19 September Saturday

കരിപ്പൂർ വിമാന ദുരന്തം : കേന്ദ്രത്തിന്റെ നഷ്ടപരിഹാരം ഇനിയും പ്രഖ്യാപിച്ചില്ല

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


സ്വന്തം ലേഖകൻ
വിമാന ദുരന്തത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകാതെ കേന്ദ്ര സർക്കാരിന്റെ വഞ്ചന. സംസ്ഥാന സർക്കാരും എയർ ഇന്ത്യയും അപകടത്തിൽ മരിച്ച 18 പേരുടെ കുടുംബങ്ങൾക്ക്‌ 10 ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാൽ, കേന്ദ്ര സർക്കാർ ഇതുവരെ അനങ്ങിയിട്ടില്ല.

അപകടസ്ഥലം സന്ദർശിച്ച കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്‌ സിങ് പുരി എയർ ഇന്ത്യയുടെ സഹായധനം മാത്രമാണ്‌ പ്രഖ്യാപിച്ചത്‌. മരിച്ചവർക്ക്‌ പത്തുലക്ഷം, ഗുരുതരമായി പരിക്കേറ്റവർക്ക്‌ രണ്ടു‌ലക്ഷം, നിസ്സാര പരിക്കുള്ളവർക്ക്‌ അരലക്ഷം രൂപ എന്നിങ്ങനെയാണ്‌ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്‌. ഇത്‌ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രഖ്യാപനം പോലെയാണ്‌ മന്ത്രി നടത്തിയത്‌. വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ്‌ എയർ ഇന്ത്യയാണ്‌ ധനസഹായം നൽകുന്നതെന്ന്‌ വ്യക്തമാക്കിയത്‌.

എയർ ഇന്ത്യയുടേത്‌ ഇടക്കാല ആശ്വാസമാണെന്നും കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്നുമായിരുന്നു മന്ത്രിയുടെ ഉറപ്പ്‌. എന്നാൽ, അഞ്ചു‌ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല.   2010ൽ മംഗളൂരു വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ അന്നത്തെ കേന്ദ്ര സർക്കാർ രണ്ട്‌ ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. ഈ മാതൃക കരിപ്പൂരിലുമുണ്ടാകണമെന്ന ആവശ്യം ശക്തമാണ്‌.

ദുരന്തമുഖത്ത്‌ സർക്കാർ സംവിധാനങ്ങളും നാട്ടുകാരും ഫലപ്രദമായി പ്രവർത്തിച്ചതിലൂടെയാണ്‌‌ ആഘാതം കുറയ്‌ക്കാനായത്‌. മരിച്ചവർക്ക്‌ സഹായധനം പ്രഖ്യാപിച്ചതിനുപുറമെ പരിക്കേറ്റവർക്ക്‌ സൗജന്യ ചികിത്സയും സംസ്ഥാന സർക്കാർ ഉറപ്പാക്കി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top