28 February Sunday
താൽക്കാലിക തസ്തിക കൂടി ഉൾപ്പെടുത്തിയാൽ ഇത് 44,000 വരും

1,51,513 പേര്‍ക്ക് പിഎസ്‌സി നിയമനം നൽകി; 27,000 സ്ഥിരം തസ്തിക സൃഷ്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021

തിരുവനന്തപുരം

അഴിമതിയില്ലാതെ  സുതാര്യമായി  നിയമനം നടത്തുന്ന സർക്കാരിനെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച്‌ പ്രതിപക്ഷം പുകമറ സൃഷ്‌ടിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. 1,51,513 പേർക്ക് പിഎസ്‌സി  വഴി നിയമനവും  അഡ്‌വൈസ് മെമ്മോയും  നൽകി. പരമാവധി നിയമനങ്ങൾ പിഎസ്‌സിക്ക്‌  റിപ്പോർട്ട് ചെയ്യുകയെന്ന ഉറച്ച നിലപാടാണ്‌ സർക്കാരിന്‌. ഒരു പിൻവാതിൽ നിയമനവും നടത്തിയിട്ടില്ലെന്നും  ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ-സാമൂഹ്യനീതി മേഖലയിൽ ഇതുവരെ 5985 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി. നീതിന്യായ വ്യവസ്ഥയുടെ ശാക്തീകരണത്തിന്റെ ഭാഗമായി പുതുതായി 1990 തസ്തികകളിൽ പിഎസ്‌സി നിയമനം നടത്തി. പൊലീസിൽ  4933 തസ്തികയും ഹയർസെക്കൻഡറി തലത്തിൽ മാത്രം 3540 തസ്തികയും സൃഷ്ടിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ 721 പുതിയ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്.  ഇങ്ങനെ 27,000 സ്ഥിരം തസ്തിക സർക്കാർ  സൃഷ്ടിച്ചിട്ടുണ്ട്. താൽക്കാലിക തസ്തികകൾ കൂടി ഉൾപ്പെടുത്തിയാൽ ഇത് 44,000 വരും. 

സർക്കാർ സ്ഥാപനങ്ങളിൽ സ്‌പെഷ്യൽ റൂളുകൾ തയ്യാറാക്കാനും നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുമുള്ള പ്രക്രിയ നടക്കുന്നു.   കമ്പനി, ബോർഡ്, കോർപറേഷൻ തുടങ്ങിയ 52 സ്ഥാപനങ്ങളിൽ നിയമനം പിഎസ്‌സിക്ക് വിട്ടു.
2020 സെപ്‌തംബർ ഒന്നിനും  ഡിസംബർ ഒമ്പതിനുമിടയിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച ആദ്യഘട്ട 100 ദിന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരം സൃഷ്ടിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം നേടി എന്നു മാത്രമല്ല, 1,16,440 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. സർക്കാർ മേഖലയിൽ മാത്രമല്ല, ഉൽപ്പാദന-സേവന മേഖലകളിൽ സംരംഭകത്വത്തിന് അനുകൂലമായ നിക്ഷേപ കാലാവസ്ഥ സൃഷ്ടിച്ച് തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.  ഐടി മേഖലയിൽ 52.44 ലക്ഷം ചതുരശ്ര അടിയിൽ തൊഴിലിടം സൃഷ്ടിച്ചു.  അതോടൊപ്പം, 35.5 ലക്ഷം  ചതുരശ്ര അടി തൊഴിലിടത്തിന്റെ പ്രവൃത്തി നടക്കുന്നു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന്‌ അടിയന്തര പ്രമേയത്തിന്‌ സ്‌പീക്കർ അവതരണാനുമതി നിഷേധിച്ചു. അതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

കർഷക നിയമനിർമാണം  പരിഗണനയിൽ
കർഷകർക്ക് പ്രയോജനകരമായ നിയമനിർമാണം സംസ്ഥാനത്തിന്റെ  പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

കേന്ദ്രനിയമം പ്രാബല്യത്തിൽവന്നാൽ കർഷകരുടെ വരുമാനം കുറയാനും കൃഷി ഉപേക്ഷിക്കാനും സംസ്ഥാനത്ത് ഭക്ഷ്യപ്രതിസന്ധി വർധിക്കാനും സാധ്യതയുണ്ട്. കേരള വിപണിയിലേക്ക് അന്യസംസ്ഥാന കുത്തകകൾ വരുന്നതോടെ കർഷക  ഉൽപ്പന്നങ്ങൾക്ക്  വിലയിടിയും. അഗ്രോ എക്കോളജിക്കൽ സോണുകളിലെ ആവാസ വ്യവസ്ഥ തകരും.

ജനിതകമാറ്റം വരുത്തിയ വിളകൾ അനുമതിയില്ലാതെ കൃഷിചെയ്യുകയും ആരോഗ്യ പാരിസ്ഥിതി പ്രശ്നങ്ങൾക്കിടയാക്കുകയും ചെയ്യും. കമ്പനികൾ നേരിട്ട് വലിയ ഫാമുകൾ സ്ഥാപിക്കുമ്പോൾ മിൽമയുടെ വിപണന ശൃംഖല തകരാനും സ്വകാര്യ പാൽ വിപണി ശക്തി പ്രാപിക്കാനും ഇടവരുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top