20 June Thursday

മാലിന്യ നിർമാർജനത്തിന‌് ലോകോത്തര സംവിധാനം ഒരുക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


സ്വന്തം ലേഖകൻ
സംസ്ഥാനത്ത‌് മാലിന്യനിർമാർജനത്തിന‌് ലോകോത്തര സംവിധാനമൊരുക്കാനാണ‌് സർക്കാർ ശ്രമിക്കുന്നതെന്ന‌്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  പരിസ്ഥിതിവകുപ്പും മലിനീകരണ നിയന്ത്രണബോർഡും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഇ‐മാലിന്യ സംസ്‌കരണത്തിന‌് പുത്തൻ സംരംഭങ്ങളുമായി വ്യവസായപാർക്കുകളിലേക്ക് കടന്നുവരാൻ സംരംഭകർ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ എല്ലാ ജില്ലകളിലും മാലിന്യനിർമാർജന സംവിധാനം പ്രവർത്തിക്കുന്നുണ്ട‌്. മാലിന്യത്തിൽനിന്ന് ഊർജം ഉൽപ്പാദിപ്പിക്കുന്ന ഏഴ‌് പ്ലാന്റ‌് വിവിധ ജില്ലകളിലായി സ്ഥാപിക്കുകയാണ്. കൂടാതെ, കേന്ദ്രീകൃത മാലിന്യ സംസ്‌കരണപ്ലാന്റുകളും സ്ഥാപിക്കും.

യൂറോപ്പ‌് സന്ദർശനത്തിനിടെ ആധുനിക മാലിന്യ സംസ്‌കരണപ്ലാന്റുകളുടെ പ്രവർത്തനം നേരിട്ട‌് മനസ്സിലാക്കാനായി. അത്തരത്തിൽ ലോകോത്തര നിലവാരമുള്ള ശാസ്ത്രീയ മാലിന്യസംസ്‌കരണ സംവിധാനങ്ങളൊരുക്കുകയാണ് ലക്ഷ്യം.

ഉൽപ്പന്നങ്ങളുടെ സംസ്‌കരണംവരെ ഉൽപ്പാദകർക്കുകൂടി ഉത്തരവാദിത്തമുണ്ടാകുകയെന്ന ആശയം മികച്ചതാണ്. ഉൽപ്പന്ന പാക്കേജിങ്ങിലും പ്ലാസ്റ്റിക്, ലോഹം ഉൾപ്പെടെ നിരവധി വസ്തുക്കൾ വരുന്നുണ്ട്.  ഇവ തിരിച്ച‌് ശേഖരിച്ച് പുനഃചംക്രമണം ചെയ്ത് ഉൽപ്പാദകർക്ക് ഉപയോഗിക്കാം. അത് പ്രായോഗികമല്ലെങ്കിൽ മാലിന്യസംസ്‌കരണച്ചെലവ് വഹിക്കേണ്ടതും അവരുടെ ഉത്തരവാദിത്തമാണ്. നിലവിൽ ഉപഭോക്താക്കളാണ് ഈ ചെലവ‌് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേയർ വി കെ പ്രശാന്ത് അധ്യക്ഷനായി. ചീഫ് സെക്രട്ടറി ടോം ജോസ്, തദ്ദേശസ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് എന്നിവർ സംസാരിച്ചു. പരിസ്ഥിതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് സ്വാഗതവും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ അജിത് ഹരിദാസ് നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top