01 December Tuesday
സന്ദീപിന്റെ കാർ കസ്‌റ്റഡിയിൽ

ആസൂത്രണത്തിൽ റമീസും പ്രധാനി‌; 2015ലെ സ്വർണക്കടത്ത്‌ കേസിലും പ്രതി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

കൊച്ചി
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തുന്ന ഗൂഢാലോചനയിൽ കെ ടി റമീസിനും പങ്കുണ്ടെന്ന് കസ്റ്റംസ്. യുഎഇ കോൺസുലേറ്റ് മുൻ പിആർഒ പി എസ് സരിത്തും റമീസും ഒരുമിച്ചാണ് പദ്ധതി തയ്യാറാക്കിയതെന്നും കസ്റ്റംസ് നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. റമീസിനെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് റമീസിനെ റിമാൻഡ് ചെയ്തത്.  ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന കസ്റ്റംസിന്റെ അപേക്ഷ പിന്നീട് പരിഗണിക്കും. സ്വർണക്കടത്തിൽ റമീസിന്റെ പങ്ക് തെളിയിക്കുന്ന വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ഇവ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കസ്റ്റംസ് പറഞ്ഞു.

സരിത്തിനെ ചോദ്യം ചെയ്തതിൽനിന്നാണ് സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്കൊപ്പം റമീസിന്റെ പങ്ക്‌ വ്യക്തമായത്.  കേസിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുള്ളതിനാൽ വിശദ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. നെടുമ്പാശേരി, കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങൾവഴി കോടികളുടെ സ്വർണം കടത്തിയ ഫയാസിന്റെ ഉറ്റ സുഹൃത്താണ് റമീസ്. സരിത്തിന്റെ  കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും. കേസിലെ നാലാംപ്രതി സന്ദീപ്‌ നായരുടെ തിരുവനന്തപുരത്തെ വീട്ടിൽനിന്ന്‌ പിടിച്ചെടുത്ത കാർ കൊച്ചി കസ്‌റ്റംസ്‌ ആസ്ഥാനത്തെത്തിച്ചു. മഹാരാഷ്‌ട്ര രജിസ്‌ട്രേഷനുള്ള ബെൻസ്‌ കാർ ഉസ്‌മാൻ എന്നയാളുടെ പേരിലാണ്‌. കാറിന്‌ കേരളത്തിൽ നികുതി അടച്ചിട്ടുമില്ല.

റമീസിന്‌ സ്വപ്‌നയും സന്ദീപുമായി ഉറ്റബന്ധം
സ്വർണക്കടത്ത്‌ കേസിൽ കസ്‌റ്റംസ്‌ അറസ്‌റ്റ്‌ചെയ്‌ത പെരിന്തൽമണ്ണ വെട്ടത്തൂർ കവല കണ്ണംതൊടി തെക്കേകളത്തിൽ റമീസിന്‌  മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപുമായി ഉറ്റബന്ധം. വർഷങ്ങളായി ഇവർ സ്വർണക്കടത്തിൽ പങ്കാളികളാണ്‌‌. ഇതിന്റെ നിർണായക വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്‌റ്റ്‌. സരിത്‌ അറസ്‌റ്റിലായപ്പോൾതന്നെ റമീസിന്റെ പങ്കും അന്വേഷകസംഘത്തിന്‌ വ്യക്തമായി. കൃത്യമായ തെളിവുകൾ കിട്ടിയശേഷമാണ്‌ കസ്‌റ്റഡിയിലെടുത്തത്‌.

വീട്ടിലെ പരിശോധനയിൽ സ്വർണക്കടത്ത്‌ സംഘവുമായുള്ള ബന്ധം വെളിവാക്കുന്ന തെളിവുകൾ ലഭിച്ചതായറിയുന്നു. ചെറുപ്രായത്തിലേ വിദേശയാത്ര തുടങ്ങിയ റമീസ്‌ വർഷങ്ങൾക്കുമുമ്പേ സ്വർണക്കടത്ത്‌ സംഘത്തിലുമെത്തി. സന്ദീപ്‌നായരുമായി ഏറെക്കാലത്തെ അടുപ്പമുണ്ട്‌. ഇയാൾ വഴിയാണ്‌ സ്വപ്‌നയെ പരിചയം. വിമാനമാർഗം സ്വർണംകടത്തുന്നതിന്റെ മുഖ്യചുമതല റമീസിനും സന്ദീപിനുമാണ്‌. തെക്കൻ ജില്ലകളിൽ സന്ദീപിനും മലബാറിൽ റമീസിനുമാണ്‌ നിയന്ത്രണം‌. തമിഴ്‌നാട്‌, കർണാടക എന്നിവിടങ്ങളിലും ഇടപാടുണ്ട്‌. ചില ജ്വല്ലറികൾക്കുൾപ്പെടെ സ്വർണമെത്തിക്കാറുണ്ട്‌‌‌. റമീസിന്‌ നാട്ടിൽ കാര്യമായ സ്വത്തുവകകളുള്ളതായി വിവരമില്ല. മുമ്പ്‌ ഹവാല ഇടപാടുണ്ടായിരുന്നു. റിയൽ എസ്‌റ്റേറ്റിലും കൈവച്ചു. ഇതിലൂടെ സമ്പാദിച്ച പണം ബിനാമി പേരുകളിൽ നിക്ഷേപിച്ചതായി‌ കസ്‌റ്റംസ്‌ കരുതുന്നു‌.

