05 April Sunday

തോക്ക്‌ ക്യാമ്പിലുണ്ട്‌; വെടിയുണ്ട കാണാതായത്‌ അന്വേഷിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020


സ്വന്തം ലേഖകൻ
എസ്‌എപി ക്യാമ്പിൽനിന്ന്‌ തോക്കുകൾ കാണാതായെന്ന സിഎജി റിപ്പോർട്ടിലെ പരാമർശം വസ്‌തുതാപരമല്ലെന്ന്‌ അധികൃതർ. കാണാതായെന്നു പറയുന്ന 25  റൈഫിളും എസ്‌എപി  ക്യമ്പിൽത്തന്നെയുണ്ട്‌. സിഎജി ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക്‌ വന്നപ്പോൾ  നേരത്തെ സിറ്റി എആർ ക്യാമ്പിൽ കൊണ്ടുപോയ റൈഫിളുകൾ മടക്കിയെത്തിച്ച രേഖകൾ കാണിക്കാൻ വിട്ടുപോയതിനാലാണ്‌ അത്തരം പരാമർശമുണ്ടായെതെന്നാണ്‌ പൊലീസ്‌ അധികൃതരുടെ വിശദീകരണം. ഇവയിൽ ചിലത്‌ ഇപ്പോൾ കെഎപി മൂന്ന്‌ ബറ്റാലിയനിലേക്കും പൊലീസ്‌ ആസ്ഥാനത്തെ ഗാർഡ്‌ ഡ്യൂട്ടിക്കും കൊണ്ടുപോയിട്ടുണ്ട്‌. വെടിയുണ്ട കാണാതായ സംഭവത്തിൽ 11 പൊലീസുകാർക്കെതിരെ കേസെടുത്തതായും ക്രൈംബ്രാഞ്ച്‌ അന്വേഷണം നടക്കുന്നതായും എസ്‌എപി കമാൻഡന്റ്‌ പറഞ്ഞു. 

റൈഫിൾ, പിസ്റ്റൾ, എ കെ 47, ഇൻസാസ്‌ തുടങ്ങിയ ഏകദേശം 700 വിവിധതരം തോക്കുകൾ എസ്‌എപി ക്യാമ്പിൽ സൂക്ഷിക്കുന്നുണ്ട്‌. ആയുധമുറിയിൽ പ്രത്യേക സുരക്ഷയിലാണ്‌ ഇവ. ഇതിൽനിന്ന്‌ എആർ ക്യാമ്പ്‌, വിവിധ ബറ്റാലിയൻ, റെയിൽവേ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ ആവശ്യത്തിന്‌ തോക്ക്‌ കൊണ്ടുപോകും. ഇങ്ങനെ കൊണ്ടുപോയതാണ്‌ 25 തോക്ക്‌. വെടിയുണ്ട കാണാതായതും  പകരം വെടിയുണ്ട വച്ചതും പൊലീസ്‌ വകുപ്പുതന്നെ കണ്ടെത്തിയിരുന്നു. ഇതിൽ അന്വേഷണവും നടത്തി. ഹവിൽദാർമാർ ഉൾപ്പെടെ 11 പേർക്കെതിരെ പേരൂർക്കട പൊലീസ്‌ കേസെടുത്തു. രണ്ടു സംഭവത്തിലും ക്രൈംബ്രാഞ്ച്‌ അന്വേഷണം നടക്കുകയാണ്‌.

 


പ്രധാന വാർത്തകൾ
 Top