24 October Thursday

രക്ഷാപ്രവർത്തനം നയിച്ച്‌ ഈ വിരൽത്തുമ്പുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

ദുരന്തനിവാരണ അതോറിറ്റിയുടെ എമർജൻസി ഓപ്പറേഷൻ സെന്ററിൽ കർമനിരതരായ ഉദ്യോഗസ്ഥർ


സ്വന്തം ലേഖകൻ
‘മുതലപ്പൊഴിയിൽ മീൻപിടിത്ത ബോട്ട്‌ തകർന്നു, അഞ്ചുപേർ ബോട്ടിലുണ്ടെന്ന്‌ വിവരം’– തിങ്കളാഴ്‌ച രാവിലെ ചിറയിൻകീഴിൽനിന്ന്‌ തഹസിൽദാറുടെ ഫോൺ തിരുവനന്തപുരത്തെ സ്‌റ്റേറ്റ്‌ എമർജൻസി ഓപ്പറേഷൻ സെന്ററിലെത്തി. സെന്റർ ജാഗരൂകമായി. ഒപ്പം ഫിഷറീസ്‌ വകുപ്പിന്റെയും കോസ്റ്റ്‌ ഗാർഡിന്റെയും അംഗങ്ങൾ. നിർദേശങ്ങൾ തലങ്ങും വിലങ്ങും പ്രവഹിച്ചു. മിനിറ്റുകൾക്കകം ദുരന്തമുഖത്തേക്ക്‌ ബോട്ടുകൾ പാഞ്ഞെത്തി.

ഈ നാല്‌ ചുവരുകൾക്കുള്ളിൽ പ്രളയകേരളത്തിന്റെ ഓരോ സ്‌പന്ദനവും അറിയുന്നുണ്ട്‌. കേരളത്തെ കൈപിടിച്ചുകയറ്റുന്നതിൽ, പ്രളയദുരിതത്തിന്റെ ആഘാതം കുറയ്‌ക്കുന്നതിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമർജൻസി ഓപ്പറേഷൻ സെന്റർ വഹിക്കുന്ന പങ്ക്‌ ചെറുതല്ല. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ലോകനിലവാരത്തിലാണ്‌ പ്രവർത്തനം. കേന്ദ്ര–-സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും മുന്നറിയിപ്പുകൾ വിശകലനംചെയ്‌ത്‌ സന്ദേശങ്ങളും നിർദേശങ്ങളും ഇവിടെനിന്ന്‌ കേരളത്തിന്റെ മുക്കിലും മൂലയിലും പ്രവഹിക്കുന്നു. കഴിഞ്ഞദിവസം ആലപ്പുഴ എസി റോഡിൽ മണിക്കൂറുകൾക്കകം വെള്ളംകയറുമെന്ന്‌ തിരിച്ചറിഞ്ഞ്‌ ഗതാഗതം നിർത്തിവയ്‌ക്കണമെന്ന സന്ദേശം ഉടൻ പോയി. കവളപ്പാറയിൽ രക്ഷാപ്രവർത്തനത്തിന്‌ മണ്ണുമാന്തിയന്ത്രങ്ങൾ കുറവാണെന്ന വിവരം ലഭിച്ചപ്പോൾ അതും പരിഹരിച്ചു.

കനത്തമഴയിലേക്ക്‌ മാറിയ എട്ടാംതീയതി മുതലാണ്‌ സെന്റർ സജീവമായത്‌. 24 മണിക്കൂറും സർവസജ്ജരായി അമ്പതോളംപേർ. സർക്കാർ വകുപ്പുകൾ, സിആർപിഎഫ്‌, കോസ്റ്റ്‌ഗാർഡ്‌, എൻഡിആർഎഫ്‌, കര–-നാവിക–-വ്യോമസേനകൾ, പൊലീസ്‌, കെഎസ്‌ഇബി എന്നിവയുടെയെല്ലാം ഓരോ നോഡൽ ഓഫീസർമാരും ഇവിടെയുണ്ട്‌. ഓരോ സ്ഥലത്തും അവശ്യംവേണ്ട സൗകര്യങ്ങൾ അതത്‌ വിഭാഗങ്ങളുടെ നോഡൽ ഓഫീസർമാർ വിശകലനംചെയ്‌ത്‌ സന്ദേശം താഴെതലത്തിൽ എത്തിക്കുന്നു.

ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സ്ഥലങ്ങൾ, ക്യാമ്പുകളിലെ ആവശ്യങ്ങൾ എന്നിവയ്‌ക്കുള്ള നിർദേശം നൽകുന്നു. എല്ലാ ജില്ലകളിലേക്കും ഹോട്ട്‌ലൈനിൽ അപ്പപ്പോൾ ബന്ധപ്പെടും. ദുരിതബാധിതരും വിവിധ സംഘടനകളും നിരന്തരം കോൾസെന്ററിലേക്ക്‌ വിളിക്കുന്നു.

ഓഖിയുടെയും കഴിഞ്ഞ പ്രളയത്തിന്റെയും പശ്ചാത്തലത്തിലാണ്‌ സ്‌റ്റേറ്റ്‌ എമർജൻസി ഓപ്പറേഷൻ സെന്റർ പ്രവർത്തനം വിപുലപ്പെടുത്തിയത്‌. ഈവർഷം ആദ്യം മ്യൂസിയം റോഡിൽ പുതിയ സെന്ററും തുടങ്ങി. സ്‌റ്റേറ്റ്‌ റിലീഫ്‌ കമീഷണറുടെ നേതൃത്വത്തിലാണ്‌  പ്രവർത്തനം. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ചീഫ്‌ സെക്രട്ടറിയുമടക്കം പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്‌.


പ്രധാന വാർത്തകൾ
 Top