22 September Tuesday
3 മൃതദേഹം കൂടി

പെട്ടിമുടി മണ്ണിടിച്ചിൽ : മരണം 55 ; ഗവർണറും മുഖ്യമന്ത്രിയും ഇന്ന് പെട്ടിമുടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


രാജമല പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ട രണ്ട്‌ കുട്ടികൾ ഉൾപ്പെടെ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ആറാംദിവസമായ ബുധനാഴ്‌ച ദുരന്തസ്ഥലത്തുനിന്ന്‌ നാല് കിലോമീറ്റർ അകലെ പത്തുമണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ്‌ മൃതദേഹങ്ങൾ കണ്ടെത്തിയത്‌.  82 പേർ അപകടത്തിനിരയായ ദാരുണസംഭവത്തിൽ മരണസംഖ്യ 55 ആയി. ഇനി 15 പേരെ കൂടി കണ്ടെത്താനുണ്ട്‌. കാണാതായ ഒമ്പത്‌ കുട്ടികളിൽ അഞ്ചുപേരുടെ മൃതദേഹം ഇതുവരെ ലഭിച്ചു‌.  
പെട്ടിമുടി നയമക്കാട്‌ എസ്‌റ്റേറ്റ്‌ ലയത്തിലെ താമസക്കാരായ ചെല്ലദുരൈയുടെ ഭാര്യ സുമതി(50), കണ്ണൻ–- സീതാലക്ഷ്‌മി ദമ്പതികളുടെ മകൾ നാദിയ(12), ഭാരതിരാജയുടെ മകൾ ലക്ഷണശ്രീ (ഒമ്പത്‌) എന്നിവരുടെ മൃതദേഹങ്ങൾ പെട്ടിമുടി പുഴയോട് ചേർന്ന് മണ്ണിനടിയിൽ നിന്നാണ്‌‌ ലഭിച്ചത്‌. ഗ്രാവൽ ബാങ്കിനു സമീപത്ത്‌കൂടി ഒഴുകുന്ന പുഴയുടെ ഇരുകരകളിലും നടത്തിയ തിരിച്ചലിലാണ്‌‌ മൃതദേഹങ്ങൾ കണ്ടെടുത്തത്‌. ഇവിടെ നിന്നു മാത്രം ഇതുവരെ 14  മൃതദേഹം കിട്ടി.

രണ്ടുമണ്ണുമാന്തി യന്ത്രങ്ങൾ അപകടസ്ഥലത്തും മറ്റുള്ളവ ഗ്രാവൽബാങ്ക്‌ പ്രദേശത്തും തെരച്ചിലിന്‌ ഉപയോഗിക്കുന്നുണ്ട്‌. വ്യാഴാഴ്‌ചയും തെരച്ചിൽ തുടരും. തണുത്ത കാലാവസ്ഥയിൽ പുഴയിൽ കിടക്കുന്ന മൃതദേഹങ്ങളിൽ നിന്നും ഗന്ധം വമിക്കാനിടയില്ലാത്തത്‌ തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നതായി ദേവികുളം സബ് കലക്ടർ എസ് പ്രേം കൃഷ്ണൻ പറഞ്ഞു.  ആഗ്‌സത്‌ ആറിന്‌ രാത്രിയുണ്ടായ ദുരന്തത്തിൽ നിന്നും പന്ത്രണ്ടുപേർ മാത്രമാണ്‌ രക്ഷപ്പെട്ടത്‌. ഇതിൽ മൂന്നുപേർ വീതം കോലഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും മൂന്നാർ ജനറൽ ആശുപത്രിയിലുമുണ്ട്‌.

ഗവർണറും മുഖ്യമന്ത്രിയും ഇന്ന് പെട്ടിമുടിയിൽ
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വ്യാഴാഴ്‌ച പെട്ടിമുടി ദുരന്തമേഖല സന്ദർശിക്കും. രാവിലെ ഒൻപതിന്‌ തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ തിരിച്ച്‌ 9.30ന്‌ മൂന്നാർ ആനച്ചാലിലെ ഹെലിപ്പാഡിൽ  ഇറങ്ങും. അവിടെ നിന്നും കാറിൽ പെട്ടിമുടിയിലെത്തും. സന്ദർശനം പൂർത്തിയാക്കി 12 ഓടെ മൂന്നാർ ടീ കൗണ്ടിയിലെത്തി ഉന്നതതല യോഗത്തിൽ പങ്കെടുക്കും. ശേഷം വാർത്താസമ്മേളനമുണ്ടാകും. പകൽ രണ്ടിന്‌ തലസ്ഥാനത്തേക്ക്‌  മടങ്ങും.
പെട്ടിമുടിയിലേക്ക്‌ ഉന്നത ഉദ്യോഗസ്ഥരുടെയും സുരക്ഷാവിഭാഗത്തിന്റെയും വാഹനങ്ങൾക്കു മാത്രമാണ്‌ പ്രവേശനാനുമതിയെന്നും അധികൃതർ അറിയിച്ചു.

മന്ത്രി ടി പി രാമകൃഷ്‌ണനും സന്ദർശിക്കും
തൊഴിൽമന്ത്രി ടി പി രാമകൃഷ്‌ണനും വ്യാഴാഴ്‌ച പെട്ടിമുടി സന്ദർശിക്കും. മൂന്നാറിൽ നിന്നും രാവിലെ 8.30ന്‌ അദ്ദേഹം ദുരന്തസ്ഥലത്തേക്ക്‌ തിരിക്കും.

രക്ഷാപ്രവർത്തകർക്ക്‌ ആന്റിജൻ പരിശോധന തുടങ്ങി
പെട്ടിമുടി ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ആന്റിജൻ പരിശോധന ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാനിറ്റൈസർ, മാസ്ക്, കൈയുറ എന്നിവ വിതരണം ചെയ്തു‌. ജില്ലയിൽ 22 ദുരിതാശ്വാസക്യാമ്പ്‌ പ്രവർത്തിക്കുന്നുണ്ട്. 146 കുടുംബത്തിൽ 201 പുരുഷന്മാരും 186 സ്ത്രീകളും 47 കുട്ടികളുമായി 434 പേർ ക്യാമ്പിലുണ്ട്. 36 വീട്‌ തകർന്നു. 103 ദുരിതബാധിതരെ ക്യാമ്പുകളിലല്ലാതെ ബന്ധുഗൃഹങ്ങളിൽ മാറ്റി പാർപ്പിച്ചിട്ടുണ്ട്–- മുഖ്യമന്ത്രി പറഞ്ഞു. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top