22 October Tuesday

ബസ‌് ടെർമിനൽ നിർമാണം : ആലുവയിൽ കെഎസ‌്ആർടിസി സർവീസ‌് ക്രമീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


ആലുവ
കെഎസ‌്ആർടിസി സ‌്റ്റാൻഡിൽ പുതിയ ബസ‌് ടെർമിനൽ നിർമിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ക്രമീകരണത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക‌് പരിഹരിക്കാൻ അൻവർ സാദത്ത‌് എംഎൽഎ യോഗം വിളിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ 14 മുതൽ 21 വരെ ബദൽ ക്രമീകരണം ഏർപ്പെടുത്താൻ ധാരണയായി.
സൂപ്പർഫാസ‌്റ്റ‌ുകളുടേതുപോലെ ഫാസ‌്റ്റ‌്പാസഞ്ചർ ബസുകളും നഗരത്തിൽ പ്രവേശിക്കില്ല. തൃശൂർ, എറണാകുളം ഭാഗത്തേക്കുള്ള കെഎസ‌്ആർടിസി ബസുകൾ ദേശീയപാത വഴി കടന്നുപോകും. തൃശൂരിൽനിന്ന‌് വരുന്ന ബസുകൾ മെട്രോസ‌്റ്റേഷന‌് മുമ്പിൽ യാത്രക്കാരെ ഇറക്കി മേൽപ്പാലംവഴി എറണാകുളത്തേക്ക‌് പോകും. എറണാകുളം ഭാഗത്തുനിന്ന‌് വരുന്ന ഫാസ‌്റ്റ‌്–-സൂപ്പർ ഫാസ‌്റ്റ‌് ബസുകൾ പുളിഞ്ചോടുനിന്ന‌് സമാന്തരറോഡ‌് വഴി ബൈപാസിന‌് സമീപം തൈനോത്ത‌് സ‌്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റണം.

സമാന്തരറോഡ‌് ഉപേക്ഷിച്ച‌് മേൽപ്പാലംവഴി വരുന്ന ബസുകൾക്കെതിരെ കെഎസ‌്ആർടിസിയും പൊലീസും കർശനനടപടി സ്വീകരിക്കും. പുളിഞ്ചോട‌് കവലയിൽ കെഎസ‌്ആർടിസിയുടെയും ട്രാഫിക‌് പൊലീസിന്റെയും നിരീക്ഷണമുണ്ടാകും. എറണാകുളത്തുനിന്ന‌് ഇടുക്കി, മൂന്നാർ, കോതമംഗലം ഭാഗത്തേക്ക‌് പോകുന്ന ബസുകൾ നഗരം ചുറ്റാതെ പമ്പുകവല വഴി കടന്നുപോകും. രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെയാണ‌് ഫാസ‌്റ്റ‌്പാസഞ്ചർ ബസുകൾക്ക‌ും മലയോര ബസുകൾക്കും പുതിയ ക്രമീകരണം.

ആലുവയിൽ സർവീസ‌് അവസാനിക്കുന്ന പെരുമ്പാവൂർ, കീഴ‌്മാട‌് ഭാഗങ്ങളിൽനിന്ന‌് സീനത്തുകവല വഴി വരുന്ന എല്ലാ കെഎസ‌്ആർടിസി ബസുകളും പഴയ മുനിസിപ്പൽ സ‌്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കണം. തുടർന്ന‌് കെഎസ‌്ആർടിസി സ‌്റ്റാൻഡിന‌് മുമ്പിലൂടെ സ്വകാര്യസ‌്റ്റാൻഡിൽ എത്തണം. കൂടുതൽ സമയം ഇടവേളയുണ്ടെങ്കിൽ അതേ ടിക്കറ്റിൽ ആദ്യം പോകുന്ന ബസിൽ കയറ്റിവിടണം. പറവൂർ, അങ്കമാലി ഭാഗത്തുനിന്ന‌് വരുന്ന ബസുകൾ കെഎസ‌്ആർടിസി കവലയിൽ യാത്രക്കാരെ ഇറക്കുന്നതിനും പ്രത്യേക പോയിന്റ‌് നിശ‌്ചയിക്കും. മടങ്ങിപ്പോകാൻ  കൂടുതൽ സമയമുള്ള ബസുകൾ സ്വകാര്യസ‌്റ്റാൻഡിൽ എത്തി പാർക്ക‌് ചെയ്യണം. നഗരത്തിൽ രാവിലെ എട്ടുമുതൽ പത്തുവരെയും പകൽ മൂന്നുമുതൽ അഞ്ചുവരെയും കൂടുതൽ പൊലീസിനെ വിന്യസിക്കും.

  യോഗത്തിൽ കെഎസ‌്ആർടിസി സോണൽ മാനേജർ എം ടി സുകുമാരൻ, എടിഒ ഷാജി കുര്യാക്കോ, ഡിവൈഎസ‌്പി എം ആർ മധുബാബു, ട്രാഫിക‌് എസ‌്ഐ പി കെ അബ്ദുൾകരീം, പ്രിൻസിപ്പൽ എസ‌്ഐ പി കെ മോഹിത‌്, എഎസ‌്ഐ പി സുരേഷ‌്, കെഎസ‌്ആർടിസി യൂണിയൻ നേതാക്കളായ എം പി അബ്ബാസ‌് (സിഐടിയു), ടി വി അനിൽ (ഐഎൻടിയുസി), പി വി സതീഷ‌്, പി ആർ സ‌്മിതോഷ‌് (ബിഎംഎസ‌്), ഉമ്മർ (എഐടിയുസി) എന്നിവർ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top