05 April Sunday

ഇന്ത്യയെ വീണ്ടും കണ്ടെത്തേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യം: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020


കൊച്ചി
സ്വതന്ത്രവും നിർഭയവുമായ ആശയവിനിമയത്തിനുനേരെ വെല്ലുവിളികൾ ഉയരുന്ന കാലത്ത്‌ മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാത്ത ഇന്ത്യയെ വീണ്ടും കണ്ടെത്തേണ്ടത്‌ ആവശ്യമായിരിക്കുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കൃതി അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ഇന്ത്യയെ കണ്ടെത്തൽ വീണ്ടും എന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പല കാലങ്ങളിൽ വിവിധ രീതികളിൽ നടന്നിട്ടുള്ളതായി ചരിത്രം പരിശോധിച്ചാൽ കാണാം. ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ ഗാന്ധിജി ഇന്ത്യയെ അറിയാൻ മൂന്നാംക്ലാസ്‌ ടിക്കറ്റിൽ രാജ്യമാകെ സഞ്ചരിച്ചു. ചിക്കാഗോയ്‌ക്ക്‌ പുറപ്പെടുന്നതിനുമുമ്പ്‌ ഭിക്ഷാപാത്രവുമെടുത്ത്‌ വിവേകാനന്ദൻ കന്യാകുമാരിവരെ യാത്രചെയ്‌തു. ശ്രീനാരായണഗുരു അധികം സഞ്ചരിച്ചില്ലെങ്കിലും ലോകത്തെ അറിയാൻ ഗാന്ധിജിപോലും അദ്ദേഹത്തിന്റെ അടുത്തേക്കുവന്നു.

ജാതി സംബന്ധിച്ച ഗാന്ധിയുടെ കാഴ്‌ചപ്പാടുകളിൽ മാറ്റങ്ങളുണ്ടായി. സമത്വവും ചൂഷണരഹിതമായ പ്രകൃതി–-മനുഷ്യ ബന്ധവും സ്വാംശീകരിക്കുന്ന കാഴ്‌ചപ്പാടുകളാണ്‌  ഈ അന്വേഷണങ്ങളുടെയെല്ലാം അടിയൊഴുക്കായി വർത്തിച്ചത്‌. സത്യമാണ്‌ ദൈവമെന്നും ഓരോരുത്തരും വിശ്വസിക്കുന്ന മാർഗത്തിലൂടെ അവർക്ക്‌ അതിലേക്ക്‌ എത്തിച്ചേരാനാകട്ടെ എന്നുമാണ്‌ ഗാന്ധിജി എഴുതിയത്‌. മതവും വംശീയതയും മുൻനിർത്തി സമത്വം നേടിയെടുക്കാനാകില്ലെന്ന്‌ വിവേകാനന്ദൻ പറഞ്ഞു. ലോകജനതയെയാകെ ഉൾക്കൊണ്ട ദേശീയതയെക്കുറിച്ചാണ്‌ നെഹ്‌റു ചിന്തിച്ചത്‌.

ആരുടെ ഇന്ത്യ എന്ന ചോദ്യത്തിന്‌ നവോത്ഥാനനായകരും സ്വാതന്ത്ര്യ പ്രക്ഷോഭകരുമെല്ലാം നടത്തിയ കണ്ടെത്തലുകളുടെ കനലുകൾ ഇന്നും ചരിത്രത്തിൽ കെടാതെ കിടക്കുന്നു. നമ്മൾ നമ്മളായതെങ്ങനെ എന്ന്‌ ചിന്തിക്കേണ്ട കാലമാണിത്‌. മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടത്‌ അത്തരം അന്വേഷണങ്ങളിലൂടെയാകണം. വര്‍ഗീയവിഭജനം സൃഷ്‌ടിക്കാനുള്ള എറ്റവും ഹീനശ്രമമാണ്‌ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത്‌. അഴിമതിരഹിതവും സുതാര്യവും ജനപക്ഷവുമായ ഭരണം കാഴ്‌ചവച്ചാണ്‌ ആം ആദ്മി പാര്‍ടി അതിനെ പ്രതിരോധിച്ചതെന്നും എം എ ബേബി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top