21 February Thursday

ടെല്‍ക് ജീവനക്കാര്‍ക്ക് 5 കോടിയുടെ ആനുകൂല്യങ്ങള്‍ നല്‍കി

വെബ് ഡെസ്‌ക്‌Updated: Thursday Apr 13, 2017

അങ്കമാലി  > പൊതുമേഖലാ സ്ഥാപനമായ അങ്കമാലി ടെല്‍ക്കില്‍ കഴിഞ്ഞ ആറുമാസത്തിനിടെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വേതനകുടിശ്ശികയുള്‍പ്പെടെ അഞ്ചുകോടി രൂപ വിതരണംചെയ്തു.

വേതന കുടിശ്ശികയിനത്തില്‍ ആദ്യഘട്ടം മൂന്നേകാല്‍കോടി രൂപയാണ് നല്‍കിയത്. രണ്ടാംഘട്ടം ഒരുകോടി 45 ലക്ഷം രൂപ ബുധനാഴ്ച വിതരണംചെയ്തു. ഇതിന് പുറമെ മാര്‍ച്ചില്‍ ഇന്‍സന്റീവ് 35 ലക്ഷം രൂപയും വിഷു അഡ്വാന്‍സ് 1000 രൂപ വീതവും കൊടുത്തു. 2011-16 വരെ 11 മാസത്തെ വേതനകുടിശ്ശികയിനത്തില്‍ രണ്ടുകോടി 90 ലക്ഷം രൂപ കൊടുത്ത് തീര്‍ക്കേണ്ടതുണ്ട്.  

വാര്‍ത്താസമ്മേളനത്തില്‍ ടെല്‍ക്ക് ചെയര്‍മാന്‍ അഡ്വ. എന്‍ സി മോഹനനാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ളവരും വിരമിച്ചവരുമുള്‍പ്പെടെ 565പേര്‍ക്കാണ് ആനുകൂല്യം ലഭിച്ചത്. സര്‍വീസിലുള്ള 265 ജീവനക്കാര്‍ക്കും 54 ഓഫീസര്‍മാര്‍ക്കും ആനുകൂല്യം കിട്ടി. വിരമിച്ച 217 ജീവനക്കാര്‍ക്കും 29 ഓഫീസര്‍മാര്‍ക്കും ലഭിച്ചു.

ഓപ്പറേറ്റര്‍ ട്രെയ്നി, ജൂനിയര്‍ എന്‍ജിനിയര്‍ ട്രെയ്നി, എന്‍ജിനിയര്‍ ട്രെയ്നി എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് അടുത്ത ജൂലൈ മുതല്‍ 2000 രൂപ വര്‍ധിപ്പിച്ച് നല്‍കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടുവര്‍ഷം വന്‍ നഷ്ടത്തിലായിരുന്ന ടെല്‍ക്കിനെ 2016-17 സാമ്പത്തികവര്‍ഷം വര്‍ധിച്ച ഉല്‍പ്പാദനത്തിലൂടെയും കാര്യക്ഷമതയിലൂടെയും ലാഭത്തിലെത്തിക്കാനായി. 160 കോടി വിറ്റുവരവ് നേടി സ്ഥാപനം ഒരുകോടി ആറുലക്ഷം രൂപ ലാഭത്തിലായി. 2016-17 ആദ്യ ഒമ്പതുമാസത്തെ 14 കോടി നഷ്ടം അവസാന മൂന്നുമാസത്തെ പ്രവര്‍ത്തനംകൊണ്ട് മറികടന്നാണ് 1.06 കോടി ലാഭത്തിലാക്കിയത്.

പ്രധാന വാർത്തകൾ
 Top