17 September Tuesday

കരകൗശല തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


തിരുവനന്തപുരം
കരകൗശല മേഖലയിലെ തൊഴിലാളികൾക്ക്  കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചു.  കലാശില്പ നിർമാണ പ്രവർത്തന മേഖലയിലെ ലോഹം, ലോഹസങ്കരം, മരം, മൃഗങ്ങളുടെ കൊമ്പുകൾ, സിമന്റ്, കളിമണ്ണ്, പ്ലാസ്റ്റിക്, പ്ലാസ്റ്റർ ഓഫ് പാരീസ്, സ്റ്റോൺ തുടങ്ങിയവ കൊണ്ടുള്ളത് എന്നീ മേഖലയിലെ കൂലിയാണ് പുതുക്കി നിശ്ചയിച്ചത്.

അതിവിദഗ‌്ധവിഭാഗം- എ മാസ്റ്റർ ക്രാഫ്സ്റ്റ്മാൻ, ചീഫ് ആർട്ടിസ്റ്റ് - പുതുക്കിയ വേതന നിരക്ക് - 720 രൂപ, (ബി) ക്രാഫ്സ്റ്റ്മാൻ ആർട്ടിസ്റ്റ് - 650, വിദഗ‌്ധ വിഭാഗം- ക്രാഫ്റ്റ്സ് അസിസ്റ്റന്റ്, ആർട്ട് അസിസ്റ്റന്റ്, മോൾഡേഴ്സ്, ഡൈ മേക്കേഴ്സ്, കാർവിങ‌് വർക്കേഴ്സ്- 580, അർധവിഭാഗം- പോളിഷർ, കട്ടർ, ക്രാഫ്റ്റ്സ്, ആർട്ട് ഹെൽപ്പർ -510, ഓഫീസ് ജീവനക്കാർ,- മാനേജർ-16,850, സൂപ്പർവൈസർ -15,030, അക്കൗണ്ടന്റ്, ക്ലാർക്ക്,ക്യാഷ്യർ, കംപ്യൂട്ടർ ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, റിസപ്ഷനിസ്റ്റ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, സ്റ്റോർ കീപ്പർ, ഡ്രൈവർ -11,740, സ്റ്റോർ അസിസ്റ്റന്റ് , പായ്ക്കർ, പ്യൂൺ, വാച്ച്മാൻ, ഹെൽപ്പർ -11,630, ക്ലീനർ, സ്വീപ്പർ - 11,400 രൂപ എന്നിങ്ങനെയാണ് കൂലി പുതുക്കിയത്.

ദിവസ വേതനക്കാർക്ക് മേൽക്കാണിച്ച അടിസ്ഥാനവേതനത്തിന‌് പുറമേ ഇക്കണോമിക‌്സ‌് ആൻഡ‌് സ‌്റ്റാറ്റിസ്റ്റിക്സ്  ഓരോ ജില്ലാ കേന്ദ്രത്തിനും വേണ്ടി പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയുടെ (199899=100) 300 പോയിന്റിന് മുകളിൽ വരുന്ന ഓരോ പോയിന്റിനും ഒരു രൂപാ നിരക്കിലും മാസശമ്പളക്കാർക്ക് 26 രൂപാ നിരക്കിലും ക്ഷാമബത്ത നൽകും.  വിജ്ഞാപനം പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ  ഒരു സ്ഥാപനത്തിലോ ഒരു തൊഴിലുടമയുടെ കീഴിലോ 5 വർഷമോ അതിൽ കൂടുതലോ സേവന കാലം പൂർത്തിയാക്കിയവർക്ക് അവർ പൂർത്തിയാക്കിയ ഓരോ 5 വർഷത്തെ സേവനകാലയളവിനും പുതുക്കിയ അടിസ്ഥാന വേതനത്തിന്റെ  5 ശതമാനം നിരക്കിൽ പരമാവധി 15 ശതമാനം പരിധിയിൽ സർവീസ് വെയിറ്റേജായി അടിസ്ഥാന വേതനത്തിൽ ഉൾപ്പെടുത്തി അനുവദിക്കും.
വിജ്ഞാപനത്തിൽ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ വേതനത്തേക്കാൾ ഉയർന്ന വേതനം  ലഭിക്കുന്നിടത്ത് അപ്രകാരമുള്ള ഉയർന്ന നിരക്ക്  തുടർന്നും ലഭിക്കും. ഗസറ്റ‌് വിജ്ഞാപനം വരുന്ന തീയതി മുതൽ പുതുക്കിയ കൂലി  പ്രാബല്യത്തിൽ വരും.

ഏതെങ്കിലും വിഭാഗത്തിൽ പീസ് റേറ്റോ കരാർ നിരക്കോ നടപ്പാക്കുന്നിടത്ത് പുതുക്കിയ കൂലി നിശ്ചയിച്ച നിരക്കിൽ  8 മണിക്കൂർ ജോലിയുള്ള മിനിമം വേതനം ലഭിക്കും. മാസവേതനം നിശ്ചയിച്ചവിഭാഗക്കാരുടെ ദിവസ വേതനം ക്ഷാമബത്ത അടക്കമുള്ള മൊത്തം മാസവേതനത്തെ 26 കൊണ്ട് ഭാഗിച്ചും ദിവസ വേതനം നിശ്ചയിച്ച വിഭാഗക്കാരുടെ മാസവേതനം ക്ഷാമബത്ത അടക്കമുള്ള മൊത്തം ദിവസവേതനത്തെ 26 കൊണ്ട് ഗുണിച്ചുമാണ് കണക്കാക്കുന്നത്. ഏതെങ്കിലും വിഭാഗം ജീവനക്കാരെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ അത്തരം ജീവനക്കാർക്ക് സമാന പദവിയിലുള്ള ജീവനക്കാർക്ക് നിശ്ചയിച്ച രീതിയിലുള്ള വേതനം ലഭിക്കാൻ അർഹതയുണ്ടായിരിക്കുമെന്ന്   ഉത്തരവ‌് വ്യക്തമാക്കിയിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top