22 September Sunday

മഴക്കെടുതിയിൽ മരണം 85 ആയി: 1413 ക്യാമ്പുകളിലായി 255662 പേർ; തെരച്ചിൽ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

തിരുവനന്തപുരം>  സംസ്ഥാനത്ത്‌ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദുരിതം തുടരുന്നു. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 85 ആയി. 58  പേരെ കണ്ടെത്താനുണ്ട്‌. 1413 ക്യാമ്പുകളിലായി 255662 പേരുണ്ട്‌. വയനാട്‌, മലപ്പുറം ജില്ലകളിൽ ഉരുൾപൊട്ടൽമൂലം മണ്ണിനടിയിലാവർക്കായുള്ള തെരച്ചിൽ തുടരുകയാണ്‌. വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടവരെ സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചു. ഒറ്റപ്പെട്ട  മേഖലകളിൽ ഭക്ഷണവും ചികിത്സാ സൗകര്യങ്ങളും എത്തിച്ചു.

ക്യാമ്പുകൾ പൂർണതോതിൽ പ്രവർത്തിക്കുന്നു. സിവിൽസപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നുണ്ട്. 7.38 കോടിയുടെ ഭക്ഷ്യസാധനങ്ങൾ ഇന്നലെ വിതരണംചെയ്തു. ഒമ്പതു ജില്ലകളിൽ വീടുകളുടെയും പൊതുസ്ഥാപനങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് വരെ 15,000ൽ ഏറെ വീടുകളും 920 വ്യാപാരസ്ഥാപനങ്ങളും 64 പൊതുസ്ഥാപനങ്ങളും ശുചിയാക്കി. 2960 കിണറുകൾ ക്ലോറിനേറ്റ് ചെയ്തു. അഞ്ചുജില്ലകളിൽ 866 മൃഗങ്ങളുടെ ശവശരീരം സംസ്‌കരിച്ചു. ശുചീകരണത്തിന് 14,000 വളന്റിയർമാർ മുന്നോട്ടുവന്നിട്ടുണ്ട്.

മിക്കയിടത്തേയും വൈദ്യുതി തകരാർ പരിഹരിച്ചു. തകരാറായ 54 സബ്‌സ്‌റ്റേഷനുകളിൽ 42 ഉം പൂർവസ്ഥിതിയിലാക്കി. വൈദ്യുതി തകരാർ മൂലം പമ്പിംഗ് തടസ്സപ്പെട്ട പമ്പുഹൗസുകൾ മിക്കതും തകരാർ പരിഹരിച്ചിട്ടുണ്ട്. എൽപിജി, പെട്രോളിയം ഇന്ധനവിതരണം സാധാരണ നിലയിലായി. മഴ കുറയുകയും ഡാമിലേക്കുള്ള നീരൊഴുക്കിൽ കുറവുണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ ഡാമുകളുടെ ഷട്ടർ തഴ്ത്തിത്തുടങ്ങി. ജലവിഭവ വകുപ്പിന്റെ സംഭരണികളിൽ വാളയാർ, കാരാപ്പുഴ ഡാമുകളും മൂലത്തറ റെഗുലേറ്ററും ഭൂതത്താൻകെട്ട്, മണിയാർ, പഴശി ബാരേജുകളുമാണ് ഇപ്പോൾ തുറന്നിട്ടുള്ളത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top