16 September Monday

സിബിഎസ്‌ഇ പരീക്ഷാഫീസിൽ വൻവർധന

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019


സിബിഎസ്‌ഇയുടെ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാഫീസ്‌ ഗണ്യമായി വർധിപ്പിച്ചു. ജനറൽ വിഭാഗത്തിലുള്ളവരുടെ ഫീസ്‌ ഇരട്ടിയാക്കിയപ്പോൾ പട്ടികജാതി വിഭാഗത്തിന്‌ 350 രൂപയിൽനിന്ന്‌ 1200 രൂപയാക്കി വർധിപ്പിച്ചു.  സിബിഎസ്‌ഇ സിലബസിനു  കീഴിൽ പഠിക്കുന്ന ഡൽഹിയിലെയും വിദേശത്തെയും കുട്ടികൾക്കും ഫീസ്‌വർധന ബാധകമാണ്‌. പൂർണ അന്ധ വിദ്യാർഥികളെ മാത്രം ഫീസ്‌ വർധനയിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

ജനറൽ വിഭാഗത്തിൽ മുമ്പ്‌ 750 രൂപയായിരുന്നത്‌ 1500 രൂപയായി വർധിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ്‌ വിദ്യാർഥികൾ ഓരോ അധികവിഷയത്തിനും 150 രൂപ അടച്ചിരുന്നത്‌ 300 രൂപയാക്കി.  . ഈ അധ്യയനവർഷം മുതൽ വർധന പ്രാബല്യത്തിൽ വരും. മൈഗ്രേഷൻ  ഫീസ്‌ 150 രൂപയിൽനിന്ന്‌ 350 രൂപയാക്കി വർധിപ്പിച്ചു.

വിദേശത്തുള്ള കുട്ടികൾക്ക്‌ പരീക്ഷാഫീസ്‌ 10,000 രൂപയാക്കി. 5000 രൂപയായിരുന്നു ഫീസ്‌.  പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിക്ക്‌ അധികമായി എഴുതുന്ന ഓരോ വിഷയത്തിനും 2000 രൂപ വീതം ഫീസ്‌ അടയ്‌ക്കണം. മുമ്പ്‌ 1000 രൂപയായിരുന്നു. പ്രാക്ടിക്കൽ പരീക്ഷകൾക്ക്‌ പേപ്പറൊന്നിന്‌ 80 രൂപ അടച്ചിരുന്നത്‌ ഇനിമുതൽ 150 രൂപയാകും. മുമ്പ്‌ രജിസ്‌റ്റർ ചെയ്‌ത വിദ്യാർഥികൾ അധികഫീസ്‌ ആഗസ്‌ത്‌ 19 മുതൽ സെപ്‌തംബർ 15 വരെയുള്ള കാലയളവിൽ അടയ്‌ക്കണം.


പട്ടിക വിഭാഗങ്ങളുടെ സിബിഎസ്ഇ പരീക്ഷാഫീസ് വർധന പിൻവലിക്കണം ; കെ സോമപ്രസാദ്‌ എംപി കത്തയച്ചു
കൊല്ലം
സിബിഎസ്ഇ ബോർഡ് 10, 12 ക്ലാസ്‌ പരീക്ഷകളുടെ ഫീസ് വർധിപ്പിച്ചത്‌ പുനഃപരിശോധിക്കണമെന്ന് കെ സോമപ്രസാദ് എംപി കേന്ദ്ര മാനവവിഭവ മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.  ഒരു വിഷയത്തിന് 10 രൂപ വീതം  50 രൂപയായിരുന്നു പട്ടിക വിഭാഗങ്ങൾ ഇതുവരെ നൽകേണ്ടിയിരുന്നത്. ഇത്‌ 1200 രൂപയായി വർധിപ്പിച്ചു. ഒറ്റയടിക്ക് 24 ശതമാനമാണ് കൂട്ടിയത്.

സമൂഹത്തിലെ അതീവ ദുർബല വിഭാഗത്തിൽപ്പെടുന്ന പട്ടികവർഗവിഭാഗത്തിന്റെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും അവരുടെ ഉന്നമനത്തിനുമുള്ള പ്രധാനമാർഗം വിദ്യാഭ്യാസമാണ്. പട്ടിക വിഭാഗങ്ങളുടെ പഠിക്കാനുള്ള അവകാശത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭരണഘടനാപരമായി പട്ടിക വിഭാഗത്തിന് ലഭ്യമാക്കിയിട്ടുള്ള പ്രത്യേക പരിഗണനകൾ ഒന്നൊന്നായി ഇല്ലാതാക്കാനുള്ള നീക്കമാണിത്‌. ഫീസ് വർധന പിൻവലിക്കാൻ  സിബിഎസ്ഇ ബോർഡിന് നിർദേശം നൽകണമെന്നും സോമപ്രസാദ്  ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top