23 August Friday

ബാലഭാസ‌്കറിന്റെ മരണം : അർജുൻ തിരിച്ചെത്തി; പൊലീസ‌് നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019


തിരുവനന്തപുരം
വയലിനിസ‌്റ്റ‌്‌ ബാലഭാസ‌്കറിന്റെ മരണത്തിനുശേഷം ഒളിവിൽ പോയ ഡ്രൈവർ അർജുൻ നാട്ടിൽ തിരിച്ചെത്തി. ഒളിവിൽ തുടരുന്നത‌് ഗുണകരമാകില്ലെന്ന‌ും കുരുക്ക‌് കൂടുതൽ മുറുകാൻ ഇടയാക്കുമെന്നും വിദഗ‌്ധ ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ‌് ഇയാൾ മടങ്ങിയെത്തിയത‌്. ഇയാൾ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ‌്.

പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരിയുടെ മകനും അന്വേഷണ സംഘത്തെ ബന്ധപ്പെട്ടു. താൻ ഒളിവിൽ പോയിട്ടില്ലെന്നും ഏതുസമയത്തും ഹാജരാകാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട‌്.

ക്രൈംബ്രാഞ്ച‌് ഡിവൈഎസ‌്പി കെ ഹരികൃഷ‌്ണന്റെ നേതൃത്വത്തിൽ തൃശൂരിൽ നിന്നും അപകടം നടന്ന കഴക്കൂട്ടം പള്ളിപ്പുറംവരെയുള്ള ബാലഭാസ‌്കറിന്റെ യാത്ര പുനരാവിഷ‌്കരിച്ചു. ബാലാഭാസ‌്കറിന്റെ വാഹനം സഞ്ചരിച്ച അതേ വേഗത്തിൽ സമാനപാതയിലൂടെയായിരുന്നു യാത്ര. ബാലഭാസ‌്കറിന്റെ യാത്രയുടെ അതേ സമയത്തായിരുന്നു ക്രൈംബ്രാഞ്ചിന്റെയും സഞ്ചാരം.

വാഹനം കടന്നുപോകുമ്പോൾ യാത്ര ക്യാമറയിൽ പതിയാൻ സാധ്യതയുള്ള സ്ഥലങ്ങൾ, എത്തിചേരാൻ വേണ്ടിവന്ന സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചു. കൊല്ലം പള്ളിമുക്കിൽ ബാലഭാസ‌്കറും അർജുനും ജ്യൂസ‌് കുടിച്ച  കടയിൽ ഉൾപ്പെടെ തെളിവെടുപ്പ‌് നടത്തി.

ഫോറൻസിക‌് റിപ്പോർട്ട‌്, മൊബൈൽ ഫോൺ കോളുകളുടെയും പരിശോധന ഫലം എന്നിവയ്ക്കുവേണ്ടി കാക്കുകയാണ‌് അന്വേഷക സംഘം. ഇതുവരെയുള്ള അന്വേഷണത്തിൽ  ബാലഭാസ‌്കറിനെ യാത്രക്കിടയിൽ അപായപ്പെടുത്താൻ ശ്രമം നടന്നതിനുള്ള സൂചനകൾ ലഭിച്ചിട്ടില്ല.

25ൽ അധികം പേരുടെ കോൾ വിശദാംശങ്ങാണ‌് സൈബർവിഭാഗത്തിന്റെ സഹായത്തോടെ പരിശോധിക്കുന്നത‌്. ഫോറൻസിക‌് പരിശോധന ഫലം ലഭ്യമാകുന്നതോടെ വാഹനം ഓടിച്ചത‌് ആരെന്ന‌് വ്യക്തമാകും. അപകടശേഷം മൂന്നുതവണയാണ‌് അർജുൻ മൊഴിമാറ്റിയത‌്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വേളയിൽ വാഹനം ഓടിച്ചത‌് താനാണെന്ന‌് സമ്മതിച്ചിരുന്നു. എന്നാൽ പൊലീസിന‌് മുന്നിൽ ബാലഭാസ‌്കറാണെന്ന‌് തിരുത്തി. പിന്നീട‌് ക്രൈംബ്രാഞ്ചിന‌് മുന്നിൽ എത്തിയപ്പോൾ വാഹനം ഓടിച്ചത‌് ആരെന്ന‌് ഓർമയില്ലെന്ന‌് മൊഴിനൽകി.

മിൽക‌് ഷേക്ക‌് പങ്കിട്ട‌് കുടിച്ചു; തിടുക്കത്തിൽ മടങ്ങി
തിരുവനന്തപുരം
കൊല്ലം–- പള്ളിമുക്കിൽ വാഹനം നിർത്തി ബാലഭാസ‌്കറിന‌്  മിൽക‌് ഷേക്ക‌് വാങ്ങി നൽകിയത‌് അർജുൻ. ചവറ സ്വദേശികളായ മൂന്ന‌് പേരാണ‌് ഇക്കാര്യം ക്രൈംബ്രാഞ്ചിനെ അറിയിച്ചത‌്. ഒരു ഷേക്ക‌് വാങ്ങി ബാലഭാസ‌്കറും അർജുനും പങ്കിട്ട‌് കഴിക്കുകയായിരുന്നു. പിൻസീറ്റിൽ ഇരുന്ന ബാലഭാസ‌്കർ ഇറങ്ങിയില്ലെന്നും ഇവർ മൊഴി നൽകി.

പിൻസീറ്റിൽ ഇരുന്നയാൾ സിനിമ, സീരിയൽ നടനാണെന്നാണ‌് ഇവർ ആദ്യം കരുതിയത‌്. പിന്നീട‌് ബാലഭാസ‌്കറാണെന്ന‌്  തിരിച്ചറിഞ്ഞു.  തുടർന്ന‌് ഒരു സെൽഫി എടുക്കാൻ ആലോചിച്ചു. ഇതിനകം അർജുനും ബാലഭാസ‌്കറും ഷേക്ക‌് കുടിച്ചുതീർന്നിരുന്നു. അർജുൻ തിടുക്കത്തിൽ വാഹനം കയറി സ‌്റ്റാർട്ടാക്കി മടങ്ങുകയും ചെയ‌്തു.

 


പ്രധാന വാർത്തകൾ
 Top