത്‌.  ചെലവുകൾ കഴിച്ചുള്ള പ്രതിദിനവരുമാനം രണ്ട്‌ മുതൽ മൂന്ന്‌ ലക്ഷം രൂപയായി. ഏപ്രിൽമുതൽ ഒരു ലക്ഷം രൂപയുടെ പ്രവർത്തനലാഭമുണ്ടായിരുന്നു. ഇത്‌ നിലനിർത്താനും പടിപടിയായി വർധിപ്പിക്കാനുമുള്ള ശ്രമത്തിലായിരുന്നു കൊച്ചി മെട്രോ റെയിൽ കോർപറേഷൻ (കെഎംആർഎൽ).
സെപ്‌തംബർ മൂന്നുമുതൽ തൈക്കൂടംവരെ സർവീസ്‌ നീട്ടിയശേഷം യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുതിപ്പുണ്ടായി. നോർത്ത്‌, സൗത്ത്‌ റെയിൽവേ സ്‌റ്റേഷനുകളും വൈറ്റില മൊബിലിറ്റി ഹബ്ബും മെട്രോയുടെ ഭാഗമായതോടെയാണ്‌ ഇത്‌ സാധ്യമായത്‌.

ഓണത്തോടനുബന്ധിച്ച്‌ ടിക്കറ്റ്‌ നിരക്കുകളിൽ ഏർപ്പെടുത്തിയ കിഴിവും കൂടുതൽ പേരെ ആകർഷിച്ചു. രണ്ടാഴ്‌ച മെട്രോയിലെ യാത്രക്കാരുടെ എണ്ണം പ്രതിദിനം ശരാശരി 77,000ന്‌ മുകളിലായി.  പ്രതിദിന യാത്രക്കാരുടെ എണ്ണം കഴിഞ്ഞദിവസം ഒരു ലക്ഷത്തിനു മുകളിലെത്തി. വരുംദിവസങ്ങളിൽ കൂടുതൽപേർ മെട്രോയെ ആശ്രയിക്കുമെന്നാണ്‌ കെഎംആർഎൽ കണക്കുകൂട്ടുന്നത്‌.

ടിക്കറ്റ്‌നിരക്ക്‌ ഇളവ്‌ 18ന്‌ തീരുമെങ്കിലും യാത്രക്കാരെ നിലനിർത്താനും പ്രവർത്തനലാഭം ഉയർത്താനുമുള്ള പദ്ധതികൾ ആലോചിക്കുന്നുണ്ട്‌. 60000–-65000 യാത്രക്കാർ പ്രതിദിനം മെട്രോയിലെത്തിയാൽ പ്രവർത്തനലാഭം നിലനിർത്താനാകും. രണ്ട്‌ വർഷത്തിനിടയിൽ തന്നെ നേട്ടമുണ്ടാക്കാനായത്‌ അഭിമാനകരമാണെന്ന്‌ കെഎംആർഎൽ എംഡി എ പി എം മുഹമ്മദ്‌ ഹനീഷ്‌ പറഞ്ഞു. പരസ്യങ്ങളിൽനിന്നും കെട്ടിടവാടകയിൽ നിന്നുമുള്ള വരുമാനവും വർധിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top