18 September Wednesday

ആർസിസിയിൽ ക്യാൻസർ കണ്ടെത്തി; കോട്ടയത്തെ പരിശോധനയിൽ രോഗമില്ലെന്ന‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


കോട്ടയം
തിരുവനന്തപുരം ആർസിസിയിൽ കാൻസർ സ്ഥിരീകരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിക്ക‌് കോട്ടയം മെഡിക്കൽ കോളേജ‌് പതോളജി ലാബിലെ പരിശോധനാ റിപ്പോർട്ടിൽ  രോഗമില്ലെന്ന‌് കണ്ടെത്തിയത‌് ആശയക്കുഴപ്പത്തിനിടയാക്കി.  ഒടുവിൽ രോഗിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത‌് ചികിത്സ ആരംഭിക്കാൻ ക്യാൻസർ വിഭാഗം തീരുമാനമെടുത്തു. ആർസിസിയിലെ ലാബ‌്പരിശോധനയുടെ കൂടുതൽ രേഖകൾകൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന‌് ക്യാൻസർ വിഭാഗം യൂണിറ്റ‌് ചീഫ‌് ഡോ. സുരേഷ‌്കുമാർ പറഞ്ഞു. തെറ്റായ പരിശോധനാഫലം വരുത്തിയ പിഴവിൽ യുവതിക്ക‌് കീമോ ചെയ്യേണ്ടി വന്നത‌് വിവാദമായതിനു പിന്നാലെയാണ‌് കോട്ടയം മെഡിക്കൽ കോളേജ‌് ആശുപത്രി ക്യാൻസർ വിഭാഗം നേരിട്ട മറ്റൊരു പ്രതിസന്ധി.  

അമ്പതുകാരനായ കാഞ്ഞിരപ്പളളി സ്വദേശിക്ക‌്   ആമാശയത്തിൽ ക്യാൻസർ ബാധിച്ചെന്നാണ‌് ആർസിസിയിലെ കണ്ടെത്തൽ. തുടർചികിത്സക്ക‌് കോട്ടയത്താണ‌് സൗകര്യമെന്ന‌് രോഗിയുടെ ബന്ധുക്കൾ അറിയിച്ചതിനാൽ ആർസിസിയിൽ നിന്ന‌് റഫർ ചെയ‌്ത രേഖയും കൈമാറി.  പരിശോധന രേഖ  രോഗികൾതന്നെ കൊണ്ടുവരുന്നതാണ‌് പതിവുരീതി. ഈ റിപ്പോർട്ടുകൾ പരിശോധിക്കുന്നത‌് കൂടാതെയാണ‌് പതോളജിയിലും അയച്ച‌് റിപ്പോർട്ട‌് വരുത്തിയത‌്. എന്നാൽ പരിശോധനാഫലം നെഗറ്റീവായിരുന്നു. രണ്ടു തരം റിപ്പോർട്ടിന്റെ പേരിൽ കുടശനാട‌് സ്വദേശി രജനിക്ക‌് കീമോ തെറാപ്പി ചികിത്സ നടത്തി അടുത്തിടെ മെഡിക്കൽ കോളേജ‌് ആശുപത്രി വിവാദത്തിൽപെട്ടിരുന്നു. ഈ സംഭവത്തിൽ കേസിലകപ്പെട്ട ഡോ. സുരേഷ‌്കുമാർ തന്റെ ആശങ്ക അറിയിച്ചു. തിരുവനന്തപുരത്ത്  ചികിത്സ തുടരാൻ അദ്ദേഹം നിർദേശിച്ചെങ്കിലും രോഗിയുടെ ബന്ധുക്കൾ തയ്യാറായില്ല. തങ്ങളുടെ സമ്മതത്തോടെ ചികിത്സ തുടരണമെന്ന‌് ബന്ധുക്കൾ ആവശ്യപ്പെട്ടു. തുടർന്ന‌് ക്യാൻസർ വിഭാഗം വകുപ്പ‌് മേധാവി ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ‌്  രോഗിയുടെ സ്ഥിതിവിവരം പരിശോധിച്ച‌് ചികിത്സക്കുള്ള അനുമതി ഡോ. സുരേഷ‌്കുമാറിന‌് നൽകുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top