24 October Thursday

കരാറുകാരന്റെ മരണം : ‘പ്രതികൾ കോൺഗ്രസ്‌ നേതാക്കൾ’

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019


ചെറുപുഴയിലെ കരാറുകാരൻ ജോസഫ്‌ (ജോയ്‌)  മുതുപാറക്കുന്നേൽ മരിക്കാനിടയായ സംഭവത്തിൽ  പ്രതികളെ നിയമത്തിനുമുന്നിൽ  കൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌  ഭാര്യ മിനി  മുഖ്യമന്ത്രി പിണറായി വിജയന്‌ നിവേദനം നൽകി.  ചെറുപുഴയിലെ കെ കരുണാകരൻ സ്‌മാരക ആശുപത്രി നിർമിച്ചവകയിൽ ഭർത്താവിന്‌ കിട്ടാനുള്ള 1.40  കോടി രൂപയും ഓഹരിതുകയും ഫ്‌ളാറ്റും തിരിച്ചുകിട്ടാൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിലുണ്ട്‌. കെ കരുണാകരൻ ട്രസ്‌റ്റ്‌ ഭാരവാഹികളും  കോൺഗ്രസ്‌ നേതാക്കളുമായ  കെ കുഞ്ഞികൃഷ്‌ണൻ നായർ, റോഷി ജോസ്‌  തുടങ്ങിയവർ ജോസഫിനെ ആശുപത്രിയിൽ വിളിച്ചുവരുത്തി അപായപ്പെടുത്തുകയായിരുന്നു.

2015ലാണ്‌ കെ കരുണാകരന്റെ പേരിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയും ഷോപ്പിങ്‌ കോംപ്ലക്‌സും നിർമിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  നേതാക്കൾ ഭർത്താവിനെ സമീപിച്ചത്‌. നിർബന്ധിപ്പിച്ച്‌ കരാർ ഏറ്റെടുപ്പിച്ചു.  കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആശുപത്രിയുടെ സ്ഥലത്തുനിന്ന്‌ 70 സെന്റ്‌ ചെറുപുഴ ഇൻഫ്രാസ്‌ട്രക്‌ച്ചർ  ആൻഡ്‌  ഡെവലപ്പേഴ്‌സ്‌ എന്ന കമ്പനി രൂപീകരിച്ച്‌ അതിലേക്ക്‌ മാറ്റി. ഷോപ്പിങ്‌  കോംപ്ലക്‌സ്‌ ഇൻഫ്രാസ്‌ട്രെക്‌ച്ചർ ഡെവലപ്പേഴ്‌സിലേക്ക്‌ മാറ്റി. 32 ലക്ഷം രൂപയുടെ ഫ്‌ളാറ്റ്‌ ജോസഫിന്‌ നൽകി. ഡെവലപ്പേഴ്‌സിൽ ഓഹരിക്ക്‌ 1000 രൂപ തോതിൽ 1000 ഓഹരിയും  ജോസഫിന്‌ ഉണ്ടായിരുന്നു.  ഷോപ്പിങ്‌  കോംപ്ലക്‌സ്‌ നേതാക്കൾ മറിച്ചുവിറ്റ്‌ വൻ ലാഭമുണ്ടാക്കി.

30 വർഷത്തെ സമ്പാദ്യവും കുടുംബത്തിലുള്ളവരുടെ ആഭരണം വിറ്റ പണവുമാണ്‌ ജൊസഫ്‌ വിനിയോഗിച്ചത്‌. നാലിന്‌ രാവിലെ എട്ടിന്‌ വീട്ടിൽനിന്ന്‌ പുറപ്പെട്ട ജോസഫിനെ അടുത്ത ദിവസം രാവിലെയാണ്‌ ആശുപത്രിയുടെ ടെറസിൽ മരിച്ചനിലയിൽ കണ്ടതായി വിവരം ലഭിച്ചത്‌.  രക്താർബുദം ബാധിച്ച്‌  ചികിത്സയിൽ കഴിയുന്ന മകനെയും മറ്റും ഉപേക്ഷിച്ച്‌  ഭർത്താവ്‌ ഒരിക്കലും ആത്മഹത്യചെയ്യില്ല. മരണത്തിൽ ദുരൂഹതയുണ്ട്‌. സമഗ്ര അന്വേഷണം നടത്തി വസ്‌തുത പുറത്തുകൊണ്ടുവരണമെന്ന്‌ നിവേദനത്തിൽ ആവശ്യപ്പെട്ടു.

പണം കെപിസിസി നൽകുമെന്ന്‌ മുല്ലപ്പള്ളി
ജോസഫിന്‌ നൽകാനുള്ള മുഴുവൻ തുകയും കെപിസിസി നൽകുമെന്ന് പ്രസിഡന്റ്‌   മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മരണത്തിൽ ബന്ധുക്കൾക്ക് സംശയമുണ്ട്‌.  അഞ്ച്‌  ദിവസത്തിനകം കെപിസിസി നിയോഗിച്ച അന്വേഷണ കമീഷനോട് റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്–- മുല്ലപ്പള്ളി പറഞ്ഞു.

അന്വേഷണം വരുമെന്ന‌് മുല്ലപ്പള്ളിക്ക്‌ ഭയം: കോടിയേരി
പാലാ
കോൺഗ്രസ‌് നിയന്ത്രണത്തിലുള്ള ട്രസ‌്റ്റ‌് നടത്തിയ കോടികളുടെ കുംഭകോണത്തിന്റെ ഫലമായാണ‌് കണ്ണൂർ ചെറുപുഴയിലെ കരാറുകാരൻ ജോസഫ‌് ആത്മഹത്യ ചെയ‌്തതെന്നും കോടിയേരി പറഞ്ഞു. വിജിലൻസ‌് അന്വേഷണം വരുമെന്ന‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ ഭയപ്പെടുന്നു. ജോസഫിന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത  ഏറ്റെടുക്കുമെന്ന പ്രഖ്യാപനം അന്വേഷണം ഭയന്നുള്ളതാണ‌്. സമഗ്രഅന്വേഷണം നടത്തി കുംഭകോണം പുറത്തുകൊണ്ടുവരണമെന്ന‌് കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top