21 October Monday

വെള്ളം ഇറങ്ങുന്നു; ആശങ്ക ഒഴിയുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019


സ്വന്തം ലേഖകൻ
മഴ കുറഞ്ഞ്‌ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ രക്ഷാപ്രവർത്തനം സുഗമമായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കലക്ടർമാരുമായി നടന്ന വീഡിയോ കോൺഫറൻസിങ്‌ യോഗം വിലയിരുത്തി.

വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ ക്യാമ്പുകളിൽ നിന്ന് പലരും വീടുകളിലേക്ക് മടങ്ങുന്നുണ്ടെന്ന് കലക്ടർമാർ അറിയിച്ചു. മണ്ണിടിച്ചിൽസാധ്യതാ മേഖലയിലെ ആളുകളെ ഒഴിപ്പിക്കലും ക്യാമ്പുകളിലുമാണ്‌ ഇനിയുള്ള പ്രധാന പ്രവർത്തനം. വയനാട്, മലപ്പുറം ജില്ലകളിൽ ഒഴിപ്പിച്ചു. അടിയന്തര സഹായത്തിന് സേനാവിഭാഗങ്ങൾ സജ്ജമാണ്.

എല്ലാ ജില്ലകളിലെയും വെള്ളപ്പൊക്ക മേഖലകളിലും നദികളിലും ജലനിരപ്പ്‌ കുറയുന്നുണ്ട്‌. മിക്ക പ്രദേശങ്ങളിലും തകരാറിലായ വൈദ്യുതിപോസ്റ്റുകളും ലൈനുകളും പുനഃസ്ഥാപിക്കാൻ കെഎസ്ഇബി സജീവമാണ്‌. പ്രത്യേക ജനറേറ്ററുകൾ സജ്ജീകരിച്ച് മൊബൈൽടവറുകൾ ചാർജ് ചെയ്‌തിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമാണ്‌. ആലപ്പുഴ ജില്ലയിൽ ബണ്ടുകൾ മുറിഞ്ഞ് വെള്ളം കയറാതിരിക്കാൻ ജാഗ്രത തുടരാനും മുഖ്യമന്ത്രി നിർദേശിച്ചു.

ക്യാമ്പുകളുടെ എണ്ണവും മറ്റ്‌ നടപടികളും കലക്ടർമാർ വിശദീകരിച്ചു. റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ  ചീഫ് സെക്രട്ടറിമാരായ വിശ്വാസ് മേത്ത, ടികെ ജോസ്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണു, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആർ മോഹൻ, പ്രിൻസിപ്പൽ സെക്രട്ടറി വി എസ്‌ സെന്തിൽ, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കർ, ലാൻഡ്‌ റവന്യൂ കമീഷണർ സി എ ലത, ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top