24 July Saturday

ഇനി തിരമാലകളിൽ ഉലയില്ല തീരമേഖല

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021


കൊച്ചി
കടലാക്രമണങ്ങളിൽ ഉലയാത്ത തീരമേഖല... കടലിന്റെ കലിതുള്ളലിൽ തകരാത്ത പുതിയ തീരമേഖലയാണ്‌ എൽഡിഎഫ്‌ സർക്കാർ ജനങ്ങൾക്ക്‌ സമ്മാനിക്കുന്നത്‌. ചെല്ലാനത്തെ കടലാക്രമണം തടയാൻ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രവൃത്തികൾക്ക്‌ സർക്കാരിന്റെ നൂറുദിന പദ്ധതികളിൽ ഉൾപ്പെടുത്തി തുടക്കം കുറിക്കും. ദീർഘകാല തീരസംരക്ഷണത്തിനുള്ള പദ്ധതി റിപ്പോർട്ട്‌ ഇക്കാലയളവിനുള്ളിൽ പൂർത്തിയാക്കും. തീരസംരക്ഷണം, തീരമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം എന്നീ പദ്ധതികൾക്കായി 5300 കോടിയാണ് സർക്കാർ ബജറ്റിൽ നീക്കിവച്ചത്‌.

സംരക്ഷണമേകാൻ 
ടെട്രപോഡുകളും 
ഡയഫ്രം മതിലുകളും
ചെല്ലാനത്തെ തീരപ്രദേശം ടെട്രപോഡുകളും ഡയഫ്രം മതിലുകളും സംയോജിപ്പിച്ച് സംരക്ഷിക്കും.  തീരപ്രദേശത്തിന്റെ ഘടനയ്‌ക്ക് ഏറ്റവും അനുയോജ്യമായ സാങ്കേതിക മാർഗങ്ങൾ കണ്ടെത്തുന്നതിന് ബാത്തിമെട്രിക്, ഹൈഡ്രോഗ്രാഫിക് പഠനങ്ങളും നടത്തും. തീരക്കടൽ പ്രക്രിയയും അടിത്തട്ടിന്റെ മാപ്പിങ്ങുമെല്ലാം ഇതിലൂടെ പഠനവിധേയമാക്കും.

ആന്റിസ്കവർ ലെയറുള്ള ഇരട്ട ലെയേർഡ് ടെട്രപോഡുകൾ, കണ്ടൽക്കാടുകൾ, ആന്റി-സ്കവർ ലെയറുള്ള ഡയഫ്രം മതിലുകൾ, റോളിങ്‌ ബാരിയർ സിസ്റ്റം, ജിയോ -കണ്ടെയ്നറുകൾ, ജിയോ-ട്യൂബുകൾ എന്നിവപോലുള്ള പുതിയ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഉചിതമായ സംയോജനമായാണ് നടപ്പാക്കുക. ആന്റിസ്‌കവർ ലെയറുകൾ ഉപയോഗിക്കുന്നതുവഴി കടൽഭിത്തിയുടെ അടിഭാഗത്തെ മണ്ണൊലിച്ചുപോകുന്നത്‌ തടയാനാകും.

കേരള എൻജിനിയറിങ്‌ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള - ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി, ചെന്നൈ, ‌പാലക്കാട്‌ ഐഐടികൾ, എൻജിനിയറിങ്‌ കോളേജുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ വൈദഗ്‌ധ്യവും തീരദേശസംരക്ഷണത്തിന് ഉപയോഗിക്കും.  

ഉയരും മാതൃകാ മത്സ്യഗ്രാമം

ഫിഷറീസ് വകുപ്പിന്റെ മാതൃകാ മത്സ്യഗ്രാമം പദ്ധതി സംസ്ഥാനത്ത് ആദ്യമായി ചെല്ലാനത്ത് നടപ്പാക്കാൻ മന്ത്രിതലയോഗം തീരുമാനിച്ചിരുന്നു. കടലാക്രമണഭീഷണി നേരിടുന്നതിന് 18 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ ഇവിടെ നടപ്പാക്കുമെന്ന്‌ വ്യവസായമന്ത്രി പി രാജീവും ഫിഷറീസ്‌ മന്ത്രി സജി ചെറിയാനും അറിയിച്ചു. കഴിഞ്ഞമാസം ഉണ്ടായ കടലാക്രമണത്തിൽ നൂറോളം വീടുകളാണ്‌ ചെല്ലാനത്ത്‌ തകർന്നത്.  ആയിരത്തിലേറെ വീടുകൾ ഉപയോഗശൂന്യമായി. ഇതിന് മാറ്റം വരുത്താൻ ലക്ഷ്യമിട്ടാണ്‌ നൂറുദിന പദ്ധതിയിൽ ചെല്ലാനത്തെ ഉൾപ്പെടുത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top