23 September Wednesday

ഡെങ്കിപ്പനി വ്യാപനം : ജാഗ്രത വേണമെന്ന്‌ ആരോഗ്യവകുപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


തിരുവനന്തപുരം
സംസ്ഥാനത്ത് പലയിടങ്ങളിലും ഡെങ്കിപ്പനി വ്യാപിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യ വകുപ്പ്‌. കൊതുക് നശീകരണം കർക്കശമാക്കണം. വീടുകളും സ്ഥാപനങ്ങളും ആശുപത്രികളും സിഎഫ്എൽടിസികളും ദുരിതാശ്വാസ ക്യാമ്പുകളും കൊതുകിൽ നിന്നും മുക്തമാക്കണം. രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.

കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്ന ഈഡിസ് ഈജിപ്റ്റി കൊതുകുകളാണ്‌ ഡങ്കി പരത്തുന്നത്‌. സാധാരണ വൈറൽപ്പനി ലക്ഷണങ്ങൾ ആയതിനാൽ പലപ്പോഴും തിരിച്ചറിയാൻ വൈകുന്നു. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകും. അതിശക്തമായ നടുവേദന, കണ്ണിന്‌ പിറകിൽ വേദന എന്നിവയുമുണ്ടാകും. നാലഞ്ചു ദിവസത്തിനുള്ളിൽ ദേഹത്തങ്ങിങ്ങായി ചുവന്നു തിണർത്ത പാടുകൾക്കും സാധ്യതയുണ്ട്. ചികിത്സ ലഭിച്ചില്ലെങ്കിൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ്‌ അളവ് പെട്ടന്ന് കുറഞ്ഞ് മരണം സംഭവിക്കാം.

തീരെ ചെറിയ അളവിൽ വെള്ളം കെട്ടിനിന്നാലും ഈഡിസ് കൊതുകുകൾ വളരും. ഇതിനുള്ള സാധ്യത പൂർണമായും ഒഴിവാക്കണം. കെട്ടിടങ്ങളുടെ അകത്തും മേൽക്കൂരയിലും പരിസരത്തും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ലോക്‌ഡൗൺ കാലയളവിൽ ദീർഘനാൾ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളിൽ കൊതുക്‌ നശീകരണം നടത്തണം. പൊതു ഇടങ്ങളിലും ഉറവിട നശീകരണം ശക്തമാക്കണം. തോട്ടങ്ങളിലും കൃഷിയിടങ്ങളിലും കൊതുക് പെരുകുന്നില്ലെന്ന് ഉറപ്പാക്കണം. പനി ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം. ധാരാളം പാനീയങ്ങൾ കുടിക്കാൻ കൊടുക്കണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top