03 August Tuesday

താളുംകണ്ടം ഊരുവിദ്യാകേന്ദ്രത്തിൽ 
ഇനി അറിവിന്റെ നിറവെളിച്ചം

ജോഷി അറയ്ക്കൽUpdated: Sunday Jun 13, 2021



കോതമംഗലം
തർക്കങ്ങൾ രമ്യമായി പരിഹരിച്ചതോടെ താളുംകണ്ടം വിദ്യാകേന്ദ്രത്തിൽ വൈദ്യുതിയെത്തി. ആദിവാസിക്കുരുന്നുകൾക്ക് ഇനി അറിവിന്റെ പൊൻവെളിച്ചത്തിലേക്ക്‌ ചുവടുവയ്‌ക്കാം. കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം ആദിവാസി കോളനിയിലെ ഊരുവിദ്യാകേന്ദ്രമാണ് വൈദ്യുതിയില്ലാതെ ഇരുട്ടിലായിരുന്നത്. കുട്ടമ്പുഴ പഞ്ചായത്തും പട്ടികവർഗ, വനം വകുപ്പുകളും തമ്മിൽ നിലനിന്ന തർക്കം പരിഹരിച്ചതോടെയാണ്‌ താളുംകണ്ടത്ത്‌ വൈദ്യുതി എത്തിയത്‌.

എല്ലാ മേഖലയിലും സ്കൂൾ തുറന്ന് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും ഊരുവിദ്യാകേന്ദ്രത്തിൽ വൈദ്യുതി ഇല്ലാത്തതിനാൽ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതെ വിഷമിക്കുകയായിരുന്നു ഇവിടത്തെ കുട്ടികൾ. ഇതറിഞ്ഞ ആന്റണി ജോൺ എംഎൽഎ വനം, - വൈദ്യുതി, പട്ടികവർഗക്ഷേമ മന്ത്രിമാരുമായി തിരുവനന്തപുരത്ത് നടത്തിയ അടിയന്തര ഇടപെടലാണ് ലക്ഷ്യംകണ്ടത്‌. മലയാറ്റൂർ ഡിഎഫ്ഒ രവികുമാർ മീണ, തുണ്ടം ഫോറസ്റ്റ് റേഞ്ചർ മുഹമ്മദ് റാഫി, കെഎസ്‌ഇബി വേങ്ങൂർ സെക്ഷൻ അസിസ്റ്റന്റ്‌ എൻജിനിയർ ബാബു എന്നിവരുടെ സഹകരണവും ചേർന്നതോടെ തടസ്സങ്ങൾ വഴിമാറി.

ഊരുവിദ്യാകേന്ദ്രം പ്രവർത്തിക്കുന്ന വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വൈദ്യുതി ലഭിച്ചിരുന്നില്ല. തെരഞ്ഞെടുപ്പുകളിൽ പോളിങ്‌ ബൂത്തായി ഉപയോഗിക്കുന്നതിന്‌ സമീപത്തെ വീട്ടിൽനിന്ന് താൽക്കാലിക വൈദ്യുതി കണക്ഷൻ ലഭ്യമാക്കുകയായിരുന്നു പതിവ്.  മുടങ്ങിപ്പോയ പഠനം വൈദ്യുതി ലഭിച്ചതോടെ കുട്ടികൾ പുനരാരംഭിച്ചു. നിയോജകമണ്ഡലത്തിലെ എല്ലാ മേഖലയിലും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും ഊരുവിദ്യാകേന്ദ്രത്തിൽമാത്രം വൈദ്യുതിയില്ലാതെ കുരുന്നുകളുടെ പഠനം മുടങ്ങിയതറിഞ്ഞതിനെ തുടർന്നായിരുന്നു എംഎൽഎയുടെ അടിയന്തര ഇടപെടൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top