30 September Wednesday

നീ വേണം; അല്ലെങ്കിൽ നിന്റെ ജീവൻ ; പക മണക്കുന്ന പ്രതികാരത്തിന്റെ തീ ചീറ്റുന്ന പ്രണയങ്ങൾ

പി വി ജീജോUpdated: Friday Feb 14, 2020

 

‘‘അത്രമേൽ പ്രണയിക്കയാൽ
നിന്നെ ഞാൻ വെറുക്കുന്നു.
പ്രണയിക്കാതിരിക്കാനായി
പ്രേമത്തെ കൈവിടുന്നു’’

അനുരാഗികളുടെ ചുണ്ടിലൂറുന്ന നെരൂദയുടെ ഈ വരികളെഴുതിയ മഞ്ഞക്കടലാസിലാണ് ദിനിൽ ജീനയ്ക്ക് തന്റെ പ്രണയസമ്മാനമയച്ചത്. അതൊരു പനിനീർ പൂവായിരുന്നില്ല. മോതിരവിരലായിരുന്നു. പ്രണയിച്ച പെൺകുട്ടിയെ നഷ്ടമായപ്പോൾ വിരലറുത്തയച്ചത് കോഴിക്കോട്ടെ ഒരു ക്യാമ്പസിൽ. എന്നാൽ, പ്രണയനൈരാശ്യത്തിൽ ഏകലവ്യന്മാരാകുകയല്ല നമ്മുടെ ചെറുപ്പക്കാരിൽ ഒരുപറ്റം. പ്രണയവും വിവാഹവും നിരസിക്കപ്പെടുമ്പോൾ പ്രതികാരത്തോടെ കാമിനിയെ പെട്രോളൊഴിച്ച് കത്തിക്കുകയാണവർ. നിരാശയാൽ കടപ്പുറത്തലയുന്ന പരീക്കുട്ടിയും ജീവനർപ്പിക്കുന്ന രമണനുമല്ല, പ്രേമനിഷേധത്തിൽ കൊലവാളേന്തുന്ന കാമുകന്മാരാണ്‌ ചുറ്റും. പ്രണയങ്ങളിൽ പെട്രോൾ മണക്കുന്നു. ഏത്‌ നിമിഷവും പാഞ്ഞെത്താവുന്ന വിദ്വേഷത്തിന്റെ തീക്കൊള്ളി ഉള്ളിൽക്കരുതി പക മണക്കുന്ന പ്രതികാരത്തിന്റെ തീ ചീറ്റുകയാണ്‌ പ്രണയങ്ങൾ.

‘ദേശാഭിമാനി’ കോഴിക്കോട് ബ്യൂറോ ചീഫ് പി വി ജീജോ തയ്യാറാക്കിയ പരമ്പര

 

നീ വേണം; അല്ലെങ്കിൽ നിന്റെ ജീവൻ

ചുമരിലെ മകളുടെ പടംനോക്കി വിതുമ്പുകയാണൊരച്ഛൻ
‘‘ അവൾ പിറവിയിലേ മരിക്കുമെന്നാ ഡോക്ടർമാർ പറഞ്ഞത്. ജീവനോടെ പുറത്തുവന്നാൽ കൈകാലുണ്ടാകില്ലെന്നും. പക്ഷേ, അവൾ പിറന്നു, മിടുക്കിയായി വളർന്നു. ഞങ്ങളത് കണ്ടുനിന്നു. കഷ്ടപ്പാടിലും ഈ വീട്ടിലെ സന്തോഷം മോളായിരുന്നു. അവളെ ഇല്ലാതാക്കിയപ്പം ഞങ്ങളെ ജീവിതത്തിന്റെ വിളക്കാ അണച്ചത്‌’’–ഇത്‌ കൊച്ചി കതൃക്കടവിലെ താനിപ്പള്ളി വീട്ടിൽ ആന്റണി.

പ്രണയം നിരസിച്ചതിന്റെ പേരിൽ സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ ജീവൻ കവർന്നെടുക്കപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ. പ്ലസ്‌ടുക്കാരിയായ മകൾ ഇവ നഷ്ടപ്പെട്ടതിന്റെ നടുക്കത്തിൽനിന്ന്‌ മുക്തമായിട്ടില്ല ആ വീട്. പ്രേമത്തിന്റെ പേരിൽ പുറകേനടന്ന സഫർ ഷാ എന്ന ചെറുപ്പക്കാരനാണ് കൊലപാതകി. പിന്നാലെ നടന്ന് ശല്യപ്പെടുത്തി. കരഞ്ഞുപറഞ്ഞിട്ടും അവളെ ജീവിക്കാൻ അനുവദിച്ചില്ല... ആന്റണിയുടെ വാക്കുകൾ മുറിയുന്നു.

