18 August Sunday

പെരിയ ഇരട്ടക്കൊല : സിബിഐ വേണമെന്ന‌് തോന്നുന്നത‌് മാധ്യമവാർത്തകൾ മൂലം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


കൊച്ചി
കാസർകോട് പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നുമുള്ള തോന്നൽ മാധ്യമവാർത്തകൾ മൂലമുണ്ടായതാണെന്നു ഹൈക്കോടതി.  അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്ന തോന്നലും ഇതുകൊണ്ടാണ‌്. പ്രഥമവിവര റിപ്പോർട്ടിൽ  രാഷ്ട്രീയ കൊലപാതകമെന്നു പറഞ്ഞത‌് അന്വേഷണത്തിനുശേഷം വ്യക്തിവൈരാഗ്യം മൂലമാണെന്ന‌് മാറ്റിയത‌ിൽ അപാകമില്ലെന്നും സിംഗിൾബെഞ്ച്  വ്യക്തമാക്കി. കേസ‌് സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും ജാമ്യാപേക്ഷകളിലെ വിധികളുമല്ലാതെ ഹർജിയിൽ ഒന്നുമില്ലെന്ന‌് കോടതി പറഞ്ഞു. സിബിഐക്കു അന്വേഷണം കൈമാറേണ്ട സാഹചര്യമെന്തെന്ന‌് ഹർജിയിൽ വ്യക്തമല്ല. അന്വേഷണം തൃപ്തികരമല്ലെന്ന‌് വെറുതെപറഞ്ഞിട്ട് കാര്യമില്ല. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ പ്രസ്താവനയിലെ കാര്യങ്ങൾ പരിഗണിച്ചാൽ അന്വേഷണം  സിബിഐക്കു കൈമാറണമെന്ന‌് ഉത്തരവിടാനാവില്ല. കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനി ഹർജികൊണ്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല. സംഭവം നടക്കുന്നതിനുമുമ്പ് ആരോ പ്രസംഗിച്ചുവെന്നതുകൊണ്ട് അന്വേഷണം സിബിഐക്കു കൈമാറാനാവില്ല. ഹർജി തിടുക്കത്തിൽ ഫയൽ ചെയ്തതാണ്. ഹർജിക്കാരുടെ ആശങ്ക മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമുള്ളതാണെന്നും കോടതി പറഞ്ഞു.

ഫലപ്രദമായും പ്രഫഷണലായും  അന്വേഷണം നടത്തിയെന്നു പൊലീസിനുവേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻനായർ കോടതിയെ അറിയിച്ചു. ദൃക്‌സാക്ഷികളില്ലാത്ത കേസായിട്ടും ശാസ്ത്രീയ അന്വേഷണം നടത്തി ആദ്യദിനംതന്നെ ഒന്നാം പ്രതിയെ അറസ്റ്റുചെയ‌്തു. മറ്റു പ്രതികൾ അടുത്ത ദിവസങ്ങളിൽ കീഴടങ്ങി. ആക്രമണത്തിനിടെ പരിക്കേറ്റ ഒരു പ്രതിയുടെ ഡിഎൻഎ പരിശോധനവരെ നടത്തി. ആയുധങ്ങൾ ശാസ്ത്രീയപരിശോധന നടത്തി. കുറ്റപത്രവും നൽകി. വ്യക്തിവൈരാഗ്യം തീർക്കാൻ പ്രധാനപ്രതി പീതാംബരൻ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നും ഡിജിപി ചൂണ്ടിക്കാട്ടി. കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. തുടർന്ന് ഇതിന് 10 ദിവസം സമയം അനുവദിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top