10 August Monday

പ്രളയദുരന്തം നേരിടാൻ കേന്ദ്രം മതിയായ സഹായം നൽകണം: പിബി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019


സ്വന്തം ലേഖകൻ
പ്രളയദുരന്തം നേരിടാൻ സംസ്ഥാനസർക്കാരുകൾക്ക്‌ ആവശ്യമായ സഹായം നൽകണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു. പ്രളയത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മരണങ്ങളിലും വസ്‌തുവകകളുടെ വൻതോതിലുള്ള നഷ്ടത്തിലും പിബി കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

2018ൽ മഹാപ്രളയമുണ്ടായ കേരളത്തിലാണ്‌ കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ രൂക്ഷമായി പ്രളയക്കെടുതി ആവർത്തിക്കുന്നത്‌.  72 മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തു. മൂന്നുലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. ഇവരെ 1639 ദുരിതാശ്വാസ കേന്ദ്രത്തിലായി പാർപ്പിച്ചിരിക്കുന്നു. സംസ്ഥാനത്തെ എൽഡിഎഫ്‌ സർക്കാർ  ഇത്തവണയും കാര്യക്ഷമമായ വിധത്തിലാണ്‌ പ്രകൃതിദുരന്തത്തെ കൈകാര്യം ചെയ്യുന്നത്‌.

മഹാരാഷ്ട്രയിൽ 40, കർണാടകത്തിൽ 32, ഗുജറാത്തിൽ 24 പേർ വീതം മരിച്ചു. ആന്ധ്രപ്രദേശിലും തെലങ്കാനയിലും പ്രധാനനദികളും പോഷകനദികളും കരകവിഞ്ഞത്‌ വൻ നാശനഷ്ടത്തിന്‌ ഇടയാക്കി. പ്രളയബാധിതമേഖലകളിൽ വ്യോമനിരീക്ഷണം നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ ബിജെപി ഭരണത്തിലുള്ള മഹാരാഷ്ട്രയും കർണാടകവുംമാത്രമാണ്‌ സന്ദർശിച്ചത്‌. കൂടുതൽ  നാശമുണ്ടായ കേരളത്തിൽ അദ്ദേഹം വ്യോമനിരീക്ഷണം ഒഴിവാക്കിയത്‌ ബോധപൂർവമാണെന്ന പ്രതീതി ഉണ്ടായിരിക്കുന്നു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ജനങ്ങൾ സംഭാവന നൽകരുതെന്ന്‌ ആർഎസ്‌എസ്‌–- ബിജെപി  ബന്ധമുള്ള ചിലർ സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടത്തുകയാണ്‌. പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾപോലും രാഷ്ട്രീയപക്ഷപാതം കാട്ടുന്നത്‌ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല–- പിബി പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.

സിപിഐ എം ദുരിതാശ്വാസ ഫണ്ട്‌ ശേഖരണം ഇന്നുമുതൽ
പ്രളയദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 13 മുതൽ 18 വരെ സിപിഐ എം ഫണ്ട്‌ ശേഖരിക്കും. പ്രളയത്തിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി മനുഷ്യജീവനുകളും സ്വത്തും നഷ്ടപ്പെട്ടു. ജീവനോപാധികൾ ഇല്ലാതായവരുടെ എണ്ണവും ഏറെ. സഹായത്തിന്‌ മുഴുവൻ പാർടി പ്രവർത്തകരും വർഗ ബഹുജന സംഘടനാ അംഗങ്ങളും രംഗത്തിറങ്ങണം. 2,86,714 പേരാണ്‌ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്‌. ഇവരെ സഹായിക്കുകയും നാശനഷ്‌ടം നേരിട്ടവർക്ക്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവരാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യേണ്ടത്‌ എല്ലാവരുടെയും കടമയാണ്‌. ക്യാമ്പുകളിലേക്ക്‌ സഹായം ലഭ്യമാക്കാനും സന്നദ്ധരാകണമെന്ന്‌ സെക്രട്ടറിയറ്റ്‌ ആഹ്വാനം ചെയ്‌തു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രളയബാധിത മേഖലകൾ മാത്രമാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രി സന്ദർശിച്ചത്‌. പ്രളയം തീവ്രമായി ബാധിച്ച കേരളത്തെ ബോധപൂർവം ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ആരും സംഭാവന നൽകരുതെന്ന്‌ ആർഎസ്‌എസും ബിജെപിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങൾ നവമാധ്യമങ്ങൾ വഴി  പ്രചാരണം നടത്തുന്നു. ഇത്തരം സന്ദർഭങ്ങളിൽ രാഷ്ട്രീയ പക്ഷപാതത്തോടുകൂടിയുള്ള പ്രവർത്തനം ആരും പ്രതീക്ഷിക്കുന്നതല്ലെന്ന് പാർടി സംസ്ഥാന സെക്രട്ടറിയറ്റ്‌ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top