മൂന്നുവർഷം 8 കൊല
പ്രണയനിരാസമാണ് ഇവ മോളുടെ ജീവനെടുത്തതെങ്കിൽ വിവാഹത്തിന് വിസമ്മതിച്ചതാണ് ആലപ്പുഴയിലെ പൊലീസുകാരി സൗമ്യയുടെ കൊലയ്‌ക്ക് കാരണമായത്. കുത്തിയും കത്തിച്ചും പ്രണയിനിയോട്‌ പ്രതികാരം ചെയ്‌ത സംഭവം തലസ്ഥാന ജില്ലയിലുമുണ്ടായി. 2019 ഏപ്രിലിലാണ് തൃശൂരിൽ എൻജിനിയറിങ്‌ വിദ്യാർഥിനി നീതു ചുട്ടെരിക്കപ്പെട്ടത്. തിരുവല്ല റെയിൽവേ സ്റ്റേഷൻ റോഡിൽ പെട്രോൾ ഒഴിച്ച് വിദ്യാർഥിനിയെ കൊന്നത് ഒരു വർഷംമുമ്പ്. കഴിഞ്ഞ വർഷത്തെ വാലന്റൈൻസ്  ദിനത്തിനടുത്തായിരുന്നു കോട്ടയത്ത്‌ പാരാമെഡിക്കൽ വിദ്യാർഥിനിയെ സീനിയർ വിദ്യാർഥി കൊന്നത്. തിരൂരിൽ പതിനഞ്ചുകാരിയെ ബംഗാളി യുവാവ് കുത്തിക്കൊന്ന സംഭവത്തിലും പ്രേമമായിരുന്നു വില്ലൻ. കടമ്മനിട്ടയിൽ പതിനേഴുകാരിയുടെ ജീവനെടുത്തത് പെട്രോളൊഴിച്ചായിരുന്നു.  തൃശൂർ ചെങ്ങാലൂരിൽ പിണങ്ങിപ്പോയ ഭാര്യയെ നടുറോഡിലിട്ട് കത്തിച്ചു.  എറണാകുളത്തെ ഉദയംപേരൂർ ഇവിടങ്ങളിലും സ്‌ത്രീകളുടെ ജീവനെടുത്ത സംഭവങ്ങളുണ്ടായി. പ്രണയം നിഷേധിച്ചതിന് സംസ്ഥാനത്ത് ഈയടുത്ത് നടന്ന കൊലകളാണിവ.

പ്രണയത്തിനുമേൽ ആണധികാരത്തിന്റെ ചോരക്കളി തുടർക്കഥകളായി. കവികൾ പാടിപ്പാടി വലുതാക്കിയ പ്രണയസങ്കൽപ്പങ്ങളുടെയെല്ലാം കടയ്ക്കൽ കത്തികുത്തിനിർത്തിയിരിക്കുന്നു. നോ പറയുന്ന പെണ്ണിനെ സഹിക്കാൻ കഴിയാത്തവിധം അവളുടെമേൽ അധികാരമുണ്ടെന്ന് വിശ്വസിക്കുന്ന പൗരുഷം മാത്രമല്ല പ്രശ്നം. പുതിയ ചില്ലകൾ തേടുമ്പോൾ പഴയതിനെ കൊന്നുകളയുന്നവരുമുണ്ട്.  കാസർകോട്ട്‌ ഭർത്താവിനെ കൊല്ലാൻ കാമുകന് ക്വട്ടേഷൻ കൊടുത്ത സംഭവംമുതൽ വള്ളിക്കുന്നിലെ പൊലീസുകാരിയുടെ കൊലവരെ അതിനും ഉദാഹരണങ്ങൾ.

കൂടുതൽ കൊല യുപിയിൽ
16 വർഷത്തിനിടെ രാജ്യത്താകെ 44,412 കൊലപാതകമാണ് പ്രണയത്തിന്റെ പേരിൽ അരങ്ങേറിയത്. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഒടുവിലത്തെ കണക്കിൽ ഒരു വർഷം ഏറ്റവുമധികം പ്രണയവധം നടന്നത് യുപിയിലാണ്–- 395 കൊല. ആന്ധ്രയിൽ 384 ജീവൻ നഷ്ടമായി. ഇതിൽ 16 പേർ പുരുഷന്മാരാണ്. ഗുജറാത്തിൽ 156 ജീവൻ പ്രണയഭ്രാന്ത്‌ കവർന്നു. മഹാരാഷ്ട്ര - 277. ബംഗാൾ- 29, തമിഴ്നാട് -76, കർണാടക -61 എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ പ്രേമം മരണകാരണമായതായാണ് കണക്ക്. ദുരഭിമാനക്കൊലയും ആസിഡാക്രമണവും മറ്റിടങ്ങളിൽ വ്യാപകമാണ്.

 
പ്രണയം ഇങ്ങനെയാണോ? ബാലചന്ദ്രൻ ചുള്ളിക്കാട്‌
ഉത്തരവാദിത്തമുള്ള മാനുഷിക വിചാരബന്ധമാണ്‌ പ്രണയം. ഞാൻ അത്തരമൊരു തലത്തിലൂടെ കടന്നുവന്നതാണ്‌. ഞാനും വിജയലക്ഷ്‌മിയുമല്ല മറ്റു പലരും പ്രേമിച്ചിട്ടുണ്ട്‌. പ്രേമിച്ച്‌ ജീവിക്കുന്നുമുണ്ട്‌. മറ്റുപല പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു അന്ന്‌ ക്യാമ്പസുകളിലും പുറത്തും പ്രണയം. ഇഷ്ടാനിഷ്ടങ്ങളിൽ, നിലപാടുകളിലൊക്കെ ഒരേകരൂപത, യോജിപ്പ്‌. ഇവ പ്രണയമായി വികസിക്കയായിരുന്നു പലപ്പോഴും. ആരുടെയെങ്കിലും താൽപ്പര്യങ്ങൾ നടക്കാതാകുമ്പോൾ പകയും പ്രതികാരവുമായി മാറുന്നതാണ്‌ ഇന്ന്‌ കാണുന്നത്‌. ഇവയെ പ്രണയമാണെന്നു പറയുന്നത്‌ ശരിയല്ലെന്നാണ്‌ എന്റെ അഭിപ്രായം. ശരിക്കും ഇതൊരു മനോരോഗമാണ്‌. ഇതിന്‌ സാമൂഹ്യമായും മാനസികമായുമുള്ള ചികിത്സയാണാവശ്യം.

കാമുകരെങ്ങനെ കൊലയാളികളാകുന്നു. പ്രേമമിങ്ങനെ കലിയാകുന്നതെന്തെ?
(നാളെ വായിക്കാം )

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top