18 June Friday

തേവര–-പേരണ്ടൂർ കനാൽ നവീകരണത്തിന്‌ ഭൂമി ഏറ്റെടുക്കാൻ അനുമതി

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021


കൊച്ചി
കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച്‌ കൊച്ചിയിലെ കനാലുകൾ നവീകരിച്ച്‌ ഗതാഗതയോഗ്യമാക്കുന്ന പദ്ധതിയിൽ പേരണ്ടൂർ കനാൽ നവീകരണത്തിന്‌ സ്ഥലമേറ്റെടുക്കാൻ അനുമതി. നഗരത്തിലെ വലിയ കനാലുകളിലൊന്നായ തേവര–-പേരണ്ടൂർ കനാലിന്റെ 11.15 കിലോമീറ്റർ ഭാഗത്തെ കൈയേറ്റം ഒഴിപ്പിച്ച്‌ 7.4617 ഹെക്‌ടർ സ്ഥലം ഏറ്റെടുക്കാനാണ്‌ റവന്യുവകുപ്പ്‌ കലക്‌ടർക്ക്‌ അനുമതി നൽകിയത്‌.

ചേരാനല്ലൂർ, ഇടപ്പള്ളി സൗത്ത്‌, എറണാകുളം, എളംകുളം വില്ലേജുകളിലായാണ്‌ സ്ഥലം ഏറ്റെടുക്കുന്നത്‌. സംയോജിത നഗരനവീകരണ, ജലഗതാഗത പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചി മെട്രോ റെയിൽ കോർപറേഷനാണ്‌ (കെഎംആർഎൽ) പദ്ധതി നടപ്പാക്കുന്നത്‌.

നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ജലപാതകളെ ബന്ധിപ്പിച്ച്‌ നടപ്പാക്കുന്ന ജലമെട്രോ പദ്ധതിയുടെ ഭാഗമായാണ്‌ കൊച്ചിയിലെ ആറു പ്രധാന കനാലുകൾ ആഴവും വീതിയും കൂട്ടി നവീകരിക്കുന്നത്‌. കനാലുകൾക്ക്‌ ഇരുപുറവും നടപ്പാതകൾ നിർമിച്ചും സൗന്ദര്യവൽക്കരിച്ചും അന്താരാഷ്‌ട്ര നിലവാരത്തിലാണ്‌ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്‌. പേരണ്ടൂർ പുഴയിൽനിന്ന്‌ ആരംഭിച്ച്‌ തേവര കായലിൽ എത്തുന്ന തേവര–-പേരണ്ടൂർ കനാൽ മാലിന്യം അടിഞ്ഞും കൈയേറ്റങ്ങളാലും ഉപയോഗ്യമല്ലാത്ത നിലയിലാണിപ്പോൾ. കനാൽ ഭാഗമാകെ 16.5 മീറ്റർ വീതിയിലും ഒന്നരമീറ്റർ ആഴത്തിലും നവീകരിക്കണം.

രണ്ടുപുറത്തും രണ്ടു മീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കണം.  നിലവിൽ എട്ടുമുതൽ 48 മീറ്റർവരെ വീതിയാണ്‌ കനാലിനുള്ളത്‌. ശരാശരി 18 മീറ്ററും. ആഴം ഒരു മീറ്ററിൽ താഴെയും. കനാൽ ഭാഗത്തുടനീളം കൈയേറ്റവുമുണ്ട്‌. നഗരത്തിലെ പ്രധാനപ്പെട്ട രണ്ട്‌ കോളനികളും പേരണ്ടൂർ കനാൽ തീരത്താണ്‌. കനാൽ പുറമ്പോക്കുകളിൽ താമസിക്കുന്നവരുടെ പുനരധിവാസത്തിന്‌ സംസ്ഥാന സർക്കാർ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്‌. കാക്കനാട്ട്‌ ഇരുനൂറിലേറെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഫ്ലാറ്റിന്റെ നിർമാണം കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഉദ്‌ഘാടനം നിർവഹിച്ചത്‌. പേരണ്ടൂർ കനാലിനുപുറമെ ഇടപ്പള്ളി, ചിലവന്നൂർ, തേവര, മാർക്കറ്റ്‌, കോന്തുരുത്തി കനാലുകളാണ്‌ നവീകരിക്കുന്ന മറ്റു കനാലുകൾ.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഡിപിആർ തയ്യാറാക്കിയത്‌ നെതർലൻഡ്‌സിലെ ഏജൻസിയാണ്‌. കിഫ്‌ബിയിൽനിന്നുള്ള 1528 കോടി രൂപയാണ്‌ ചെലവഴിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top