23 October Wednesday

നിപാ: വിദ്യാർഥിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


കൊച്ചി
നിപാ ബാധിച്ച‌് ചികിത്സയിൽ തുടരുന്ന വിദ്യാർഥിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. സാധാരണനിലയിൽ ഭക്ഷണം കഴിച്ചുതുടങ്ങി. ബന്ധുക്കളുമായി സംസാരിക്കുന്നുണ്ട‌്. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിലുണ്ടായിരുന്ന അഞ്ച് രോഗികളിൽ രണ്ടുപേരെക്കൂടി ഡിസ്ചാർജ് ചെയ്തു. എന്നാൽ, പുതുതായി മൂന്നുപേരെ  പ്രവേശിപ്പിച്ചു. ഇവരുടെ സാമ്പിൾ പരിശോധന നടന്നുവരികയാണ്.

നിപാരോഗിയുമായി സമ്പർക്കം പുലർത്തിയ ഒരാളെക്കൂടി നിരീക്ഷിക്കാൻ ബുധനാഴ‌്ച തീരുമാനിച്ചു. ഇതോടെ നിരീക്ഷണ പട്ടികയിലുള്ളവരുടെ എണ്ണം 330 ആയി. എന്നാൽ,  ഇവരിലാർക്കും  രോഗലക്ഷണമില്ല. എല്ലാവരുടെയും ആരോഗ്യനില തൃപ‌്തികരമാണ‌്. നിരീക്ഷണ കാലാവധി പൂർത്തിയാകുന്ന 33 പേരെ വ്യാഴാഴ‌്ച വൈകിട്ട് നിരീക്ഷണപ്പട്ടികയിൽ നിന്നൊഴിവാക്കും. 

മേയിൽ എറണാകുളം ജില്ലയിൽ സംഭവിച്ച 1,798  മരണങ്ങളിൽ  1,689 എണ്ണത്തിന്റെ രേഖകൾ പരിശോധിച്ചു. സംശയാസ‌്പദമായി ഒന്നും കണ്ടെത്തിയില്ല. ജില്ലയിലെ 78 സ്വകാര്യആശുപത്രികളിൽ മരിച്ചവരുടെ പശ്ചാത്തലം പരിശോധിച്ചതിലും സംശയാസ‌്പദമായി ഒന്നും കണ്ടെത്തിയില്ല. ആരോഗ്യവിദഗ്ധർ നാല് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.


പ്രധാന വാർത്തകൾ
 Top