16 July Tuesday

ന്യൂജെൻ കോഴ‌്സുകൾ വ്യാപകമാക്കും: കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019



തിരുവനന്തപുരം
സർക്കാർ, എയ‌്ഡ‌ഡ‌് കോളേജുകളിൽ അടുത്തവർഷം മുതൽ പുതിയ കോഴ‌്സുകൾ ആരംഭിക്കുമെന്ന‌് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ പറഞ്ഞു. എൻബിഎ അക്രഡിറ്റേഷൻ ഉള്ള എൻജിനിയറിങ‌് കോളേജുകളിൽ ഇക്കൊല്ലം ന്യൂജൻ കോഴ്‌സുകളായ ഫുഡ് ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിസൈൻ എൻജിനിയറിങ‌്, റോബോട്ടിക് ആൻഡ‌്‌ ഓട്ടേമേഷൻ എന്നിവ ആരംഭിച്ചു. അടുത്ത അധ്യയന വർഷം മുതൽ ഇവ അടിസ്ഥാന സൗകര്യങ്ങളുള്ള മറ്റ‌് കോളേജുകളിലേക്കും വ്യാപിപ്പിക്കും.

കേന്ദ്രത്തിൽ നിന്ന‌്  റൂസ ഫണ്ട‌് ഏറ്റവും കൂടുതൽ വാങ്ങിയെടുത്ത സംസ്ഥാനമാണ‌് കേരളം. രണ്ട‌് ഘട്ടങ്ങളായി 120 കോളേജുകൾക്ക‌് 254.83 കോടി രൂപ ലഭ്യമാക്കി. ഇതിൽ 101 കോടി സംസ്ഥാന വിഹിതമാണ‌്. എൻഐആർഎഫ‌് റാങ്കിങ്ങിൽ കേരള, എംജി, കലിക്കറ്റ‌് സർവകലാശാലകൾ മികച്ച സ്ഥാനം കരസ‌്ഥമാക്കി. 

സംസ്കൃത സർവകലാശാല റാങ്കിങ‌്‌ പുനഃപരിശോധനക്ക‌് അപേക്ഷിച്ചു. 66 സർക്കാർ കോളേജുകളിൽ 33നും 192 എയ‌്ഡഡ‌് കോളേജുകളിൽ 168നും നാക‌് എ അക്രഡിറ്റേഷനുണ്ട‌്. ഒമ്പത‌് സർക്കാർ എൻജിനിയറിങ‌് കോളേജുകളിൽ ആറിനും ആകെയുള്ള മൂന്ന‌് എയ‌്ഡഡ‌് എൻജിനിയറിങ‌് കോളേജുകൾക്കും 113ൽ 15 സ്വാശ്രയ എൻജിനിയറിങ‌് കോളേജുകൾക്കും എൻബിഎ അക്രഡിറ്റേഷനുണ്ട‌്.

അടുത്ത അധ്യയന വർഷം ഒന്നാം ക്ലാസ‌് മുതൽ പിജി തലം വരെ ഒരേദിവസം ക്ലാസ‌് തുടങ്ങും. ബിരുദാനന്തര ബിരുദതല വിദ്യാഭ്യാസം പുനഃസംഘടിപ്പിക്കാൻ ബംഗളൂരു ഐഐഎസ‌്‌സി പ്രൊഫസറായ ഡോ. ഇ ഡി ജെമ്മിസ‌് അധ്യക്ഷനായ വിദഗ‌്ധ സമിതിയെ രൂപീകരിച്ചതായും  എ എൻ ഷംസീർ, ഐ ബി സതീഷ‌്, പിടിഎ റഹീം, എം കെ മുനീർ, പി മുഹമ്മദ് മുഹ്‌സിൻ എന്നിവരെ മന്ത്രി അറിയിച്ചു.

അലിഗഡ‌്  സെന്റർ: കേന്ദ്രവുമായി ചർച്ച നടത്തും
അലിഗഡ‌് സർവകലാശാലയുടെ മലപ്പുറം സെന്ററിന്റെ വികസനത്തിന‌് കേന്ദ്രസർക്കാരിന‌് താൽപ്പര്യമില്ലെങ്കിൽ ബാക്കിയുള്ള സ്ഥലത്ത‌് സംസ്ഥാന സർക്കാർ മറ്റ‌് വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കുമെന്ന‌് മന്ത്രി കെ ടി ജലിൽ പറഞ്ഞു. സർവകലാശാലക്ക് 385 ഏക്കർ ഭൂമിയാണ‌് ഏറ്റെടുത്തു നൽകിയത‌്. എന്നാൽ കേന്ദ്ര സർക്കാരിന്റെ നയങ്ങളുടെ ഭാഗമായാണ് സർവകലാശാലയുടെ പ്രവർത്തനം അവതാളത്തിലായത്. നിലവിൽ മൂന്ന് കോഴ്‌സുകൾ മാത്രമാണ് ഇവിടെയുള്ളത്. 
കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി യൂണിവേഴ്‌സിറ്റിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തും.  താ‌ൽപ്പര്യമില്ലെങ്കിൽ ഭൂമി സർക്കാർ ഏറ്റെടുക്കുന്ന കാര്യം സർക്കാർ ആലോചിക്കുമെന്നും പി ടി എ റഹിമിനെ മന്ത്രി അറിയിച്ചു.

 


പ്രധാന വാർത്തകൾ
 Top