റിയൽ എസ്‌റ്റേറ്റ്‌ മേഖല നിശ്ചലമായതോടെ ആഫ്രിക്കയിൽ മരവ്യവസായത്തിൽ മുതൽമുടക്കി. അത്‌ നഷ്‌ടത്തിലായതോടെ സ്വർണക്കടത്ത്‌ ഊർജിതമാക്കി. നാട്ടിൽ വലിയ സൗഹൃദങ്ങളില്ലാത്ത ഇയാൾ മിക്കപ്പോഴും വിദേശത്തും ഇതരസംസ്ഥാനങ്ങളിലുമാണ്‌. സ്വർണ ഇടപാടിന്‌ ഇയാളുടെ കീഴിൽ വലിയൊരു സംഘമുണ്ടെന്നാണ്‌ വിവരം. വിമാനമാർഗം  കേരളത്തിലെത്തുന്ന സ്വർണം റമീസ്‌ അറിയാതെ പുറത്തുപോകില്ലെന്നാണ്‌ അന്വേഷകസംഘത്തിന്റെ നിഗമനം.

2015ലെ സ്വർണക്കടത്ത്‌ കേസിലും റമീസ്‌ പ്രതി ;

കോഫെപോസ ചുമത്താതെ കേസ്‌ അട്ടിമറിച്ചു

2015ൽ പതിനേഴരക്കിലോ സ്വർണം കടത്തിയ കേസിൽ റമീസ്‌ ഉൾപ്പെടെയുള്ളവർക്ക്‌ നേരെ വിദേശനാണ്യ ചട്ടലംഘനവും കള്ളക്കടത്തും തടയാനുള്ള കോഫെപോസ (ദി കൺസർവേഷൻ ഓഫ്‌ ഫോറിൻ എക്‌സ്‌ചേഞ്ച്‌ ആൻഡ്‌ പ്രിവൻഷൻ ഓഫ്‌ സ്‌മഗ്‌ളിങ് ആക്ടിവിറ്റീസ്‌ ആക്ട്‌) ചുമത്തിയില്ല. അഞ്ചുകോടി രൂപയുടെ സ്വർണമായിരുന്നു അന്ന്‌ കരിപ്പൂർ വിമാനത്താവളം വഴി കൊണ്ടുവന്നത്‌.

ഒരുകോടിക്ക്‌ മുകളിലുള്ള കള്ളക്കടത്ത്‌ കേസിൽ കോഫെപോസ ചുമത്തണം എന്നിരിക്കെയാണ്‌ ഈ നടപടി. കേസിൽ രണ്ടാംപ്രതിയായിരുന്നു റമീസിന്‌ ലീഗ്‌ നേതാക്കളുമായുള്ള കുടുംബബന്ധവും രാഷ്‌ട്രീയ സ്വാധീനവും ഉപയോഗിച്ചാണ്‌ അന്ന്‌ കേസ്‌ അട്ടിമറിച്ചത്‌.

ദുബായിൽനിന്ന് കാർഗോ മുഖേന അയച്ച ബാഗേജിൽനിന്നാണ്  സ്വർണം കണ്ടെത്തിയത്‌. ബാഗേജിനകത്തെ വോൾട്ടേജ് കണക്ടറിലെ ട്രാൻസ്‌ഫോർമറിൽ ഒളിപ്പിച്ചനിലയിലായിരുന്നു സ്വർണം. തിരൂർ വെട്ടം പുനത്തിൽ സുബൈറായിരുന്നു ഒന്നാംപ്രതി. കേസിൽ അറസ്‌റ്റിലായി പ്രതികൾ റിമാൻഡിലായെങ്കിലും  ഉദ്യോഗസ്ഥസംഘം ഒത്തുകളിച്ചതിനാൽ ജാമ്യംനേടി പുറത്തിറങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top