05 April Sunday

സർവേ നടപടികൾ ജനസൗഹൃദമാകണം: മന്ത്രി സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020


തിരുവനന്തപുരം
സർവേ നടപടികൾ കൂടുതൽ സുതാര്യമാകണമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരൻ പറഞ്ഞു. സംസ്ഥാനത്തെ ഭൂമിയുടെ ഭൂരിഭാഗവും സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഉടമസ്ഥതയിലാണ്‌. ഭൂരേഖ സംബന്ധിച്ച വിഷയങ്ങളിൽ ജനങ്ങൾക്ക്‌ ആശങ്കയുണ്ട്‌. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സർവേ, ഭൂരേഖ വ്യവഹാരങ്ങൾ കൂടുതൽ ജനസൗഹൃദമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സർവേ, റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകളുടെ പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമാക്കുന്നതിന്‌ മുന്നോടിയായി സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഴിമതി ഭൂരിഭാഗവും ഒഴിവാക്കാനാകും. ഇന്റർനെറ്റ് സംവിധാനമുള്ള ഏതൊരാൾക്കും രജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിക്കാനാകും. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ സർവേ, ഭൂരേഖ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം കൂടുതൽ മികവുറ്റതും സുതാര്യവുമാകുമെന്നും മന്ത്രി പറഞ്ഞു.

ഭൂരേഖകളുടെ ഡിജിറ്റൽ സംയോജനം, ആധുനിക സർവേ രീതികൾ, ഫലപ്രദമായ സർവേ സെറ്റിൽമെന്റ് മുറകൾ, ഭൂരേഖകൾ യഥാസമയം പുതുക്കാനുള്ള നൂതന മാർഗങ്ങൾ, ഐടി അധിഷ്ഠിത ഭൂരേഖ പദ്ധതികൾ എന്നിവ സെമിനാർ ചർച്ച ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, കേന്ദ്രസർക്കാർ, ലോകബാങ്ക് പ്രതിനിധികൾ എന്നിവർ വിഷയാവതരണം നടത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്മാർട്ട് ഗവേണൻസ്‌, ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ, നാഷണൽ ഇ-–- ഗവേണൻസ് ഡിവിഷൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും പങ്കെടുക്കുന്നു. സെമിനാറിൽ നിന്നുള്ള ആശയങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കും.

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണു, ടാക്സസ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ്‌കുമാർ സിങ്‌, ഡോ. എ കൗശികൻ, എ അലക്സാണ്ടർ,  സർവെ ആൻഡ്‌ ലാൻഡ് റെക്കോർഡ്സ്  ഡയറക്ടർ വി ആർ പ്രേംകുമാർ, ലാൻഡ് റവന്യൂ കമിഷണർ സി എ ലത എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top