01 April Wednesday

പൊലീസിൽ ഉപകരണം വാങ്ങിയത്‌ മാനദണ്ഡം പാലിച്ച്‌: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020


തിരുവനന്തപുരം
പൊലീസ്‌ വകുപ്പിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി.
കംപ്യൂട്ടർ, ലാപ്‌ടോപ്പ്‌, ക്യാമറ, വാഹനം എന്നിവ വാങ്ങിയത് സ്റ്റോർ പർച്ചേസ് നടപടി ലംഘിച്ചാണെന്നായിരുന്നു പി ടി തോമസ്‌ ഉന്നയിച്ച പ്രധാന ആരോപണം. പൊലീസ് സംവിധാനത്തെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ്‌ ഇവ വാങ്ങുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.  സംസ്ഥാന സർക്കാരിനു കീഴിലുള്ള സ്റ്റേറ്റ് എംപവേർഡ് കമ്മിറ്റിയുടെ അനുമതിയോടെ സെൻട്രൽ പ്രൊക്യൂർമെന്റ് റേറ്റ് കോൺട്രാക്ട് സിസ്റ്റം (സിപിആർസി ), ഗവൺമെന്റ് ഇ- മാർക്കറ്റിങ്‌  എന്നിവ മുഖേനയാണ്‌ വാങ്ങിയത്‌. സിസിടിവികൾ ഓപ്പൺ ടെൻഡർ വഴിയും.

സിംസ്‌ പദ്ധതിക്കെതിരായ ആരോപണവും അടിസ്ഥാനരഹിതമാണ്‌.  മോഷണശ്രമം തത്സമയം കണ്ടെത്താൻ രാജ്യത്ത് ആദ്യമായി കേരളാ പൊലീസ് നടപ്പിലാക്കിയ പദ്ധതിയാണ് സിംസ്‌.  ഈ പദ്ധതിയുടെ നിയന്ത്രണം, നടത്തിപ്പ് ചുമതല എന്നിവ സർക്കാർ-പൊതുമേഖലാ സ്ഥാപനവും സർക്കാർ ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡറായി പ്രഖ്യാപിച്ചിട്ടുള്ളതുമായ കെൽട്രോണിനാണ്. ഇതിനായി സർക്കാരോ പൊലീസോ യാതൊരു തുകയും ചെലവഴിക്കുന്നില്ല.

നക്‌സൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ എസ്എച്ച്ഒ മാർക്ക് താമസിക്കുവാൻ ക്വാർട്ടേഴ്‌സ്  നിർമിക്കാൻ അനുവദിച്ച തുക വകമാറ്റി ചെലവഴിച്ച് സർക്കാർ അനുമതിയില്ലാതെ വില്ലകളും ബംഗ്ലാവുകളുമാക്കി മാറ്റിയെന്നതും അടിസ്ഥാനരഹിതമായ ആരോപണമാണ്‌. 

കേരള ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പൊലീസുകാരെ വഴിവിട്ട് നിയമിച്ചെന്നാണ് മറ്റൊരു ആരോപണം. ഫോറൻസിക് സയൻസ് ലബോറട്ടറിയിലും മൂന്ന് മേഖലാ സയൻസ് ലബോറട്ടറികളിലുമായി 140 തസ്തികകളിൽ 64 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. അത് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാല്‌ ലാബുകളിലായി പരിശോധനയ്ക്കായി 12,000ത്തോളം ക്രൈം കേസുകൾ കെട്ടിക്കിടക്കുന്നു.  അതിനാൽ  ഫോറൻസിക് സയൻസ് ലബോറട്ടറികളിലെ സയന്റിഫിക് ഓഫീസർമാരെ സഹായിക്കാനായി ആറു മാസത്തേക്ക് താൽക്കാലികമായി വർക്ക് അറേഞ്ച്‌മെന്റിൽ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇവരെ ലബോറട്ടറിയിലെ പരിശോധനാ ചുമതലകളൊന്നും ഏൽപ്പിച്ചിട്ടില്ല. സിഎജി റിപ്പോർട്ടിലെ പൊലീസുമായി ബന്ധപ്പെട്ട പരാമർശങ്ങൾ സംബന്ധിച്ച നടപടിക്ക്‌ അതിന്റേതായ രീതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top