20 August Tuesday

ഇ എം എസ് സ്മൃതി തൃശൂരിൽ ഇന്നു തുടങ്ങും ; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

തൃശൂർ
തുടർവിദ്യാഭ്യാസ  പരിപാടിയായ "ഇ എം എസ് സ്മൃതി' വ്യാഴാഴ്ച തൃശൂരിൽ ആരംഭിക്കും. സംഗീത നാടക അക്കാദമി റീജണൽ തിയറ്ററിൽ  രാവിലെ പത്തിന്   സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.  ഇ എം എസിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന പരിപാടി വെള്ളിയാഴ്ചയും തുടരും.

തൃശൂർ കോസ്ഫോറ്യുർഡിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന സംവാദത്തിന്റെ വിഷയം  "ജനാധിപത്യം, സമത്വം: ലിംഗം, ജാതി സമകാലീന ഇന്ത്യയിൽ' എന്നതാണ്.  ഉദ്ഘാടന സമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് അധ്യക്ഷനാകും. പ്രൊഫ. പ്രഭാത് പട്നായിക് മുഖ്യപ്രഭാഷണം നടത്തും.  പകൽ രണ്ടിന് "ജനാധിപത്യം സമത്വം, ജാതി' എന്ന സെഷനിൽ  ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ്  അധ്യക്ഷനാകും. ഇക്കണോമിക്  ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി പത്രാധിപർ പ്രൊഫ. ഗോപാൽ ഗുരു വിഷയം അവതരിപ്പിക്കും.  ഡോ. മീര വേലായുധൻ, ഡോ. സുനിൽ പി ഇളയിടം എന്നിവർ സംസാരിക്കും.  

14ന് രാവിലെ 9.30ന് "ജനാധിപത്യവും ലിംഗപദവി മാനങ്ങളും'  എന്ന സെഷനിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി വിഷയം അവതരിപ്പിക്കും. മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനാകും. മന്ത്രി കെ കെ ശൈലജ, ഡോ. ഇഷിത മുഖർജി, മേരി തോമസ്, വിജയരാജ മല്ലിക എന്നിവർ സംസാരിക്കും.  പകൽ രണ്ടിന് "ജനാധിപത്യവും ന്യൂനപക്ഷങ്ങളും എന്ന സെഷനിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി വിഷയം അവതരിപ്പിക്കും. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനാകും. സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ്  അംഗം ബിനോയ് വിശ്വം എംപി, ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. കെ എം സീതി എന്നിവർ  സംസാരിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top