26 March Tuesday

ബാങ്കുകളുടെ അമിതനിരക്ക‌്: കേന്ദ്രം ഇടപെടണം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 13, 2019


തിരുവനന്തപുരം
ബാങ്കുകൾ വിവിധ സേവനങ്ങൾക്ക‌് അമിതനിരക്കും പിഴയും ഈടാക്കുന്നത‌് തടയാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. റിസർവ് ബാങ്ക് നിഷ്‌കർഷിച്ച ചട്ടങ്ങൾ പ്രകാരമാണ‌് ബാങ്കുകൾ പ്രവർത്തിക്കുന്നത‌്. അതിനാൽ നയപരമായ കാര്യങ്ങളിൽ ഇടപെടുന്നതിന‌് സംസ്ഥാന സർക്കാരിന് പരിമിതികളുണ്ട്. എങ്കിലും ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടലിന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കും.

മിനിമം ബാലൻസ് ഇല്ലാത്തതിനാൽ സാധാരണക്കാരുടെ സേവിങ‌്സ് അക്കൗണ്ടുകളിൽനിന്നും ബാങ്കുകൾ പിഴ ഈടാക്കുന്ന വിഷയത്തിൽ സംസ്ഥാനതല ബാങ്കിങ് സമിതിയോട് സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. മിനിമം ബാലൻസ് നിബന്ധനകൾ ഉള്ളവയും ഇല്ലാത്തവയും എന്ന രീതിയിൽ ബാങ്കുകളിൽ വിവിധതരം സേവിങ‌്സ്  അക്കൗണ്ടുകൾ നിലനിൽക്കുന്നതായാണ‌് മറുപടി ലഭിച്ചത‌്.  അതുകൊണ്ട് മിനിമം ബാലൻസ് നിഷ്‌കർഷിച്ചിട്ടില്ലാത്തതും തങ്ങൾക്കനുയോജ്യവുമായ അക്കൗണ്ടുകൾ പൊതുജനങ്ങൾക്ക് തെരഞ്ഞെടുക്കാനാകുമെന്നാണ‌് അവരുടെ വിശദീകരണം.

മിനിമം ബാലൻസ് നിബന്ധനകളില്ലാത്ത അക്കൗണ്ടുകളിൽനിന്നും ബാങ്കുകൾ മിനിമം ബാലൻസ് പിഴ ഈടാക്കിയതായി പരാതികളൊന്നും ലഭിച്ചിട്ടില്ല. മിനിമം ബാലൻസ‌് ബാധകമാക്കാതെ അക്കൗണ്ടിലെ പണം മുഴുവൻ എടുക്കാൻ അക്കൗണ്ടുടമയെ ബാങ്കുകൾ അനുവദിക്കുന്നുണ്ട‌്. ഇതോടെ മിനിമം ബാലൻസിനേക്കാൾ കുറഞ്ഞ തുക അക്കൗണ്ടിലുണ്ടാകുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുന്നു. ഈ സാഹചര്യം ബാങ്കുകൾ തന്നെ സൃഷ്ടിച്ചശേഷം അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെന്ന‌ുപറഞ്ഞ‌് പിഴ ഈടാക്കുന്ന തെറ്റായ സ്ഥിതിയുമുണ്ട്. മിനിമം ബാലൻസ് ഇല്ലെന്നുപറഞ്ഞ് പിഴ ഈടാക്കുന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. അതേസമയം, എസ‌്ബിഐ വിവിധ സേവനങ്ങൾക്ക് അമിത ചാർജ‌് ഈടാക്കുന്നത് ശ്രദ്ധയിൽ വന്നിരുന്നു. ഇത‌് അടിയന്തരമായി പിൻവലിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ധനമന്ത്രിയോട് സംസ്ഥാന സർക്കാർ അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പി ടി തോമസിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top