19 September Thursday

സമഗ്രശിക്ഷാ കേരളം: സമർപ്പിച്ചത‌് 1460 കോടിയുടെ പദ്ധതി; കേന്ദ്രാനുമതി 897 കോടിമാത്രം

സ്വന്തം ലേഖകൻUpdated: Monday May 13, 2019

തിരുവനന്തപുരം > പൊതുവിദ്യാഭ്യാസ വകുപ്പിലെ എസ‌്എസ‌്എയും ആർഎംഎസ‌്എയും സംയോജിപ്പിച്ച‌് രൂപീകരിച്ച സമഗ്രശിക്ഷാ കേരളം കേന്ദ്രത്തിന‌് സമർപ്പിച്ച 1460 കോടിയുടെ വാർഷികപദ്ധതി കേന്ദ്രം വെട്ടിച്ചുരുക്കി. പ്രളയാനന്തര കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണത്തിനടക്കം സമർപ്പിച്ച പദ്ധതികൾ പലതും അംഗീകരിച്ചില്ല. 897 കോടി രൂപയുടെ പദ്ധതികളാണ‌് 2019–- 20 അധ്യയന വർഷത്തേക്ക‌് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ പ്രോജക്ട് അപ്രൂവൽ ബോർഡ‌് (പിഎബി) അംഗീകരിച്ചത‌്. മുൻ അധ്യയന വർഷം ലഭിച്ചതിൽനിന്ന‌് കൂടുതൽ തുക അംഗീകരിച്ചെങ്കിലും എയ‌്ഡഡ‌് വിദ്യാലയങ്ങൾക്ക‌് ഫണ്ട‌് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം ഇത്തവണയും തള്ളി‌.

എയ‌്ഡഡ‌് സ‌്കൂളുകളെ അംഗീകരിക്കാൻ തയ്യാറാകാത്തത‌് ഫണ്ട‌് ലഭ്യതയിൽ കേരളത്തിന‌് വൻ നഷ്ടമുണ്ടാക്കി. സംസ്ഥാനത്തെ 11947 പൊതുവിദ്യാലയങ്ങളിൽ  63 ശതമാനവും എയ‌്ഡഡ‌് മേഖലയിലാണ‌്‌. അതിനാൽ എയ‌്ഡഡ‌് സ‌്കൂളുകളിലെ സൗജന്യ പുസ‌്തകം, യൂണിഫോം, സ‌്റ്റൈപെൻഡുകൾ എന്നിവയ‌്ക്ക‌് സംസ്ഥാന സർക്കാർ തുക കണ്ടെത്തണം.
അധ്യാപകർക്കും ജീവനക്കാർക്കും സർക്കാർ ശമ്പളം നൽകുകയും ഫീസ‌് ഈടാക്കാതെ പഠിപ്പിക്കുകയും ചെയ്യുന്ന എയ‌്ഡഡ‌് വിദ്യാലയങ്ങളെ കേന്ദ്രം സ്വകാര്യ സ‌്കൂളുകളുടെ പട്ടികയിലാണ‌് പെടുത്തിയിരിക്കുന്നത‌്. ഇത‌് നീക്കണമെന്നും അവയെ പൊതുവിദ്യാലയങ്ങളായി അംഗീകരിക്കണമെന്നും യോഗത്തിൽ കേരളം ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ വർഷം അംഗീകരിച്ച പദ്ധതിയിൽ  പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അക്കാദമിക പ്രവർത്തനങ്ങൾക്കും അടിസ്ഥാനസൗകര്യവികസനം, ടീച്ചർ എഡ്യൂക്കേഷൻ, ഡയറ്റുകളുടെ ശക്തീകരണം എന്നിവയ‌്ക്ക‌ും തുക അനുവദിച്ചിട്ടുണ്ട‌്. പൊതു വിദ്യാലയങ്ങളുടെ നവീകരണത്തിലും അക്കാദമിക ഇടപെടലുകളിലും കേരളം നടത്തിയ പ്രവർത്തനങ്ങളെ പിഎബി യോഗം പ്രശംസിച്ചു.

കഴിഞ്ഞവർഷം തുടക്കംകുറിച്ച പ്രീപ്രൈമറി പിന്തുണ പദ്ധതിക്ക് 20 കോടി രൂപ വകയിരുത്തി. ഭിന്നശേഷി  കുട്ടികൾക്ക് തനതായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന‌്  115 കോടി രൂപ അനുവദിച്ചു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, കായികവിദ്യാഭ്യാസം, വിദ്യാലയ വിലയിരുത്തൽ, പഠനവിടവുകൾ പരിഹരിക്കൽ, മൂല്യനിർണയം ശക്തിപ്പെടുത്തൽ തുടങ്ങിയവയ്ക്കും പ്രത്യേകം തുക ലഭിച്ചു.

സംസ്ഥാനത്തെ 100 സർക്കാർ സ്കൂളുകളിൽ 3.5 ലക്ഷം രൂപ നിരക്കിൽ 3.50 കോടി രൂപയുടെ സോളാർ പദ്ധതിക്ക‌് അംഗീകാരം ലഭിച്ചു. പെൺകുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് 12 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായി. ആദിവാസിവിദ്യാർഥികൾക്കായി നിലവിലുള്ള മൂന്ന‌് ഹോസ്റ്റലിനു പുറമെ കണ്ണൂർ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മൂന്ന‌് ഹോസ്റ്റലുകൾക്ക്‌ കൂടി അനുമതി ലഭിച്ചു. കണ്ണൂരിൽ ഡയറ്റിന് പ്രത്യേകം കെട്ടിടം പണിയുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്.  പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, സമഗ്രശിക്ഷാ  ഡയറക്ടർ ഡോ. എ പി  കുട്ടിക്കൃഷ്ണൻ, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിക്കുന്ന  ജെസ്സി ജോസഫ്, എസ‌്സിഇആർടി ഡയറക്ടർ ഡോ. ജെ  പ്രസാദ് എന്നിവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top