20 September Friday

ക്യാമ്പ്‌ ഒഴിയുന്നു ; 7,463 പേർ വീടുകളിലെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കലക്ടർ എസ് സുഹാസ് ഭക്ഷണം കഴിക്കുന്നു

കൊച്ചി
മഴ കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പിലുള്ള കൂടുതൽ പേർ വീടുകളിലേക്ക്‌ മടങ്ങിത്തുടങ്ങി. 98 ക്യാമ്പുകൾ പ്രവർത്തനം അവസാനിപ്പിച്ചു. 7,463 പേർ വീടുകളിലേക്കുപോയി. 69 ക്യാമ്പുകളിൽ 11,759 പേരാണ്‌ തങ്ങുന്നത്‌.

ആലുവ (23), പറവൂർ (29), കുന്നത്തുനാട്‌ (10), കോതമംഗലം (10), മൂവാറ്റുപുഴ (22), കണയന്നൂർ (3), കൊച്ചി (1) എന്നിവിടങ്ങളിലെ ക്യാമ്പുകളുടെ പ്രവർത്തനമാണ്‌ അവസാനിപ്പിച്ചത്‌. വെള്ളം കയറിയ വീടുകളിൽ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണം തുടങ്ങി. പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ്‌ താഴ്‌ന്നു. ഭൂതത്താൻകെട്ടിൽ ജലനിരപ്പ്‌ 26.95 മീറ്ററായും  മലങ്കര ഡാമിൽ 39.98 മീറ്ററായും താഴ്‌ന്നു. കോതമംഗലം മണികണ്ഠൻചാലിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.

ജലനിരപ്പ്‌ താഴ്‌ന്നതോടെ പെരിയാറിന്റെ തീരത്ത്‌ ആശങ്കയൊഴിഞ്ഞു. ആലുവ മണപ്പുറം ചെളിയും ഒഴുകിവന്ന മരങ്ങളുംകൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌. മരക്കുറ്റികളും ചവറും ശിവക്ഷേത്രത്തിന്‌ ചുറ്റും അടിഞ്ഞിട്ടുണ്ട്‌. ഇവ മാറ്റാനുള്ള ശ്രമം ആരംഭിച്ചു.

ഭൂതത്താൻക്കെട്ട് അണയിലെ 15 ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്‌. മലങ്കര ഡാമിന്റെ ഷട്ടറുകൾ 20 സെന്റീമീറ്ററാക്കി താഴ്‌ത്തി.ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ ഭക്ഷ്യസാധനങ്ങളും വസ്‌ത്രങ്ങളും ശേഖരിക്കുന്നതിന്‌ കാക്കനാട്‌ ആരംഭിച്ച സംഭരണ കേന്ദ്രത്തിലേക്ക്‌ സഹായം പ്രവഹിക്കുന്നു. തിങ്കളാഴ്‌ച കലക്ടറേറ്റിലെ സംഭരണ കേന്ദ്രത്തിൽനിന്ന്‌ വയനാട്ടിലേക്ക്‌ രണ്ട്‌ ലോഡ്‌ സാധനങ്ങൾ കയറ്റിയയച്ചു. കുസാറ്റിലെ സംഭരണ കേന്ദ്രത്തിൽനിന്ന്‌ നിലമ്പൂരിലേക്ക്‌ രണ്ട്‌ ലോഡും അൻപൊട്‌ കൊച്ചിയുടെ നേതൃത്വത്തിൽ വയനാട്‌, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലേക്ക്‌ ഒമ്പത്‌ ലോഡും സാധനങ്ങൾ കയറ്റിയയച്ചു. കാർഷിക, വ്യവസായിക മേഖലകളിലെ നഷ്‌ടം സംബന്ധിച്ച്‌ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കണക്കെടുപ്പ്‌ ആരംഭിച്ചു.
 


പ്രധാന വാർത്തകൾ
 Top