പറവൂർ
ഒഴിഞ്ഞ കുപ്പികളിൽ പെയിന്റ് ചെയ്തും ചിത്രം വരച്ചും പറവൂർ സ്വദേശിനി കാജൽ ജ്യോതിലാൽ ഇന്ത്യ ബുക് ഓഫ് റെക്കോഡ്സിൽ. ഇന്ത്യയുടെ ഏഴു ചരിത്രസ്മാരകങ്ങൾ മൂന്നു കുപ്പികളിലായി രണ്ടുദിവസംകൊണ്ട് വരച്ചാണ് കാജൽ ഇന്ത്യ ബുക് ഓഫ് റെക്കോഡ് ബഹുമതിക്ക് അർഹയായത്.
ചെറുപ്പംമുതൽ വരയോട് താൽപ്പര്യമുള്ള കാജൽ, ചിത്രരചന ശാസ്ത്രീയമായി പഠിച്ചിട്ടില്ല. പഠനത്തോടൊപ്പം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഇപ്പോഴത്തെ നേട്ടത്തിലേക്ക് എത്തിച്ചത്. ഒഴിഞ്ഞ കുപ്പികൾ ശേഖരിച്ച് അതിൽ മനോഹരമായ ചിത്രങ്ങൾ വരച്ച് കൂട്ടുകാർക്ക് സമ്മാനം നൽകിയാണ് തുടക്കം. സുഹൃത്തുക്കളിൽനിന്ന് പ്രോത്സാഹനം ലഭിച്ചതോടെ ഇതിൽനിന്ന് വരുമാനമുണ്ടാക്കാനായി ശ്രമം. ഇതിനായി ഇൻസ്റ്റാഗ്രാമിൽ ‘കുപ്പി’ എന്ന പേരിൽ അക്കൗണ്ട് തുടങ്ങി. ഇതിന് പ്രചാരമേറിയതോടെ കേരളത്തിന് പുറത്തുനിന്നും ആവശ്യക്കാർകൂടി.
ഇതിനിടയിലാണ് ഇന്ത്യ ബുക് ഓഫ് റെക്കോഡ്സ് അധികൃതരുമായി ബന്ധപ്പെട്ടത്. ചെയ്യുന്ന കലാസൃഷ്ടി ഏതെന്ന് അറിയിക്കാൻ അവർ നിർദേശിച്ചു. ചരിത്രസ്മാരകങ്ങളായ ഇന്ത്യാഗേറ്റ്, ചാർമിനാർ, ആഗ്ര ഫോർട്ട്, റെഡ് ഫോർട്ട്, താജ്മഹൽ, കുത്തബ് മിനാർ, ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നിവ തെരഞ്ഞെടുത്ത് അധികൃതരെ അറിയിച്ചു. ഇതിന് അവർ അംഗീകാരം നൽകി. ഒഴിഞ്ഞ മദ്യക്കുപ്പികളിൽ രണ്ടുദിവസംകൊണ്ട് പൂർത്തിയാക്കിയ രചന പൂർണമായും വീഡിയോയിൽ ചിത്രീകരിച്ച് അധികൃതർക്ക് കൈമാറി. കാജൽ റെക്കൊർഡ് ബുക്കിൽ ഇടം നേടിയതായി അറിയിച്ച് അധികൃതരുടെ അറിയിപ്പുമെത്തി. അതിന്റെ രേഖകൾ ഇ–-മെയിലിൽ അടുത്ത ദിവസം എത്തും.
പെരുമ്പടന്ന അറയ്ക്കപ്പറമ്പിൽ ജ്യോതിലാൽ–-കവിത ദമ്പതികളുടെ മകളായ കാജൽ ആലുവ യുസി കോളേജിൽനിന്ന് ബിരുദപഠനം പൂർത്തിയാക്കിയിട്ടുണ്ട്. മൂന്നുവയസ്സുമുതൽ നൃത്തം അഭ്യസിക്കുന്നു. എസ്എഫ്ഐ പറവൂർ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ യുവതീ സബ്കമ്മിറ്റിയുടെ സജീവപ്രവർത്തകയുമാണ്. പറവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സമദർശി എന്ന ഓൺലൈൻ ചാനലിന്റെ അവതാരകയുമാണ് കാജൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..